വിശന്ന് വലഞ്ഞു നടക്കൂകയായിരുന്നു കുഞ്ഞനെലി. എന്തെങ്കിലും തിന്നാന്‍ തരപ്പെടുമോ എന്നറിയാന്‍ അവന്‍ എല്ലായിടവും പരാതി നടക്കുകയായിരുന്നു. നടന്ന് നടന്ന് അവന്‍ കാടിന് വെളിയിലുള്ള ഒരു വീടിനടുത്തെത്തി. അതാ, നല്ല നെയ്യപ്പത്തിന്‍റെ മണം! അവന്‍ വേഗം അകത്തു കയറി നോക്കി. ഒരു പൊതിയില്‍ നല്ല നെയ്യപ്പം. അവന്‍ പതിയെ കടിച്ചു നോക്കി. ആവൂ! നല്ല സ്വാദ്! അവിടെയിരുന്ന് തിന്നുന്നത് അപകടമാണ്. വീട്ടുകാര്‍ കണ്ടാല്‍ പിന്നത്തെ കാര്യം പറയണ്ടല്ലോ? കൊതിയന്‍ വേഗം പൊതിയും കടിച്ചെടുത്ത് പുറത്തു കടന്നു.
പൊതിയും കടിച്ചെടുത്ത് അവന്‍ കാട്ടിലേയ്ക്ക് നടന്നു. സ്വൈര്യമായി ഇതൊന്ന് കഴിക്കാന്‍ പറ്റിയ ഇടം കണ്ടെത്തണം. ഇതും ചിന്തിച്ച് കൊതിയോടെ നടക്കവേ മുന്നിലുള്ള വലിയ കുഴി അവന്‍ കണ്ടില്ല.
"പ്ധീം!" ദാ കിടക്കുന്നു കുഴിയില്‍!
അവന്‍ സര്‍വശക്തിയുമെടുത്ത് ചാടി നോക്കി. ഒരു രക്ഷയുമില്ല. ഇത്ര വലിയ കുഴിയില്‍ നിന്നും എങ്ങിനെ പുറത്തു കടക്കാന്‍!
"എന്‍റെ ദൈവമേ!" അവന്‍ അറിയാതെ വിളിച്ച് പോയി
"ആരാണ് ഈ കുഴിയില്‍?" പെട്ടെന്നാണ് ഒരു ചോദ്യം വന്നത്.
"ഞാന്‍ കുഞ്ഞനെലിയാണ്. പുറത്താരാണ്?" കുഞ്ഞനെലി ചോദിച്ചു.
"ഞാന്‍ കറുപ്പന്‍ കരടി!" കരടിയുടെ ശബ്ദം കേട്ടു.
"നീയവിടേ എന്തെടുക്കുകയാണ്" കരടി ചോദിച്ചു.
"അത് പിന്നെ കരടിച്ചേട്ടാ, എനിക്ക് ദൈവത്തിന്‍റെ ഒരു സന്ദേശം കിട്ടി. അതില്‍ ആകാശം ഇടിഞ്ഞു വീഴാന്‍ പോകുകയാണ്. ജീവന്‍ വേണ്ടവര്‍ വല്ല കുഴിയിലും ചാടി ഒളിഞ്ഞിരിക്കുവാന്‍ പറഞ്ഞിട്ടുണ്ട്." അപ്പം പൊതിഞ്ഞിരുന്ന കടലാസെടുത്ത് കാണിച്ചു കൊണ്ട് കുഞ്ഞനെലി പറഞ്ഞു.
"സത്യമാണോ ഇത്?" കരടിയ്ക്ക് വിശ്വാസം വന്നില്ല.
"പിന്നില്ലാതെ? അല്ലെങ്കില്‍ ഞാനീ കുഴിയില്‍ വന്നിരിക്കുമോ?" കുഞ്ഞനെലി ദേഷ്യപ്പെട്ടു.
"ചങ്ങാതീ, ഞാനും കൂടി വരട്ടെ?" കരടി ചോദിച്ചു.
