താന്‍ കുഴിച്ച കുഴിയില്‍

 കിഴവന്‍ സിംഹത്തിന് തീരെ വയ്യ. നടക്കാന്‍ തന്നെ വല്ലാത്ത ബുദ്ധിമുട്ട്! അപ്പോള്‍ പിന്നെ ഇര പിടിക്കുന്ന കാര്യമോ? ഒരു രക്ഷയുമില്ല. വല്ല വിധേനയുമൊക്കെയാണ് ഏതെങ്കിലും മൃഗത്തെ പിടിക്കുന്നത്. ഇങ്ങിനെയായാല്‍ പട്ടിണി കിടന്ന് ചാകത്തേയുള്ളൂ എന്ന് സിംഹത്തിന് ബോധ്യമായി.  ബുദ്ധിമുട്ടില്ലാതെ ഇര പിടിക്കാന്‍ സിംഹം ഒരു ഉപായം കണ്ടെത്തി.


സിംഹം തന്‍റെ കാട് വിട്ടു അടുത്ത കാട്ടിലേയ്ക്ക് മാറി. കാരണം താന്‍ ഇത് വരെ താമസിച്ചിരുന്ന കാട്ടില്‍ താന്‍ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ലെന്നറിയാം. പുതിയ കാട്ടില്‍ എത്തിയ സിംഹം അവിടെ ഒരു നല്ല ഗുഹ കണ്ടെത്തി. എന്നിട്ട് ഒരു വൈദ്യനായി അഭിനയിച്ചു. സൌജന്യ ചികിത്സ എന്നൊരു ബോര്‍ഡും വെച്ചു.

തന്‍റെയടുത്ത് ചികിത്സക്കെത്തിയ ചെറു മൃഗങ്ങളെ സിംഹം പിടിച്ച് തിന്നു കൊണ്ടിരുന്നു. കാര്യങ്ങള്‍ വളരെ ഭങ്ങിയായി അങ്ങിനെ നീങ്ങി. 

അങ്ങിനെയിരിക്കേ. ഒരു ദിവസം സിംഹത്താന്‍ വിശന്ന് വളഞ്ഞിരിപ്പാണ്. വൈദ്യനെ തേടി അന്നാരും വന്നിട്ടില്ല. സിംഹം പതിയെ ഗുഹയ്ക്ക് പുറത്തിറങ്ങി. അപ്പോഴാണ് ഒരു കുതിര ആ വഴി വന്നത്.  സിംഹം വിളിച്ച് പറഞ്ഞു.

"ഏയ് സുഹൃത്തേ, ഞാന്‍ ഇവിടെ പുതുതായി വന്ന ഒരു വൈദ്യനാണ്. ഏത് രോഗവും ഞാന്‍ സൌജന്യമായി ചികിത്സിക്കും"

കുതിര  സിംഹത്തെ ഒന്ന് നോക്കി. അവന് സിംഹത്തിന്‍റെ അവകാശവാദം അത്ര ശരിയായി തോന്നിയില്ല. കുതിര ഒരു ചിരി ചിരിച്ചു അവന്‍റെ വഴിയേ പോയി.  സിംഹം ഇളിഭ്യനായി നോക്കി നിന്നു.

എന്നാല്‍ സിംഹത്തെ അത്ഭുതപ്പെടുത്തികൊണ്ട് അതേ കുതിര അടുത്ത ദിവസം സിംഹത്തിന്‍റെ അടുത്തെത്തി. മുടന്തി മുടന്തിയുള്ള കുതിരയുടെ വരവ് കണ്ടതും സിംഹത്തിന്‍റെ വായില്‍ വെള്ളം നിറഞ്ഞു. ഇവനെ കിട്ടിയാല്‍ കുറച്ചു ദിവസത്തേയ്ക്ക് സമാധാനമായി. 

സിംഹത്തിന്‍റെ അടുത്തെത്തിയ കുതിര പറഞ്ഞു.

"വൈദ്യരെ, എന്‍റെ കാലിനടിയില്‍ എന്തോ തറച്ചിട്ടുണ്ട്. നടക്കാനേ വയ്യ. ഒന്ന് പരിശോധിക്കണേ!"

"അതിനെന്താ?" സിംഹം പരിശോധനയ്ക്ക് തയ്യാറായി. കുതിര കാല്‍ ഉയര്‍ത്തി സിംഹത്തിന് മുന്‍പില്‍ നിന്നു. സിംഹം കുതിരയുടെ കാലിന്‍റെ അടി പരിശോധിക്കാനെന്ന വ്യാജേന കുതിരയുടെ പിന്നിലെത്തി. കുതിരയുടെ മേല്‍ ചാടി വീണ് അവനെ കൊന്നു തിന്നാന്‍ സിംഹം തീരുമാനിച്ചു.

പെട്ടെന്നായിരുന്നു അത് സംഭവിച്ചത്! തന്‍റെ പുറകിലെത്തിയ സിംഹത്തിനേ തന്‍റെ കാലുയര്‍ത്തി കുതിര ശക്തിയായി തൊഴിച്ചു. തീരെ പ്രതീക്ഷിക്കാതെ മുഖത്ത് കിട്ടിയ ശക്തമായ തൊഴിയി സിംഹം തെറിച്ചു പോയി പാറക്കെട്ടിന്‍മേല്‍ ചെന്ന് വീണു. മരണ വെപ്രാളത്തില്‍ പിടയവേ, സിംഹം കുതിരയുടെ പുച്ഛത്തോടെയുള്ള ചിരി കേട്ടു.

"എടോ വൈദ്യരെ, തനിക്ക് പാവം മൃഗങ്ങളെ പറ്റിക്കാനാകും. തന്‍റെ ഗുഹയിലേയ്ക്ക് വന്ന മൃഗങ്ങളൊന്നും തന്നെ തിരിച്ച് പോയിട്ടില്ലെന്ന് അവരുടെ കാല്‍പ്പാദത്തിന്റെ അടയാളത്തില്‍ നിന്നും എനിക്കു മനസ്സിലായി. എന്തായാലും എന്‍റെ കൂട്ടുകാരെ കൊന്നുതിന്ന് താന്‍ ജീവിക്കേണ്ട!"


എല്ലാവേരെയും എല്ലായ്പ്പോഴും പറ്റിക്കാന്‍ സാധിക്കില്ല

Post a Comment

0 Comments