വാഷിങ്ടണിലെ ഒരു തെരുവീഥിയില്‍ നാലു സൈനികര്‍ ചേര്‍ന്ന് ഒരു വലിയ മരത്തടി ഒരു ഉന്തുവണ്ടിയില്‍ കയറ്റാനുള്ള ശ്രമത്തിലാണ്. അവരുടെ അടുത്ത് തന്നെ അവരുടെ നേതാവായ ഒരു കോര്‍പ്പറല്‍ അവര്‍ക്കുള്ള നിര്ദേശങ്ങള്‍ നല്കി കൊണ്ട് നില്‍ക്കുന്നുണ്ട്.
നല്ല ഭാരമുള്ള ആ മരത്തടി അവര്‍ ഒരു വിധത്തില്‍ തള്ളി വണ്ടിയിലേയ്ക്ക് കയറ്റുമെങ്കിലും, അടുത്ത നിമിഷം തന്നെ അത് ഉരുണ്ടു താഴേയ്ക്ക് വീഴും. ഓരോ തവണയും അവര്‍ ശ്രമിച്ച് കൊണ്ടേയിരുന്നു. എന്നാല്‍ അവരുടെ ശ്രമങ്ങളെല്ലാം പാഴിലായിക്കൊണ്ടേയിരുന്നു. അവരുടെ നേതാവാകട്ടെ ഓരോ തവണയും അവരെ ശകാരിച്ച് കൊണ്ടേയിരുന്നു.
"എന്താണ് നിങ്ങളീ കാണിക്കുന്നത്? ഇത്ര നേരമായിട്ടും അതൊന്ന് വണ്ടിയിലേയ്ക്ക് കയറ്റാന്‍ ആയില്ലേ?" കോര്‍പ്പറല്‍ അവരെ ശകാരിച്ചു.
ആ സൈനികര്‍ ആകെ നിരാശരായി നില്‍ക്കുമ്പോഴാണ് ഒരാള്‍ കുതിരപ്പുറത്ത് ആ വഴി വന്നത്. കുറച്ചു നേരം അവരുടെ പരിശ്രമം കണ്ടു നിന്ന അയാള്‍ ആ കോര്‍പ്പറലിനെ സമീപിച്ച് ചോദിച്ചു.
"താങ്കള്‍ കൂടി ഒന്നു സഹായിക്കുകയാണെങ്കില്‍ അവര്‍ക്ക് അത് അനായാസം കയറ്റാന്‍ കഴിയില്ലെ?"
"അതെന്‍റെ ജോലിയല്ല. ഞാന്‍ അവരുടെ നേതാവാണ്. അവരെ കൊണ്ട് ജോലി ചെയ്യിക്കുക എന്നതാണ് എന്‍റെ ഉത്തരവാദിത്തം!" കോര്‍പ്പറല്‍ മറുപടി പറഞ്ഞു.
ഇത് കേട്ട ആ വ്യക്തി ഉടന്‍ തന്നെ ആ സൈനികരുടെ ഒപ്പം ചേര്‍ന്ന് അവരെ ആ മരത്തടി വണ്ടിയില്‍ കയറ്റാന്‍ സഹായിച്ചു. അയാള്‍ കൂടി ചേര്‍ന്നപ്പോള്‍ അവര്‍ക്ക് ആ തടി അനായാസം വണ്ടിയില്‍ കയറ്റാന്‍ സാധിച്ചു.
എല്ലാം കണ്ടു കൊണ്ട് നിന്നിരുന്ന നേതാവിന്റെ അടുത്ത് ചെന്ന് ആഗതന്‍ പറഞ്ഞു.
"ഇനിയും ഇത് പോലെയുള്ള എന്തെങ്കിലും ജോലി ചെയ്യാന്‍ നിങ്ങളുടെ പദവി നിങ്ങള്‍ക്കൊരു തടസ്സമാകുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമാന്‍ററായ എന്നോട് ആവശ്യപ്പെടാം. സഹായിക്കാന്‍ എനിയ്ക്ക് സന്തോഷമേയുള്ളൂ"
അവരുടെയെല്ലാം കമാന്‍ററായ ജോര്‍ജ് വാഷിങ്ങ്ടണ്‍ ആയിരുന്നു ആ വ്യക്തി.
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡൻറ് ആയിരുന്നു ജോര്‍ജ് വാഷിങ്ങ്ടണ്‍. അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സർവസൈന്യാധിപൻ ആയ അദ്ദേഹം ബ്രിട്ടനെതിരായി അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തെ നയിച്ച് വിജയം നേടി.
0 Comments