ഒരിടത്ത് ദരിദ്രനായ ഒരു ബ്രാഹ്മണന്‍ ജീവിച്ചിരുന്നു. വലിയ ശിവഭക്തനായിരുന്ന അദ്ദേഹം ആ ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ പൂജാരിയായിരുന്നു. ഒരിക്കലും അദ്ദേഹം ശിവപൂജ മുടക്കുമായിരുന്നില്ല. എന്നും എപ്പോഴും ശിവനാമം മാത്രം ജപിച്ച് കഴിഞ്ഞിരുന്ന അദ്ദേഹത്തിന് നിത്യവൃത്തി കഴിക്കാന്‍ പോലുമുള്ള വരുമാനം ഇല്ലായിരുന്നു.
ഒരു സന്ധ്യാസമയം പൂജയൊക്കെ കഴിഞ്ഞ് അദ്ദേഹം ഭഗവാനോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
"ഭഗവാനേ, എന്‍റെ ദാരിദ്ര്യം നീ തീര്‍ത്ത് തരേണമേ!"
തന്‍റെ ഭക്തന്‍റെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥന കേട്ട് പരമശിവന്‍ അദ്ദേഹത്തിന് മുന്പില്‍ പ്രത്യക്ഷനായി.
"പ്രിയ ഭക്താ! നിന്‍റെ ഭക്തിയില്‍ നാം സംപ്രീതനായിരിക്കുന്നു നിനക്കെന്ത് വരം വേണമെങ്കിലും നമ്മോട് ചോദിക്കാം"
പരമശിവനെ മുന്പില്‍ കണ്ടതും സാധുബ്രാഹ്മണന്‍ അതീവ സന്തോഷവാനായി. അദ്ദേഹം പറഞ്ഞു.
"പ്രഭോ, അങ്ങയെ നേരില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞത് തന്നെ എന്‍റെ മഹാഭാഗ്യമാണ്. ഇതില്‍ കൂടുതല്‍ എന്ത് വരമാണ് എനിക്കങ്ങയോട് ചോദിക്കാനുള്ളത്"
പക്ഷേ, ശിവന്‍ അദ്ദേഹത്തോട് വീണ്ടും വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ബ്രാഹ്മണന്‍ കൂപ്പുകൈകളോടെ പറഞ്ഞു.
"ഭഗവാനേ, എന്‍റെ ദാരിദ്ര്യം തീര്‍ത്ത് സുഖമായും സന്തോഷത്തോടെയും ജീവിക്കാന്‍ അടിയനെ അനുഗ്രഹിക്കണം"
അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന കേട്ട് ശിവന്‍ പറഞ്ഞു.
"അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, അങ്ങ് ഞാന്‍ പറയുന്നത് പോലെ ചെയൂക. നാളെ അതിരാവിലെ കുളിച്ച് പൂജ കഴിഞ്ഞ ശേഷം അങ്ങ് തല മുണ്ഡനം ചെയ്ത് ക്ഷേത്രക്കുളത്തിനരികെയുള്ള കുറ്റിക്കാട്ടില്‍ ഒരു വടിയുമായി മറഞ്ഞ് നില്‍ക്കുക. ആ സമയത്ത് ഒരു സന്യാസി കുളിക്കാന്‍ അത് വഴി വരും. താങ്കള്‍ കയ്യിലുള്ള വടി കൊണ്ട് ആ സന്യാസിയുടെ തലയില്‍ നല്ലൊരു അടി കൊടുക്കണം. ഉടന്‍ തന്നെ അയാള്‍ ഒരു സ്വര്‍ണ്ണ വിഗ്രഹമായി മാറും. ആ വിഗ്രഹം കൊടുത്ത് താങ്കള്‍ക്ക് സുഖമായി ജീവിക്കാനുള്ള വക നേടാം" ഇപ്രകാരം പറഞ്ഞ് ശിവന്‍ അപ്രത്യക്ഷനായി.
