തവളരാജാവും പുളയന്‍ പാമ്പും

 ഒരിയ്ക്കല്‍ പുളവന്‍ പാമ്പ് വിശന്ന് വലഞ്ഞ് ഇര തേടി നടക്കുകയായിരുന്നു. വയസ്സൊരുപാടായി ക്ഷീണിതനായതിനാല്‍ അവന് ഇര പിടിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അങ്ങിനെ അലഞ്ഞ് തിരിഞ്ഞ് അവന്‍ ഒരു കുളക്കരയിലെത്തി.

കുളത്തില്‍ നിറയെ തവളകള്‍ ചാടിക്കളിക്കുന്നത് അവന്‍ കൊതിയോടെ നോക്കി നിന്നു. എന്ത് ചെയ്യാന്‍! ഒന്നിനെയും പുറകെ ഓടിയെത്തി പിടിക്കാന്‍ അവന് സാധിക്കില്ലല്ലൊ! പുളവന്‍ കുളക്കരയില്‍ അങ്ങിനെ കിടന്നു.

ആ സമയത്താണ് തവളകളുടെ രാജാവ് കരയിലെത്തിയത്. കുളക്കരയില്‍ കിടക്കുന്ന പാമ്പിനെ കണ്ടതും അവന്‍ ഒന്ന് ഭയന്നു. എന്നാല്‍ തന്നെ കണ്ടിട്ടും പാമ്പ് തന്നെ പിടിക്കാന്‍ ശ്രമിക്കാതെ കിടക്കുന്നത് കണ്ട് തവളരാജന്‍ അത്ഭുതപ്പെട്ടു. അവന്‍ പതിയെ പുളവന്‍ പാമ്പിനടുത്തെത്തി. എന്നിട്ട് ചോദിച്ചു.

"എന്ത് പറ്റി? വയ്യാതെ കിടക്കുകയാണൊ?"

പുളവന്‍ അത്ഭുതപ്പെട്ടു. ഒരു തവള തന്നോട് വിശേഷം ചോദിക്കുകയൊ? അവന്‍ പറഞ്ഞു.

"ഏയ്! ഒന്നുമില്ല. ഞാന്‍ ഓരോന്ന് ആലോചിച്ച് കിടക്കുകയായിരുന്നു."

"എന്തെങ്കിലും പ്രശ്നമാണൊ? ഞാനീ കുളത്തിലെ തവളകളൂടെ രാജാവാണ്. എന്താണെങ്കിലും ഞാന്‍ പരിഹാരമുണ്ടാക്കാം" തവള അഹങ്കാരത്തോടെ പറഞ്ഞു.

"എന്‍റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍. ഞാനൊരു ദിവസം ഒരു വലിയ സന്യാസിയെ അറിയാതെ കടിച്ചു പോയി. ദേഷ്യം വന്ന അദ്ദേഹം, ഇന്ന് മുതല്‍ നീ നിന്‍റെ വര്‍ഗ്ഗ ശത്രുവായ ഒരു തവളയുടെ വാഹനമാകാന്‍ ഇട വരട്ടെ എന്ന് ശപിച്ചു. അങ്ങിനെ ഇവിടെ എത്തിപ്പെട്ടതാണ്. അങ്ങ് തവളകളുടെ രാജാവാണെങ്കില്‍ അങ്ങയെ തന്നെ ചുമക്കാനാണ് എന്‍റെ വിധി!" തന്ത്രശാലിയായ പാമ്പ് ഒരു സൂത്രം പ്രയോഗിച്ചു.

"അത് ശരി. എങ്കില്‍ പിന്നെ നീ എന്നെ ചുമന്നോളൂ!" തവളരാജന്‍ പറഞ്ഞു.

പൂളവന്‍ വേഗ തന്നെ തവളരാജനെ തന്‍റെ പുറത്തേറ്റി കുളത്തില്‍ വട്ടം ചുറ്റാന്‍ തുടങ്ങി. തവളരാജന്‍ പാമ്പിന്‍റെ പുറത്ത് ഞെളിഞ്ഞിരുന്ന് സവാരി ആസ്വദിച്ചു. ഈ അപൂര്‍വ്വമായ കാഴ്ച കണ്ട് മറ്റ് തവളകള്‍ അമ്പരന്നു നിന്നു. അവരും പേടിയൊന്നും കൂടാതെ പാമ്പുന്‍റെ ചുറ്റും കളിക്കാന്‍ തുടങ്ങി.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പുളവന്‍ തന്‍റെ യാത്ര നിര്‍ത്തി. രസം പിടിച്ചിരിക്കുകയായിരുന്ന തവളരാജന്‍ നിരാശയോടെ ചോദിച്ചു.

