പ്രതിസന്ധികളെ നേരിടാന്‍! - ചിന്താശകലം

 "അച്ഛാ, എനിക്ക് ശരിക്കും ഈ ജീവിതം മടുത്തു. എത്രയെന്ന് വെച്ചാണ് ഓരോന്നും സഹിക്കുന്നത്? ഒരു പ്രശ്നം എങ്ങിനെയെങ്കിലും തീര്‍ത്തു കഴിഞ്ഞാല്‍ അപ്പോള്‍ വരും അടുത്ത പ്രശ്നം! എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല" മകളുടെ പരാതി കേട്ട് ആ അച്ഛന്‍ മറുപടി ഒന്നും പറഞ്ഞില്ല, പകരം ഒന്നു പുഞ്ചിരിച്ചതെയുള്ളൂ.

"അച്ഛന് ഞാന്‍ പറയുന്നത് മനസ്സിലാകുന്നില്ലേ? ഞാന്‍ കാര്യമായിട്ട് പറഞ്ഞതാണ്" മകള്‍ വീണ്ടും പറഞ്ഞു.


"നീ എന്‍റെ കൂടെ വരൂ!" അച്ഛന്‍ മകളെ വിളിച്ചു.

അദ്ദേഹം മകളെ നേരെ അടുക്കളയിലേയ്ക്കാണ് കൊണ്ട് പോയത്. എന്നിട്ട് അദ്ദേഹം മൂന്ന് പാത്രങ്ങളെടുത്ത് അവയില്‍ വെള്ളം നിറച്ച് അടുപ്പത്ത് വെച്ചു. വെള്ളം തിളച്ചു തുടങ്ങിയപ്പോള്‍, അദ്ദേഹം അവയിലൊന്നിലേയ്ക്ക് ഒരു ഉരുളക്കിഴങ്ങും, അടുത്തതിലേയ്ക്ക് ഒരു കോഴിമുട്ടയും, മൂന്നാമത്തെ പാത്രത്തിലേയ്ക്ക് കുറച്ചു കാപ്പിക്കുരുവും ഇട്ടു.

അച്ചനിതെന്താണ് ചെയ്യുന്നതെന്ന് അരിശത്തോടെ നോക്കി നില്‍ക്കുകയായിരുന്ന മകള്‍ക്ക് നേരെ ഒന്നു പുഞ്ചിരിച്ച് അദ്ദേഹം ആ പാത്രങ്ങളിലേയ്ക്ക് ശ്രദ്ധിക്കാന്‍ അവളോടു ആംഗ്യം കാണിച്ചു. അക്ഷമയോടെ അവള്‍ അദ്ദേഹം ചെയ്യുന്നത് നോക്കി നിന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹം തീയണച്ച് മൂന്നു പാത്രങ്ങളും അടുപ്പത്ത് നിന്നും ഇറക്കി വെച്ചു. എന്നിട്ട് ആദ്യം ഉരുളക്കിഴങ്ങും, പിന്നെ കോഴിമുട്ടയും ഓരോ പാത്രങ്ങളിലേയ്ക്ക് മാറ്റി വെച്ചു. മൂന്നാമത്തെ പാത്രത്തിലെ കാപ്പി അദ്ദേഹം ഒരു കപ്പിലേയ്ക്ക് ഒഴിച്ച് വെച്ചു.

ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന മകളോട് എന്താണ് അവള്‍ കാണുന്നതെന്ന്  അദ്ദേഹം ചോദിച്ചു.

"ഇതെന്താണിത്ര ചോദിക്കാന്‍? ഉരുളക്കിഴങ്ങും, മുട്ടയും പിന്നെ കാപ്പിയും! അല്ലാതെന്ത് കാണാന്‍?" മകള്‍ അരിശപ്പെട്ടു.

"അത് ശരി തന്നെ. എന്നാല്‍ നീ ശരിക്കും അവയെ ഒന്നു തൊട്ട് നോക്കൂ. എന്നിട്ട് പറയൂ" അച്ഛന്‍ ആവശ്യപ്പെട്ടു.

