ചിന്താശകലം

ഒന്നു ചിന്തിക്കാന്‍, പ്രേരണാദായിയായ ഒരു കൊച്ചു കഥ!

ഒരിടത്ത് പശസ്തനായ ഒരു സന്യാസിവര്യന്‍ ഉണ്ടായിരുന്നു. ദൂരെ ദിക്കില്‍ നിന്നും വരെ അദ്ദേഹത്തിന്‍റെ വചനങ്ങള്‍ കേള്‍ക്കാനും അദ്ദേഹത്തിന്‍റെ അനുഗ്രഹം തേടാനും ജനങ്ങള്‍ എത്താറുണ്ടായിരുന്നു.

വരുന്നവരില്‍ അധികം പേരും അദ്ദേഹത്തോട് ഒരേ കഷ്ടപ്പാടും സങ്കടങ്ങളും തന്നെയാണ് എന്നും ഉണര്‍ത്തിയിരുന്നത്. അദ്ദേഹം പറയുന്ന ആശ്വാസ വചനങ്ങളും ഉപദേശങ്ങളും കേട്ടു തിരിച്ച് പോകുന്നവര്‍, അടുത്ത തവണയും അതേ പരാതികളുമായി വീണ്ടുമെത്തും.

അന്ന് തന്‍റെ ചുറ്റും കുടിയിരിക്കുന്ന ആള്‍ക്കൂട്ടത്തോട് സന്യാസി ഒരു തമാശ പറഞ്ഞു. ജനക്കൂട്ടം പൊട്ടിച്ചിരിച്ചു. സന്യാസി തന്‍റെ പ്രഭാഷണം തുടര്‍ന്നു.

കുറച്ചു സമയത്തിന് ശേഷം അദ്ദേഹം വീണ്ടും അതേ തമാശ തന്നെ പറഞ്ഞു. ഇത്തവണ ആള്‍ക്കൂട്ടത്തില്‍ നിന്നും പഴയ പൊട്ടിച്ചിരി ഉണ്ടായില്ല. ചിലയാളുകള്‍ മാത്രം അത് കേട്ടു വീണ്ടും ചിരിച്ചു. സന്യാസി തന്‍റെ പ്രഭാഷണം തുടര്‍ന്നു.

ഇടയ്ക്കു വീണ്ടും അദ്ദേഹം പഴയ തമാശ ആവര്‍ത്തിച്ചു. ഇപ്രാവശ്യം ആളുകള്‍ ആരും തന്നെ ചിരിച്ചില്ലെന്ന് മാത്രമല്ല, അവര്‍ സന്യാസിക്ക് ഇതെന്തു പറ്റി എന്ന് പരസ്പരം പറഞ്ഞു. ഇങ്ങിനെ പതിവില്ലാത്തതാണല്ലോ? അവര്‍ ചിന്തിച്ചു.

തന്‍റെ ചുറ്റും കൂടിയിരിക്കുന്നവരുടെ ഉള്ളിലെ ചോദ്യം സന്യാസിക്ക് മനസ്സിലായി. അദ്ദേഹം അത് പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ഒരു പുഞ്ചിരിയോടെ അദ്ദേഹം അവരോട് ചോദിച്ചു.

"ഞാന്‍ പറഞ്ഞ തമാശ ഞാന്‍ ആവര്‍ത്തിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആര്‍ക്കും  വീണ്ടും ചിരിക്കാന്‍ പറ്റാത്തത് എന്തു കൊണ്ടാണ്? വീണ്ടും കേള്‍ക്കുമ്പോള്‍ അസഹനീയമായി തോന്നുന്നല്ലേ? എങ്കില്‍ പിന്നെ എന്തു കൊണ്ടാണ് ഒരേ പ്രശ്നം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നിങ്ങള്‍ കരഞ്ഞു കൊണ്ടേയിരിക്കുന്നത്? ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ നേരിടാനാണ് ശ്രമിക്കേണ്ടത്, അല്ലാതെ അവയെക്കുറിച്ചാലോചിച്ച് ദുഖിച്ച് പരാതി പറഞ്ഞു കൊണ്ടേയിരുന്നാല്‍ അവ ഒരിയ്ക്കലും പരിഹരിക്കപ്പെടില്ല"

Post a Comment

0 Comments