അടുത്ത ദിവസം അതിരാവിലെ ഉണര്‍ന്ന ബ്രാഹ്മണന്‍ കുളിച്ച് ശുദ്ധി വരുത്തി തന്‍റെ പൂജകളെല്ലാം യഥാവിധി നിര്‍വഹിച്ച ശേഷം തന്‍റെ അയല്‍ക്കാരനായ ക്ഷുരകനെ വിളിച്ച് വരുത്തി. തന്‍റെ തല മൊട്ടയടിക്കാന്‍ അദ്ദേഹം ക്ഷുരകനോട് ആവശ്യപ്പെട്ടു.
കുളിയും പൂജയും കഴിഞ്ഞ് നില്‍ക്കുന്ന ബ്രാഹ്മണന്‍ തല മൊട്ടയടിക്കാന്‍ ആവശ്യപ്പെട്ടത് ക്ഷുരകനില്‍ അത്ഭുതമുളവാക്കി. സാധാരണ ആരും കുളിച്ചതിന് ശേഷം മൊട്ടയടിക്കാറില്ലല്ലോ. ബ്രാഹ്മണന്‍റെ പതിവില്ലാത്ത തിടുക്കവും മറ്റും കണ്ടപ്പോള്‍ ഇതിലെന്തോ രഹസ്യമുണ്ടെന്ന് അയാള്‍ ഉറപ്പിച്ചു,
എന്തായാലും ക്ഷുരകന്‍ വേഗം തന്നെ ബ്രാഹ്മനന്‍റെ തല മൊട്ടയടിച്ചു. അതിന് ശേഷം അയാള്‍ തിരികെ തന്‍റെ വീട്ടില്‍ പോകാതെ പരിസരത്തുള്ള ഒരു പൊന്തക്കാട്ടില്‍ കയറി ഒളിച്ചിരിപ്പായി.
അധികസമയം കഴിഞ്ഞില്ല, ബ്രാഹ്മണന്‍ ഒരു മുട്ടന്‍ വടിയുമായി വീടിന് പുറത്ത് വരുന്നത് ക്ഷുരകന്‍ കണ്ടു. ബ്രാഹ്മണന്‍ നേരെ ക്ഷേത്രക്കുളത്തിലേയക്കാണ് പോയത്. ക്ഷുരകന്‍ അദ്ദേഹത്തിന്‍റെ പുറകെ പതുങ്ങി ചെന്നു.
കുളത്തിനരികിലെത്തിയ ബ്രാഹ്മണന്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ പതുങ്ങി നിന്നു. എന്താണ് സംഭവമെന്ന് മനസ്സിലായില്ലെങ്കിലും ക്ഷുരകനും കുറച്ച് മാറി ഒളിച്ച് നിന്നു.
കുറച്ച് സമയം കഴിഞ്ഞതും ഒരു സന്യാസി അതു വഴി വന്നു. പരമശിവന്‍ നിര്‍ദ്ദേശിച്ചത് പോലെ ബ്രാഹ്മണന്‍ തന്‍റെ കയ്യിലിരുന്ന വടിയെടുത്ത് ആ സന്യാസിയുടെ തലയില്‍ ആഞ്ഞടിച്ചു. ശിവന്‍ പറഞ്ഞിരുന്നത് പോലെ ആ സന്യാസി അടുത്ത നിമിഷം ഒരു സ്വര്‍ണ്ണ വിഗ്രഹമായി മാറി. ബ്രാഹ്മണന്‍ ആ വിഗ്രഹവുമായി തിരികെ വീട്ടിലേയ്ക്ക് പോയി.
ഇതെല്ലാം കണ്ട് ക്ഷുരകന്‍ അന്തം വിട്ട് നില്‍ക്കുകയായിരുന്നു. അയാള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്തായാലും ബ്രാഹ്മണന്‍ ചെയ്ത വിദ്യ പരീക്ഷിക്കാന്‍ തന്നെ അയാളുറപ്പിച്ചു.
