ഹോജയുടെ വീട്ടില്‍ ഒരു ഘടികാരം ഇല്ലായിരുന്നു. സമയം നോക്കാന്‍ ഒരു ഘടികാരം അത്യാവശ്യമായത് കൊണ്ട് ഹോജ ചന്തയില്‍ പോയി ഒരു ഘടികാരം വാങ്ങിച്ച് കൊണ്ട് വന്നു.
ഘടികാരം ചുമരില്‍ ഉറപ്പിക്കാന്‍ വേണ്ടി നോക്കിയപ്പോഴാണ് വീട്ടില്‍ ഒരു ആണിയോ ചുറ്റികയോ ഇല്ലെന്നുള്ള കാര്യം ഹോജ ഓര്‍ത്തത്. എന്തായാലും അയല്‍പക്കത്ത് നിന്നും ഒരാണിയും ചുറ്റികയും വാങ്ങി കാര്യം സാധിക്കാമെന്ന് ഹോജ കരുതി. വേഗം തന്നെ ഹോജ അയല്‍ക്കാരന്‍റെ വീട്ടിലേയ്ക്ക് നടന്നു.
സമയം സന്ധ്യയായല്ലോ എന്ന് പിന്നീടാണ് ഹോജ ഓര്‍ത്തത്. ഈ നേരത്ത് ആണിയും ചുറ്റികയും ചോദിച്ച് ചെന്നാല്‍ അയല്‍ക്കാരന്‍ എന്തു കരുതും? ഹോജ ചിന്തിച്ചു. വേണ്ട, എന്നാല്‍ പിന്നെ നാളെ രാവിലെ ആയിക്കളയാം. അങ്ങിനെ തീരുമാനിച്ച് ഹോജ തിരികെ വീട്ടിലേയ്ക്ക് കയറി.
പിറ്റേ ദിവസം രാവിലെ തന്നെ തന്നെ ആണിയും ചുറ്റികയും വാങ്ങാനായി ഹോജ ഇറങ്ങി. അപ്പോഴാണ് ഹോജയ്ക്കു തോന്നിയത്.
"അതിരാവിലെ തന്നെ ചുറ്റികയും ആണിയും കടം ചോദിച്ച് വന്നിരിക്കുന്നു, ദരിദ്രവാസി" എന്നെങ്ങാനും അയല്‍ക്കാരന്‍ കരുതിയാലോ? എന്തായാലും ഉച്ച വരെ കാക്കാം.
ഉച്ചയായപ്പോള്‍ ഇനി നട്ടുച്ചക്ക് ചുറ്റികയും ആണിയും തേടി ചെല്ലുമ്പോള്‍, "ഭക്ഷണ സമയം നോക്കി തന്നെ വന്നുവല്ലോ ഈ കുരിശ്!" എന്ന് അയല്‍ക്കാരന്‍ കരുതിയാലോ എന്നായി ഹോജയുടെ ചിന്ത.
ഇങ്ങിനെ ഓരോന്ന് ചിന്തിച്ച് എല്ലാ പ്രാവശ്യം ഹോജ തന്‍റെ ആവശ്യം പറയാന്‍ മടിച്ചു. എന്നിട്ടോ? മൂന്നുനാലു ദിവസം അങ്ങിനെ കടന്ന് പോയി. ചുറ്റികയും ആണിയും ഇല്ലാതെ ഘടികാരം ചുമരില്‍ ഉറപ്പിക്കാനാകാതെ ഹോജ കുഴങ്ങി.
നാലാം ദിവസം ഹോജ നേരെ അയല്‍ക്കാരന്‍റെ വീട്ടിലേയ്ക്ക് കയറിച്ചെന്നു.
"തന്‍റെ ഒരു ചുറ്റികയും ആണിയും! താന്‍ തന്നെ വെച്ചോ. എനിക്കെങ്ങും ആവശ്യമില്ല കേട്ടോ. എനിക്കു വേണ്ടത് ഞാന്‍ ചന്തയില്‍ നിന്നു വാങ്ങിക്കൊള്ളാം. അല്ല പിന്നെ!"
കാര്യമൊന്നുമറിയാത്ത ആയല്‍വാസി അന്തം വിട്ടു നില്‍ക്കേ, ഹോജ സമാധാനത്തോടെ തിരികെ നടന്നു.
2 Comments
Funny story 🤣.... fun fact - wall clock was invented in 1656 and Hoja died in 1285
ReplyDeleteThank you
Delete