വഴക്കു തീര്‍ന്നു!

 സന്ധ്യയ്ക്ക് നടക്കാനിറങ്ങിയതാണ് മുയലച്ചനും മുയലമ്മയും. പക്ഷേ ചെന്ന് പെട്ടതോ, ഒരു പുലിയുടെ മുന്‍പിലും!

ഇനിയിപ്പോള്‍ എന്തു ചെയ്യും? പിടി വീണു കഴിഞ്ഞു.

"എന്തായാലും പുലിയച്ഛനെ കണ്ടത് നന്നായി. എത്ര നേരമായി ഞങ്ങള്‍ അന്വേഷിച്ക് നടക്കുന്നുവെന്നോ? ഇപ്പോഴെങ്കിലും കണ്ടത് നന്നായി" മുയലച്ചന്‍ വേഗം പറഞ്ഞു.


ഇവരെന്തിനാണാവോ എന്നെ അന്വേഷിച്ച് നടക്കുന്നത്? പുലിയച്ചന്‍ ആശയക്കുഴപ്പമായി."എന്തിനാണ് നിങ്ങള്‍ എന്നെ അന്വേഷിച്ചത്?" പുലി ചോദിച്ചു.

"അത് പിന്നെ, ഞങ്ങള്‍ക്ക് പുലിയച്ഛന്‍റെ ഔര്‍ സഹായം വേണം. ഞങ്ങള്‍ കുറെ കാലം ഒന്നിച്ച് ജീവിച്ചു. ഇനി വയ്യ, മടുത്തു. അത് കൊണ്ട് ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്കാകെ ഏഴു മക്കളാണുള്ളത്. അതില്‍ നാലു പേരെ എനിക്കും മൂന്നു പേരെ ഇവള്‍ക്കും എടുക്കാമെന്ന് ഞാന്‍ പറഞ്ഞു. അത് പറ്റില്ലത്രേ! അവള്‍ക്ക് നാല് പേരെ വേണമെന്ന്!  ഈ തര്‍ക്കം തീര്‍ക്കാനാണ് ഞങ്ങള്‍ പുലിയച്ഛനെ തിരഞ്ഞ് പുറപ്പെട്ടത്" മുയലച്ചന്‍ പറഞ്ഞു.

"അതെങ്ങനെ? അമ്മയ്ക്കളെ മക്കളില്‍ കൂടുതല്‍ അവകാശം? എനിയ്ക്ക് നാലു പേരെ വേണം. പുലിയച്ചന്‍ തന്നെ ഇതിന് പരിഹാരം ഉണ്ടാക്കണം." മുയലമ്മ വിട്ടു കൊടുത്തില്ല.

"അതെങ്ങനെ ശരിയാകാനാണ്? നമ്മള്‍ ആണുങ്ങളല്ലെ തീരുമാനിക്കേണ്ടത്? പുലിയച്ചന്‍ കാട്ടിലെ വിവരമുള്ള ആളല്ലെ? ഈ തര്‍ക്കം തീര്‍ത്തു തരണം" മുയലച്ചന്‍ അഭ്യര്‍ത്ഥിച്ചു.

പുലിയച്ചന്‍ ആകെ കുഴങ്ങി. ഇതെന്തു ചെയ്യുമെന്ന് കരുതി നില്‍ക്കവേ മുയലമ്മ പറഞ്ഞു.

"ഒരു കാര്യം ചെയ്യാം. നമുക്ക് പുലിയച്ഛനെ നമ്മുടെ മാളത്തില്‍ കൊണ്ട് പോയി നമ്മുടെ കുട്ടികളെ കാണിക്കാം. അവരെ കണ്ടിട്ട് പുലിയച്ചന്‍ തീരുമാനിക്കട്ടെ, എങ്ങിനെ വീതം വെക്കണമെന്ന്!" മുയലമ്മ പറഞ്ഞു.

ആ നിര്‍ദേശം പുലിയ്ക്കും ഇഷ്ടപ്പെട്ടു. രണ്ടു മുതിര്‍ന്ന മുയലുകളും, ഏഴു മുയല്‍ക്കുട്ടികളും! അവന്‍റെ വായില്‍ വെള്ളമൂറി. ഇന്നത്തെ കണി കൊള്ളാം, നല്ല കുശാലായ സദ്യ! പുലി മുയലുകളുടെ കൂടെ പുറപ്പെട്ടു.

അങ്ങിനെ അവര്‍ മാളത്തിനടുത്തെത്തി. പുലിയെയും മുയലച്ചനെയും പുറത്തു നിറുത്തി മുയലമ്മ അകത്തേയ്ക്ക് പോയി. അകത്തു നിന്നും മുയലമ്മയുടെയും മക്കളുടെയും സംസാരം അവ്യക്തമായി കേള്‍ക്കാം. കുറെ നേരം കഴിഞ്ഞും ആരും പുറത്തു വന്നില്ല. അപ്പോള്‍ മുയലച്ചന്‍ പറഞ്ഞു.

"ഇത് ചതിയാണ്. അവള്‍ മക്കളെ പറഞ്ഞു മയക്കുകയാണ്. ഇനി പുറത്തു വരുമ്പോള്‍ അവര്‍ ചിലപ്പോള്‍ അമ്മ മതിയെന്ന് പറയും. അല്ലെങ്കിലും ഈ സ്ത്രീകള്‍ ഭയങ്കര സൂത്രക്കാരാണ്. ഞാന്‍ പോയി നോക്കിയിട്ട് വരാം"

പുലിയച്ഛനും അത് ശരിയാണെന്ന് തോന്നി. അവന്‍ മുയലച്ചനെ അകത്തു പോകാന്‍ സമ്മതിച്ചു.

മുയലച്ചന്‍ വേഗം മാളത്തിനകത്ത് കടന്നു. പുലി പുറത്തു കാത്തു നിന്നു. നേരം കുറെ കഴിഞ്ഞിട്ടും ആരെയും പുറത്തേയ്ക്ക് കാണുന്നില്ല! പുലിയച്ചന്‍ ഉറക്കെ വിളിച്ച് ചോദിച്ചു.

"അല്ലാ, എന്തായി കാര്യങ്ങള്‍? നിങ്ങള്‍ വേഗം പുറത്തു വരണം. എനിയ്ക്ക് പോയിട്ട് വേറെ പണിയുണ്ട്!"

അപ്പോള്‍ മാളത്തിനകത്ത് നിന്നും മുയലച്ചന്‍ വിളിച്ച് പറഞ്ഞു. "വളരെ നന്ദി പുലിയച്ചാ. പുലിയച്ഛനെ കണ്ടതോടെ ഞങ്ങളുടെ വഴക്കു തീര്‍ന്നു. ഇനി പുലിയച്ചന്‍ കാത്തു നില്‍ക്കേണ്ട. തിരികെ പോയിക്കോള്ളൂ."

ഇളിഭ്യനായ പുലിയച്ചന്‍ വേറെ ഇരയും തേടി പുറപ്പെട്ടു.



Post a Comment

0 Comments