പേനയുടെ വില

കൂട്ടുകാര്‍ ജെആർഡി ടാറ്റയെ കുറിച്ച് കേട്ടിട്ടില്ലേ? ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പിന് അരനൂറ്റാണ്ടുകാലം നേതൃത്വം നൽകിയ വ്യവസായ പ്രമുഖന്‍.

ഇന്ത്യയുടെ ചരിത്രത്തിൽ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന ലഭിച്ച ഒരേയൊരു വ്യവസായിയാണ് ജെആർഡി ടാറ്റ എന്ന ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റ. വാണിജ്യ പൈലറ്റ് ലൈസൻസ് നേടിയ ആദ്യ ഇന്ത്യൻ പൗരനാണ് ജെആർഡി ടാറ്റ.



രാജ്യത്തിന്റെ സാമ്പത്തികവളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യവസായ പ്രമുഖനായ ടാറ്റയുടേതായി പറയപ്പെടുന്ന ഒരു സംഭവ കഥയാണിത്.

ഒരിയ്ക്കല്‍ സംസാരമദ്ധ്യേ, അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് ടാറ്റയോട് തന്‍റെ ഒരു വിഷമം പറഞ്ഞു. കേട്ടാല്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും സുഹൃത്തിനെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നം ആയിരുന്നു അത്.

സംഗതി മറ്റൊന്നുമല്ല, അദ്ദേഹം എപ്പോഴും തന്‍റെ പേന എവിടെയെങ്കിലും മറന്ന് വെക്കും. ഒരു പാട് പേനകള്‍ അദ്ദേഹത്തിന് തന്‍റെ ഈ അലസതയും, മറവിയും മൂലം നഷ്ടപ്പെട്ടിട്ടുണ്ട്.

സുഹൃത്തിന്റെ സങ്കടം കേട്ട ടാറ്റ ഒരു പരിഹാരം നിര്‍ദ്ദേശിച്ചു. മറ്റൊന്നുമല്ല, ലഭ്യമായതില്‍ വെച്ചു ഏറ്റവും വില പിടിപ്പുള്ള ഒരു പേന വാങ്ങാന്‍!

ടാറ്റയുടെ ഉപദേശ പ്രകാരം സുഹൃത്ത് വലിയ വില കൊടുത്ത് ഒരു സ്വര്‍ണ്ണനിര്‍മിതമായ പേന വാങ്ങി.

വളരെ നാളുകള്‍ക്ക് ശേഷം സുഹൃത്തിനെ വീണ്ടും കണ്ട്മുട്ടിയപ്പോള്‍ ടാറ്റ അദ്ദേഹത്തോട് പേന നഷ്ടപ്പെട്ടോ എന്ന് ചോദിച്ചു.

"ഏയ്! ആ പേന എന്‍റെ കയ്യില്‍ തന്നെയുണ്ട്, നഷ്ടപ്പെട്ടിട്ടേയില്ല." സുഹൃത്ത് അഭിമാനപൂര്‍വ്വം പറഞ്ഞു.

"അത് ആ പേന വളരെ മൂല്യമേറിയത് കൊണ്ടും, അതിന്റെ മൂല്യം നിങ്ങള്‍ തിരിച്ചരിയുന്നത് കൊണ്ടുമാണ്. അങ്ങിനെ ഒരു വസ്തു നിങ്ങള്‍ ഒരിയ്ക്കലും അശ്രദ്ധമായി കൈകാര്യം ചെയ്യുകയില്ല."

പലതും നാം മറക്കുന്നതും, അവഗണിക്കുന്നതും അവയ്ക്ക് നാം അത്ര വില കല്‍പ്പിക്കാത്തത് കൊണ്ടാണ്. പഠിക്കുന്നത് മറക്കുന്നതും അതിന് നാം വേണ്ട മൂല്യം കല്‍പ്പിക്കാത്തത് കൊണ്ടാണ്. 

ടാറ്റയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://mediamangalam.com/air-india-bid-tata-group/



Post a Comment

0 Comments