"എന്താ, എന്ത് പറ്റി നീ നിന്നത്?" 

"ഞാന്‍ ഭക്ഷണം കഴിച്ചിട്ട് കുറേ നാളായി, ഇനി എനിക്ക് ഒരടി പോലും നീങ്ങാന്‍ വയ്യ. ഞാനിവിടെ കിടന്ന് ചത്ത്പോകുകയേ ഉള്ളൂ" പുളവന്‍ പറഞ്ഞു.

അതു കേട്ടതും തവളരാജന് വിഷമമായി. വേറൊന്നുമല്ല, പുളവന്‍ ചത്ത് പോയാല്‍ പിന്നെ ഇത്ര സുഖകരമായ സവാരി മുടങ്ങുമല്ലോ! 

"സുഹൃത്തേ, താങ്കള്‍ വിഷമിക്കണ്ട. താങ്കളുടെ വിശപ്പ് തീര്‍ക്കാന്‍ ഈ കുളത്തിലെ ഒരു ചെറിയ തവളയെ പിടിച്ച് തിന്ന് കൊള്ളൂ! പക്ഷേ മറ്റാരും ഇതറിയരുത്"

തവളരാജാവിന്‍റെ അനുമതി കിട്ടിയതും പുളവന്‍ സൌകര്യത്തില്‍ കിട്ടിയ ഒരു തവളയെ അകത്താക്കി. അടുത്ത ദിവസവും പുളവന്‍ തവളരാജനെ പുറത്തേറ്റി കുളത്തില്‍ സവാരി നടത്തി. അന്നും തരത്തിന് കിട്ടിയ ഒന്ന് രണ്ട് തവളകളെ അവന്‍ പിടിച്ച് തിന്നു.

പിന്നെ അത് പതിവായി. എല്ലാ ദിവസവും പുളവന്‍റെ പുറത്ത് സവാരി നടത്തി ഉല്ലസിച്ചിരുന്ന തവളരാജന്‍ തന്‍റെ പ്രജകളുടെ എണ്ണം കുറഞ്ഞ് വരുന്നത് ശ്രദ്ധിച്ചതേയില്ല. പുളവനാണെങ്കില്‍ ദിവസവും നല്ല ഭക്ഷണം കിട്ടിയിരുന്നത് കൊണ്ട് ക്ഷീണമൊക്കെ മാറി നല്ല ആരോഗ്യവാനായി.

ഒടുക്കം പുളവന്‍ കുളത്തിലെ തവളകളെയെല്ലാം തിന്ന് തീര്‍ത്തു. എന്നിട്ടൊരു ദിവസം അവന്‍ തവളരാജനോട് പറഞ്ഞു.

"എനിക്ക് വിശക്കുന്നു. എന്തെങ്കിലും തിന്നാന്‍ തരണം"

"നിനക്കാവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ ഞാന്‍ തന്നിട്ടുണ്ടല്ലോ?" തവളരാജന്‍ പറഞ്ഞു.

"ഇനിയതിന് ഈ കുളത്തില്‍ ഒരു തവളയും ബാക്കിയില്ല" പുളവന്‍ പറഞ്ഞു.

"അപ്പോള്‍ ഞാനിനി എന്ത് ചെയ്യാന്‍?" തവളരാജന്‍ ചോദിച്ചു.

"തല്‍ക്കാലം എന്‍റെ വിശപ്പ് മാറ്റാന്‍ താനായാലും മതി" പുളവന്‍ പറഞ്ഞൂ.

"ഞാന്‍ രാജാവല്ലേ, നിന്‍റെ സുഹൃത്തല്ലേ?" തവളരാജന്‍ ചോദിച്ചു.

"രാജാവായാലും പ്രജയായാലും തവള തവള തന്നെയല്ലേ" പുളവന്‍ ചോദിച്ചതും തന്‍റെ പുറത്തിരുന്ന തവളരാജനെ കുടഞ്ഞ് താഴെയിട്ട് കടിച്ചെടുത്തതും ഒന്നിച്ചായിരുന്നു.

വര്‍ഗ്ഗശത്രുവായ പാമ്പിനെ വിശ്വസിച്ച് ചങ്ങാതിയാക്കിയ തന്‍റെ മണ്ടത്തരമോര്‍ത്ത് വിഷമിക്കാനുള്ള സമയം പോലും തവളരാജന് കിട്ടിയില്ല


Post a Comment

0 Comments