ശരിയായ വില - ഷെയ്ക് ചിലി കഥ

 


ഒരു ദിവസം കളിച്ചു കോണ്ടിരിക്കുകയായിരുന്ന ഷേക്കുവിനെ വിളിച്ച് അവന്‍റെ ഉമ്മ ഒരു പണിയേല്‍പ്പിച്ചു. ഒരു കോഴിയെ കൊണ്ട് ചന്തയില്‍ പോയി വില്‍ക്കാനായിരുന്നു ഉമ്മ ആവശ്യപ്പെട്ടത്.

വീട്ടില്‍ തീരെ പണമില്ലെന്നും പട്ടിണിയാകുമെന്നുമൊക്കെ ഉമ്മ പറഞ്ഞത് കൊണ്ട് വേറെ നിവൃത്തിയില്ലാതെ ഷേക്കു അതിന് സമ്മതിച്ചു.

"മോനേ, ശരിയായ വില കിട്ടിയാലേ ഈ കോഴിയെ വില്‍ക്കാവൂ. ചുരുങ്ങിയത് രണ്ട് രൂപയെങ്കിലും കിട്ടണം." ഉമ്മ ഓര്‍മ്മിപ്പിച്ചു.

"ഓ, അത് ഞാനേറ്റു" ഷേക്കു വേഗം ചന്തയിലേയ്ക്ക് പുറപ്പെട്ട്.

ചന്തയിലെത്തിയ ഷേക്കു കോഴിയെ വില്‍ക്കാനായി ഒരിടത്ത് ഇരുന്നു. അപ്പോള്‍ അത് വഴി വന്ന ഒരാള്‍ ചോദിച്ചു.

"കോഴിക്കെന്താണ് വില?"

"ശരിയായ വില കിട്ടിയാല്‍ മാത്രമേ ഞാന്‍ ഇതിനെ വില്‍ക്കൂ" ഷേക്കു  പറഞ്ഞു.

"ശരി. എത്രയാണ് 'ശരിയായ വില'? അയാള്‍ ചോദിച്ചു.

"രണ്ടു രൂപയെങ്കിലും കിട്ടണം" ഷേക്കു  പറഞ്ഞു

"ഞാന്‍ ഒരു രൂപ തരാം. അത്രയേ എന്‍റെ കയ്യിലുള്ളൂ" അയാള്‍ പറഞ്ഞു.

"അത് പറ്റില്ല. രണ്ടു രൂപ കിട്ടാതെ കോഴിയെ തരില്ല" ഷേക്കു  സമ്മതിച്ചില്ല

അയാള്‍ ഒന്നും പറയാതെ നടന്നു പോയി.

ഇതെല്ലാം കണ്ടും കേട്ടും നിന്നിരുന്ന മറ്റൊരാള്‍ ഷേക്കു  ഒരു മണ്ടനാണെന്ന് മനസ്സിലാക്കി അവന്‍റെ കയ്യില്‍ നിന്നും കോഴിയെ തട്ടിയെടുക്കാന്‍ തീരുമാനിച്ചു.

അയാള്‍ ഷേക്കുവിന്റെ അടുത്ത് ചെന്ന് പറഞ്ഞു.

"നീ ഒരു മിടുക്കനാണല്ലോ? അയാള്‍ നിന്‍റെ കയ്യില്‍ നിന്നും വെറും ഒരു രൂപയ്ക്ക് കോഴിയെ തട്ടിയെടുക്കാന്‍ നോക്കുകയായിരുന്നു. നീ കൌശലത്തോടെ അയാളെ ഒഴിവാക്കി"

"അതെയതെ. എന്‍റെ അടുത്ത് ആരുടേയും വേല നടക്കത്തില്ല." ഷേക്കു അഭിമാനത്തോടെ പറഞ്ഞു.

"നിനക്കു ശരിയായ വില എത്രയെന്ന് അറിയാമല്ലേ? അപ്പോള്‍ ഈ കോഴിക്ക് എന്തു വില തരണം?" അയാള്‍ ചോദിച്ചു.

