കിണറ്റില്‍ ചാടിയ നായക്കുട്ടി - ഒരു ഷെയ്ക് ചില്ലി കഥ

 


ഒരു ദിവസം ഒരു പണിയുമില്ലാതെ അലക്ഷ്യമായി നടക്കുകയായിരുന്നു ഷെയ്ക് ചില്ലി. അപ്പോഴാണ് വഴിയരികിലോരു പൊട്ടക്കിണര്‍ കണ്ടത്.ഷെയ്ക്ക് ചില്ലി കിണറ്റിനടുത്ത് ചെന്ന് എത്തി നോക്കി. അതില്‍ നിറയെ കലങ്ങിയ വെള്ളം ആയിരുന്നു.

"ഇതിനെത്ര ആഴമുണ്ടായിരിക്കും?" ചില്ലി ചിന്തിച്ചു.

കലങ്ങിയ വെള്ളം കാരണം അവന് കിണറിന്‍റെ ആഴം ഊഹിക്കാന്‍ പറ്റിയില്ല. എന്നാല്‍ അത് കണ്ടു പിടിച്ചിട്ട് തന്നെ കാര്യം, ചില്ലി ഉറപ്പിച്ചു.

എന്താണ് ഒരു വഴിയെന്നാലോചിക്കുമ്പോഴാണ് കുറച്ചകലെ ഒരു വലിയ കരിങ്കല്ല് കിടക്കുന്നത് അവന്‍ കണ്ടത്. പെട്ടെന്ന് ചിലിക്ക് ഒരു ബുദ്ധി തോന്നി. ആ കല്ലെടുത്ത് വെള്ളത്തിലിട്ടാല്‍ എത്ര ആഴമുണ്ടെന്ന് അറിയാന്‍ പറ്റുമല്ലോ!

അവന്‍ വേഗം ആ കല്ലെടുക്കാന്‍  ഒരുങ്ങി. നല്ല കനമുണ്ടായിരുന്നു കല്ലിന്!  ഒരു പാട് കഷ്ടപ്പെട്ട് ചിലി ആ കല്ല് വലിച്ചു നിരക്കി കിണറ്റിനടുത്തെത്തിച്ചു. എന്നിട്ട് ഒരു വിധത്തില്‍ അത് തള്ളി കിണറ്റിലെയ്ക്കിട്ടു.\

പെട്ടെന്നാണ് ഒരു നായക്കുട്ടി ഓടി വന്ന് ആ കല്ലിന് പിന്നാലേ  കിണറ്റിലേയ്ക്ക് ചാടിയത്. നായക്കുട്ടി വന്ന സ്പീഡും അതിന്റെ ചാട്ടവും കണ്ട് ചിലി അമ്പരന്നു നിന്നു. 

"എന്തിനായിരിക്കും ആ നായക്കുട്ടി ആ കല്ലിന് പിറകെ ചാടിയത്?" ചിലി ചിന്തിച്ചു. എത്ര ആലോചിച്ചിട്ടും അവന് അതിനുത്തരം കിട്ടിയില്ല.

അപ്പോഴാണ് ഒരാള്‍ ആ വഴി വന്നത്. എന്തോ തിരഞ്ഞു കൊണ്ടായിരുന്നു അയാളുടെ വരവ്. ചിലിയെ കണ്ടതും അയാള്‍ ചിലിയോട് ചോദിച്ചു.

"നീ ഇവിടെയെങ്ങാനും ഒരു നായക്കുട്ടിയെ കണ്ടുവോ?"

"തീര്‍ച്ചയായും. ആ നായക്കുട്ടി ഇപ്പോള്‍ തന്നെ ആ കിണറ്റിലേയ്ക് ചാടിയതേയുള്ളൂ" ചിലി പറഞ്ഞു.

"അതെങ്ങിനെ സംഭവിക്കാനാണ്? ഇവിടെ ഒരു വലിയ കല്ലുണ്ടായിരുന്നല്ലോ? ഞാന്‍ അതിലാണ് എന്‍റെ നായക്കുട്ടിയെ കെട്ടിയത്!" അയാള്‍ പറഞ്ഞു.

"ഓ! ആ വലിയ കല്ലല്ലേ? അത് ഞാനെടുത്ത് കിണറ്റിലെയ്ക്കിട്ടു" ചിലി പറഞ്ഞു.

"അതെന്തിനാണ്"?

"ഞാനീ കിണറിന്‍റെ ആഴമറിയാന്‍ വേണ്ടി ചെയ്തതാണ്?" 

"എടാ മണ്ടാ! നീ എന്താണ് ചെയ്തതെന്ന് നിനക്കറിയാമോ?" അയാള്‍ ദേഷ്യത്തോടെ ചോദിച്ചു.

"ഓ! എനിക്കറിയാമല്ലോ. ഞാനൊരു കല്ലെടുത്ത് ആ കിണറ്റിലേയ്ക്കിട്ടു" ചിലി നിഷ്കളങ്കമായി പറഞ്ഞു.

"നീയെന്റെ നായക്കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നുവല്ലേ?"

ഇതും ചോദിച്ച് അയാള്‍ ചിലിയെ അടിക്കാന്‍ തുടങ്ങി.

"ഞാന്‍ നായക്കുട്ടിയെ ഒന്നും ചെയ്തില്ല. ഞാന്‍ ഒരു കല്ല് കിണറ്റിലിട്ടതല്ലെയുള്ളൂ" ചിലി വാദിച്ചു.

ആര് കേള്‍ക്കാന്‍. അയാള്‍ ചിലിയെ ദേഷ്യം തീരും വരെ തല്ലി. എന്നിട്ട് സ്ഥലം വിട്ടു.

"അയാളുടെ നായക്കുട്ടി കിണറ്റില്‍ ചാടിയതിന് ഞാനെന്ത് തെറ്റ് ചെയ്തു?" ചിലിയ്ക്ക് അയാള്‍ ഒരു കരണവുമില്ലാതെ തന്നെ തല്ലിയത് എന്തിനെന്ന് മാത്രം മനസ്സിലായില്ല.

Post a Comment

0 Comments