സുരക്ഷിതമായ സ്ഥലം - തെനാലി രാമന്‍ കഥ


 

ഒരിയ്ക്കല്‍ തെനാലി രാമാന്‍ ഒരു ദൂരയാത്ര പുറപ്പെട്ടു. ഇടയ്ക്ക് ഒരു കാട് കടന്ന് വേണം പോകാന്‍. ധാരാളം കള്ളന്മാര്‍ ആ കാട്ടുവഴിയില്‍ ഉണ്ടാകാറുണ്ടെന്നും, അതിലെ പോകുന്നവരെ അവര്‍ കൊള്ളയടിക്കാറുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നിരുന്നാലും രാമന് ഒരു കൂസലുമില്ലായിരുന്നു.

കാടിനടുത്തെത്താറായപ്പോള്‍ രാമന് മറ്റൊരു യാത്രക്കാരനെ കൂട്ടുകിട്ടി. അയാള്‍ ഒറ്റയ്ക്ക് കാട് കടക്കണമല്ലോ എന്ന് ഭയന്ന് നില്‍ക്കുകയായിരുന്നു. രാമനെ കണ്ടതും അയാള്‍ക്ക് സമാധാനമായി. 

"ഞാനാകെ ഭയന്ന് നില്‍ക്കുകയായിരുന്നു. താങ്കള്‍ വന്നത് നന്നായി. ഇനി നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം. അപ്പോള്‍ പിന്നെ കള്ളന്മാരെ ഭയക്കേണ്ടല്ലോ?" അയാള്‍ പറഞ്ഞു.

"ഓ! അതിനെന്താ? ഒരുമിച്ച് തന്നെ യാത്ര ചെയ്യാം" തെനാലി രാമന്‍ സമ്മതിച്ചു. അങ്ങിനെ രണ്ടു പേരും ഒരുമിച്ച് യാത്രയായി. ഓരോ കഥകളും കാര്യങ്ങളും പറഞ്ഞു അവര്‍ നടന്നു. 

കുറെ നടന്ന് വൈകുന്നേരമായപ്പോള്‍ അവര്‍ ഒരു സത്രത്തിനടുത്തെത്തി. ഉടനെ തന്നെ യാത്രക്കാരന്‍ പറഞ്ഞു.

"നമുക്ക് ഇന്ന് രാത്രി ഇവിടെ കഴിയാം. ഉറങ്ങി വിശ്രമിച്ചിട്ട് നാളെ രാവിലെ യാത്ര തുടരാം."

തെനാലി രാമനും അത് സമ്മതമായിരുന്നു. അദ്ദേഹം യാത്ര ചെയ്തു തളര്‍ന്നിരുന്നു. അത് കൊണ്ട് തന്നെ അവര്‍ സത്രത്തില്‍ ഒരു മുറിയെടുത്ത് താമസിക്കാന്‍ തീരുമാനിച്ചു. സത്രമുടമ രണ്ടു പേര്‍ക്കുമുള്ള കിടക്കയൊരുക്കി കൊടുത്തു.

മുറിയിലെത്തി അധികം താമസിയാതെ അവര്‍ ഉറങ്ങാന്‍ കിടന്നു. അതിനിടയില്‍ എന്തിനോ പുറത്തു പോയ അദ്ദേഹത്തിന്റെ സഹയാത്രികന്‍ തിരികെ എത്തിയപ്പോഴേയ്ക്കും രാമന്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. രാമന്‍ നല്ല ഉറക്കമാണെന്ന് കണ്ടതും സഹയാത്രികനായ ആള്‍ പതുങ്ങി പതുങ്ങി അദ്ദേഹത്തിന്റെ അടുത്തെത്തി. 

സത്യത്തില്‍ അയാള്‍ ഒരു കള്ളനായിരുന്നു. യാത്രക്കാരുടെ കൂടെ സൂത്രത്തില്‍ കൂടി തരം കിട്ടുമ്പോള്‍ വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നെടുക്കുന്ന ഒരു കള്ളന്‍. രാമന്റെ കയ്യിലുള്ളതെല്ലാം അപഹരിക്കാന്‍ വേണ്ടിയാണ് അയാള്‍ അദ്ദേഹത്തിന്റെ കൂടെ കൂടിയത്.

സമയം കളയാതെ അയാള്‍ രാമന്‍റെ ഭാണ്ഡം തുറന്ന് പരിശോധിക്കാന്‍ തുടങ്ങി. അതിനുള്ളിലുള്ള എല്ലാം വലിച്ചു പുറത്തിട്ടിട്ടും വിലപിടിപ്പുള്ള ഒന്നും തന്നെ കിട്ടിയില്ല. അയാള്‍ പിന്നീട് രാമന്റെ തലയണ പതിയെ പൊക്കി നോക്കി. എന്തു കാര്യം! ഒന്നും തന്നെ കിട്ടിയില്ല.

"ഇയാളീ പണവും മറ്റും എവിടെ വെച്ചു? ഒരു പണമോ സ്വര്‍ണമോ ഇല്ലാതെയാണോ ഈ മനുഷ്യന്‍ ദൂരയാത്രക്കിറങ്ങിയത്?" അയാള്‍ സ്വയം പറഞ്ഞു.

ഒടുവില്‍ പരിശോധനയെല്ലാം നിറുത്തി അയാള്‍ നിരാശയോടെ ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് രാവിലെ തെനാലി രാമന്‍ നേരത്തെയുണര്‍ന്നു. എന്നിട്ട് മറ്റെയാളെ വിളിച്ചുണര്‍ത്തി. അയാള്‍ എഴുന്നേറ്റതും തെനാലി രാമന്‍ അയാളുടെ തലയണ പതുക്കെ ഉയര്‍ത്തി അതിനടിയില്‍ നിന്നും തന്‍റെ പണസഞ്ചി പുറത്തെടുത്ത് തന്‍റെ ഭാണ്ഡത്തില്‍ വെച്ചു.

ഇതെല്ലാം കണ്ടു നിന്ന കള്ളന്‍ വാ പൊളിച്ച് നിന്നു പോയി.

"ഇന്നലെ ഇത് തിരഞ്ഞ് കുറെ കഷ്ടപ്പെട്ടു അല്ലേ?" രാമന്‍ അയാളോട് ചോദിച്ചു.

അയാള്‍ ഒന്നും മിണ്ടാതെ വെറുതെ തലയാട്ടി.

"നിങ്ങളോര്രു കളനാണെന്ന് എനിക്കാദ്യമേ മനസ്സിലായി. അത് കൊണ്ട് രാത്രി ഞാന്‍ എന്റെ പണസഞ്ചി വളരെ സുരക്ഷിതമായ ഒരു സ്ഥലത്തു വെക്കണമെന്ന് തീരുമാനിച്ചു. അതാണ് തന്‍റെ തലയണയ്ക്കടിയില്‍ വെച്ചത്. അവിടെയാകുമ്പോള്‍ താന്‍ എന്തായാലും തിരയില്ലെന്ന് എനിക്കറിയാമായിരുന്നു." രാമന്‍ വിശദീകരിച്ചു.

രാമന്‍ പറയുന്നതു കേട്ട് അയാള്‍ ഇളിഭ്യനായി നിന്നു.

അയാളോട് യാത്ര പറഞ്ഞു രാമന്‍ തന്‍റെ വഴിയേ യാത്ര തുടര്‍ന്നു.

Post a Comment

0 Comments