"രണ്ടില്‍ കുറഞ്ഞു വിലക്കരുതെന്നാണ് ഉമ്മ പറഞ്ഞിരിക്കുന്നത്" ഷേക്കു  പറഞ്ഞു

"അതേ, അത് ശരിയായ വിലയാണ്. ഒരു കാര്യം ചെയ്യാം. ഞാന്‍ നിനക്ക് രണ്ടല്ല, നാലണ തരാം. നാല് രണ്ടിനെക്കാള്‍ കൂടുതലല്ലേ? അപ്പോള്‍ പിന്നെ കോഴിയെ എനിക്കു തരാമല്ലോ?" ചതിയന്‍ ചോദിച്ചു.

ഷേക്കു ഒരു നിമിഷം ആലോചിച്ചു. കാര്യം ശരിയാണ്! നാല് തന്നെയാണ് രണ്ടിനെക്കാള്‍ വലുത്. അങ്ങിനെ അവന്‍ നാല് അണ വാങ്ങി കോഴിയെ വിറ്റു.

ആ ചതിയന്‍ കോഴിയെയും കൊണ്ട് വേഗം സ്ഥലം വിട്ടു. ഷേക്കു  സന്തോഷത്തോടെ വീട്ടിലേയ്ക് തിരിച്ചു.

വീട്ടിലെത്തിയതും ഷേക്കു  നാലണ അഭിമാനത്തോടെ ഉമ്മയുടെ കയ്യില്‍ വെച്ചു കൊടുത്തു. അത് കിട്ടിയതും ഉമ്മ കരയാന്‍ തുടങ്ങി.

"ഇതെന്തു പറ്റി, ഉമ്മയെന്തിനാണ് കരയുന്നത്?" ഷേക്കു  ചോദിച്ചു.

"എന്‍റെ മോനേ, നീ പറ്റിക്കപ്പെട്ടല്ലോടാ" ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.

"അതെങ്ങനെ? ഉമ്മ ചുരുങ്ങിയത് രണ്ടു വേണമെന്നല്ലേ പറഞ്ഞത്. ഞാന്‍ ഇതാ നാലിനാണ് വിറ്റത്" ഷേക്കുവിന് ഒന്നും മനസ്സിലായില്ല

"എടാ മണ്ടാ, ഞാന്‍ രണ്ടു രൂപയെന്നല്ലേ പറഞ്ഞത്. ഇത് വെറും നാലണയല്ലേ ഉള്ളൂ" ഉമ്മ പറഞ്ഞു.

"നാലല്ലേ രണ്ടിനെക്കാള്‍ വലുത്" ഷേക്കുവിന് സംശയമായി.

"മോനേ, പതിനാറ് അണയാണ് ഒരു രൂപ. അപ്പോള്‍ രണ്ടു രൂപയാകണമെങ്കില്‍ മുപ്പത്തിരണ്ട് അണ വേണം. ഇത് വെറും നാലണയല്ലേ ഉള്ളൂ."

"ഉമ്മ എന്തൊക്കെയാണ് ഈ പറയുന്നത്? എന്തായാലും നാലല്ലേ രണ്ടിനെക്കാള്‍ വലുത്?" ഷേക്കുവിന് ഒരു പിടിത്തവും കിട്ടിയില്ല,

"പക്ഷേ നാലണ ഒരു രൂപയെക്കാള്‍ വളരെ ചെറുതാണ്" ഉമ്മ വീണ്ടും വിശദീകരിക്കാന്‍ ശ്രമിച്ചു.

"ഈ ഉമ്മയ്ക്കൊന്നും അറിയില്ല. നാലാണ് രണ്ടിനെക്കാള്‍ വലുത്" ഷേക്കു ദേഷ്യപ്പെട്ട് അവിടെ നിന്നും സ്ഥലം വിട്ടു.

എന്തു ചെയ്യണമെന്നറിയാതെ ഉമ്മ തലയില്‍ കയ്യും വെച്ചു നിന്നു.



Post a Comment

0 Comments