പിറ്റേന്ന് അതിരാവിലെ തന്നെ ക്ഷുരകന്‍ കുളിച്ച് സ്വന്തം തല വടിച്ച് തയ്യാറായി. വലിയ വടിയൊന്നും കിട്ടാതിരുന്നത് കൊണ്ട് ഒരു ഉലക്കയുമെടുത്ത് നേരെ ക്ഷേത്രക്കുളത്തിലേയ്ക്ക് വെച്ച് പിടിച്ചു. എന്നിട്ട് തലേദിവസം ബ്രാഹ്മണന്‍ ചെയ്തത് പോലെ കുറ്റിക്കാട്ടില്‍ പതുങ്ങി നിന്നു.
കുറേ നേരം കാത്തിരുന്നതിന് ശേഷമാണ് ഒരു സന്യാസി അതു വഴി വന്നത്. സന്യാസിയെ കണ്ടതും ക്ഷുരകന്‍ അയാളുടെ പിന്നില്‍ ഓടി ചെന്ന് അയാളുടെ തലയ്ക്കടിച്ചു. അപ്രതീക്ഷിതമായി അടി കിട്ടിയതും സന്യാസി നിലവിളിച്ച് കൊണ്ട് താഴെ വീണു. സന്യാസി സ്വര്‍ണ്ണമായി മാറിയില്ലെന്നത് കണ്ട് ക്ഷുരകന്‍ അമ്പരന്നു. താനടിച്ച അടി ശരിയായില്ലെന്ന് കരുതിയ അയാള്‍ സന്യാസിയുടെ തലയില്‍ വീണ്ടും അടിച്ചു. എന്നിട്ടും ഒന്നും സംഭവിക്കാതായപ്പോള്‍ തുടരെ അടിക്കാന്‍ തുടങ്ങി.
പാവം സന്യാസി, പൊതിരെ അടി കിട്ടാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം അലറി നിലവിളിച്ച് കൊണ്ട് ഓടാന്‍ തുടങ്ങി. ക്ഷുരകനുണ്ടൊ വിടുന്നു! അയാള്‍ പിന്നാലെ ഓടി അടിതുടര്‍ന്നു.
സന്യാസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അദ്ദേഹത്തെ ക്ഷുരകനില്‍ നിന്നും രക്ഷിച്ച് ഒരു വൈദ്യരുടെ അടുത്തെയ്ക്ക് കൊണ്ട് പോയി. ക്ഷുരകനെ എല്ലാവരും കൂടി പിടിച്ച് കെട്ടി രാജസന്നിധിയിലെത്തിച്ചു.
പാവം സന്യാസി! വൈദ്യരുടെ അടുത്തെത്തിയപ്പോഴേയ്ക്കും അദ്ദേഹം രക്തം വാര്‍ന്ന് പോയി മരണപ്പെട്ടിരുന്നു.
സന്യാസിയെ അടിച്ച് കൊന്ന കുറ്റത്തിന് ക്ഷുരകനെ രാജാവ് വിചാരണ ചെയ്തു. ക്ഷുരകന്‍ താനെന്തിനാണ് സന്യാസിയെ അടിച്ചതെന്ന് രാജാവിനോട് തുറന്ന് പറഞ്ഞു.
ക്ഷുരകന്‍റെ അവിശ്വസനീയമായ കഥ കേട്ട് രാജാവ് ബ്രാഹ്മണനെ വിളിച്ചു വരുത്തി. ക്ഷുരകന്‍ പറഞ്ഞത് സത്യമാനെന്നും തനിക്ക് പരമശിവന്‍ പ്രത്യക്ഷപ്പെട്ട് വരം തന്ന വിവരവും ബ്രാഹ്മണന്‍ സത്യസന്ധമായി രാജാവിനെ ധരിപ്പിച്ചു. കഥ കേട്ട രാജാവ് വളരെ ബഹുമാനത്തോട് കൂടി തന്നെ ബ്രാഹ്മണനെ വിട്ടയച്ചു.
കാര്യമൊന്നുമറിയാതെ സന്യാസിയെ കൊലപ്പെടുത്തിയ മണ്ടനും അത്യാഗ്രഹിയുമായ ക്ഷുരകനെ രാജാവ് വധശിക്ഷയ്ക്ക് വിധിച്ചു.
0 Comments