അവള്‍ ആദ്യം ഉരുളക്കിഴങ്ങ് എടുത്തു നോക്കി. അവ വെന്തു മൃദുവായിരുന്നു. പിന്നീട് അവള്‍ കോഴിമുട്ട എടുത്തു നോക്കി. പുഴുങ്ങിയ ഉറച്ച കോഴിമുട്ട തിരിച്ചും മറിച്ചും നോക്കി അവള്‍ താഴെ വെച്ചു. അതിന് ശേഷം അച്ഛന്‍ പറഞ്ഞ പ്രകാരം അവള്‍ കപ്പില്‍ നിന്നും കുറച്ചു കാപ്പി എടുത്തു രുചിച്ച് നോക്കി. കാപ്പിയുടെ രുചിയും സുഗന്ധവും ആസ്വദിച്ച് കൊണ്ട് അവള്‍ അച്ഛനോട് ചോദിച്ചു.

"ഞാന്‍ ഇവ മൂന്നും ദാ തൊട്ടും രുചിച്ചും നോക്കി. എനിക്ക് പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയില്ല. അച്ചനെന്താണ് ഇത് കൊണ്ട് ഉദ്ദേശിച്ചതെന്നും മനസ്സിലായില്ല!" മകള്‍ അച്ഛനെ നോക്കികൊണ്ട് പറഞ്ഞു.

ഒരു ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു.

"നോക്കൂ, ആ മൂന്ന് വസ്തുക്കളും ഒരേ സമയം ഒരേ തരം പ്രശ്നത്തെയാണ് നേരിടേണ്ടി വന്നത്, തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തെ! പക്ഷേ നീ ഒന്ന് ശ്രദ്ധിച്ച് നോക്കൂ, എങ്ങിനെയാണ് അവ മൂന്നും ആ പരിതസ്ഥിതിയെ നേരിട്ടതെന്ന്!"

"ഉറച്ച, ശക്തനായ ഉരുളക്കിഴങ്ങ് കണ്ടില്ലേ തിളച്ച വെള്ളത്തില്‍ കിടന്ന് മൃദുവായത്? തികച്ചും ദുര്‍ബലനായ കോഴിമുട്ടയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. തിളച്ച വെള്ളത്തില്‍ കിടന്ന് അത് ഉറച്ചതായി മാറി. എന്നാല്‍ കാപ്പിക്കുരുവാകട്ടെ ആ തിളച്ച വെള്ളത്തിലെത്തിയതും ആ വെള്ളത്തെ തന്നെ സുഗന്ധപൂരിതവും, ആസ്വാദ്യകരവുമായി മാറ്റി."

"ഇതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ഒരു പ്രതിസന്ധിയെ നേരിടുമ്പോള്‍ എങ്ങിനെയാണ് പ്രതികരിക്കേണ്ടത്? ഉരുളക്കിഴങ്ങിനെപ്പോലെ തളര്‍ന്ന് പോകാണോ, കോഴിമുട്ടയുടെ പോലെ ഉറച്ചു പോകണോ, അതോ കാപ്പിക്കുരുവിനെ പോലെ ആ പ്രതികൂലമായ പരിതസ്ഥിതിയെ നേരിട്ട് ആസ്വാദ്യകരമാക്കി മാറ്റണോ? എങ്ങിനെ പ്രതികരിക്കണം, എന്തായി മാറണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. എന്തു പ്രതിസന്ധിയെയും സധൈര്യം നേരിട്ട് അവ തനിക്കനുകൂലമായി മാറ്റാന്‍ ശ്രമിക്കുകയാണ് വേണ്ടത്, അല്ലാതെ തളരുകയോ, ഒട്ടും വിട്ടുകൊടുക്കാതെ ദൃഢമാകുകയോ അല്ല ചെയ്യേണ്ടത്!"



Post a Comment

0 Comments