ശരിയായ മാതൃക

ഒരിടത്ത് മുഴുക്കുടിയനായ ഒരാളുണ്ടായിരുന്നു. എങ്ങിനെയെങ്കിലും ആരെ പറ്റിച്ചിട്ടാണെങ്കിലും അയാള്‍ കുറച്ചു കാശുണ്ടാക്കും. അല്ലെങ്കില്‍ വീട്ടു സാധനങ്ങള്‍ എടുത്തു വില്‍ക്കും, എന്നിട്ട് മൂക്ക് മുട്ടെ കുടിക്കും. നാട് നീളെ അടിയുണ്ടാക്കും. രാത്രി വൈകി വീട്ടിലെത്തിയാല്‍ ഭാര്യയെ തെറി വിളിക്കുകയും തല്ലുകയും ചെയ്യും. അയല്‍പക്കക്കാര്‍ക്കും നാട്ടുകാര്‍ക്കുമൊന്നും അയാളെ കാണുന്നതെ ഇഷ്ടമല്ല.അയാള്‍ക്ക് രണ്ടാണ്‍മക്കളാണ് ഉണ്ടായിരുന്നത്. അവരുടെ കാര്യത്തിലൊന്നും അയാള്‍ക്ക് ഒരു ശ്രദ്ധയുമില്ലായിരുന്നു. ഇടയ്ക്ക് അയാള്‍ അവരേയും പിടിച്ച് തല്ലും.

അങ്ങിനെയിരിക്കെ ഒരു ദിവസം അയാള്‍ മരണപ്പെട്ടു. പിന്നീടുള്ള കാലം ആ അമ്മയും മക്കളും വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചത്. പണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും മുന്‍പത്തെക്കാള്‍ മനസമാധാനം ആ സ്ത്രീക്കുണ്ടായിരുന്നു.

അയാളുടെ രണ്ട് മക്കളും വളര്‍ന്ന് വലുതായി. മൂത്തയാള്‍ അച്ചനെപ്പോലെ തന്നെ ഒരു മുഴുക്കുടിയനും തല്ല് കൊള്ളിയുമായിതീര്‍ന്നു. നീയെന്താണിങ്ങനെ എന്ന് ചോദിക്കുന്നവരോട് അവന്‍ സ്ഥിരമായി ഒറ്റ മറുപടിയാണ് പറഞ്ഞിരുന്നത്.
"എന്നെ ഇങ്ങനെയാക്കിയത് എന്‍റെ അച്ചനാണ്. അയാള്‍ കാരണമാണ് ഞാന്‍ നശിച്ചു പോയത്. അയാള്‍ക്ക് എന്‍റെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലായിരുന്നു. എന്‍റെ ജീവിതം അയാള്‍ നശിപ്പിച്ചു"

എപ്പോഴും തന്‍റെ അച്ഛനെ കുറ്റം പറഞ്ഞു ഒരു പണിയും ചെയ്യാതെ തെണ്ടിതിരിഞ്ഞു നടന്നു അയാള്‍.

രണ്ടാമത്തെ മകനാകട്ടെ ചെറുപ്പത്തിലെ അമ്മയെ പണിയിലെല്ലാം സഹായിച്ചു. നന്നായി പഠിച്ചു. പല വിധ ജോലികളും ചെയ്തു കൂടുതല്‍ പഠിക്കാനുള്ള പണം കണ്ടെത്തി. ഉന്നത വിദ്യാഭ്യാസം നേടിയ അയാള്‍ നാട്ടിലെ കളക്ടറായി മാറി. ഉന്നത സ്ഥാനത്തെത്തിയ അയാള്‍ക്ക് ഗ്രാമവാസികള്‍ ഒരു സ്വീകരണം ഏര്‍പ്പെടുത്തി.

സ്വീകരണ ശേഷം നടന്ന ഇന്റെര്‍വ്യൂവില്‍ ഒരു പത്രക്കാരന്‍ അദ്ദേഹത്തോട് ചോദിച്ചു.

"ഈ വിജയങ്ങള്‍ക്ക് ആരായിരുന്നു അങ്ങയുടെ മാതൃക?"

"എന്‍റെ അച്ഛനായിരുന്നു എന്‍റെ മാതൃക." അദ്ദേഹം മറുപടി പറഞ്ഞു.

അദ്ദേഹത്തിന്റെ അച്ചനാരായിരുന്നുവെന്ന് നന്നായി അറിയാമായിരുന്ന പത്രക്കാരന്‍ അമ്പരന്ന് നില്‍ക്കേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ജീവിതത്തിലൊരിക്കലും ഒരു മനുഷ്യന്‍ ആരായിത്തീരരുതെന്ന് എന്നതിന്റെ മാതൃക എന്‍റെ അച്ഛനായിരുന്നു. എന്‍റെ അച്ഛനെ കണ്ടാണ് ജീവിതത്തില്‍ മുന്നേറണമെന്നും വിജയിക്കണം എന്നും ഞാന്‍ തീരുമാനിച്ചത്. അച്ഛന്‍ എന്‍റെ ജീവിതത്തില്‍ കൊണ്ട് വന്ന ആ ഇരുട്ടാണ് വെളിച്ചത്തിലേയ്ക്ക് എന്നെ നയിച്ചത്!"

നോക്കൂ, ഒരേ വ്യക്തി തന്നെ എങ്ങനെയാണ് തന്‍റെ രണ്ടു മക്കളെ സ്വാധീനിച്ചതെന്ന്. മഹദ് വ്യക്തികള്‍ മാത്രമല്ല, മോശം വ്യക്തികളും നമുക്കുള്ള മാതൃക തന്നെയാണ് - നാം എന്തായിത്തീരരുത് എന്നതിനുള്ള മാതൃക.Post a Comment

0 Comments