"ഏയ്, അത് ശരിയാകില്ല. നീ തീരെ ശ്രദയില്ലാത്തവനാണ്. നീയെങ്ങാനും തുമ്മിയാല്‍ പിന്നെ എല്ലാവരും ഈ സ്ഥലം കണ്ട്പിടിക്കും. പിന്നെ ആകെ തിരക്കാകും." കുഞ്ഞനെലി സമ്മതിച്ചില്ല.
"ഞാന്‍ ഒരു ശബ്ദവുമുണ്ടാക്കില്ല" കരടി വാഗ്ദാനം ചെയ്തു.
"തുമ്മിയാല്‍ പുറത്തു പോകേണ്ടി വരും" കുഞ്ഞനെലി മുന്നറിയിപ്പ് കൊടുത്തു. കരടി വേഗം കുഴിയിലേയ്ക്ക് ചാടി. എന്നാല്‍ ഇത് കണ്ടു കൊണ്ട് ഒരു പുലി അതിലെ വന്നു. അവനും കാര്യമന്വേഷിച്ചു. ആകാശം ഇടിഞ്ഞു വീഴുമെന്ന് കേട്ട പുലിയും അവനും കുറച്ചു സ്ഥലം കൊടുക്കാന്‍ അപേക്ഷിച്ചു. ഒരു കാരണവശാലും തുമ്മുകയില്ലെന്ന് ഉറപ്പ് വാങ്ങിച്ച് പുലിയെയും കുഞ്ഞനെലി കുഴിയിലെയ്ക്കിറങ്ങാന്‍ സമ്മതിച്ചു.
അധികം താമസിയാതെ ഒരു ചെന്നായ കൂടി അവരോടൊപ്പം ചേര്‍ന്നു.
എല്ലാവരും ഭയത്തോടെ അവിടെ കൂടിയിരിക്കുകയാണ്. പെട്ടെന്ന് എലി ചെന്നായയെ നോക്കി പറഞ്ഞു.
"ഏയ്! നീ തുമ്മാന്‍ പോകുകയാണ് അല്ലേ?"
അതോടെ എല്ലാവരും ചെന്നായയെ നോക്കി.
"ഇല്ലില്ല! ഞാന്‍ തുമ്മുകയില്ല!" ചെന്നായ് വേഗം പറഞ്ഞു.
"തുമ്മിയാല്‍ പിന്നെ നീ പുറത്താണ്!" എലി മുന്നറിയിപ്പ് കൊടുത്തു.
എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചിരിപ്പാണ്.
പെട്ടെന്ന് എലി തന്‍റെ മൂക്കിന്‍റെ തുമ്പത്തു കൈ വെച്ചു. ചെന്നായ അത് കണ്ടു. എലി പറഞ്ഞു.
"ഏയ്! ഞാന്‍ തുമ്മുകയില്ല. ഞാന്‍ വെറുതെ കൈ വെച്ചതാണ്"
എന്നാല്‍ എലി പിന്നീട് ഞെളിപിരി കൊള്ളാന്‍ തുടങ്ങി. അവന്‍ ത്തുമ്മാതിരിക്കാനുള്ള ശ്രമത്തിലാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കി. അവര്‍ അവനെ തന്നെ നോക്കി കൊണ്ടിരുന്നു.
ഒടുക്കം എലിയ്ക്ക് തുമ്മല്‍ അടക്കാനായില്ല!
"ങ്ങ്ഹാഛീ!!!" എലി ഉറക്കെ തുമ്മി.
അതോടെ മറ്റുള്ളവര്‍ ചേര്‍ന്ന് എലിയെ പൊക്കി കുഴിക്ക് വെളിയിലേക്കിട്ടു!
രക്ഷപ്പെട്ട സന്തോഷത്തില്‍ കുഞ്ഞനെലി തന്‍റെ മാളം ലക്ഷ്യമാക്കി യാത്രയായി!
0 Comments