സിംഹത്തോലണിഞ്ഞ കഴുത - Simhatholaninja Kazhutha



ഒരിയ്ക്കൽ കാട്ടില്‍ അലഞ്ഞു നടക്കുകയായിരുന്ന ഒരു കഴുതയ്ക്ക് ഒരു സിംഹത്തോൽ കിട്ടി. ഉടൻ തന്നെ കഴുത ആ സിംഹത്തോൽ അണിഞ്ഞ് നോക്കി. കൊള്ളാം, ഒറ്റ നോട്ടത്തിൽ ഒരു സിംഹം തന്നെ! അവന് നല്ല രസം തോന്നി. സിംഹത്തോലണിഞ്ഞ കഴുത പിന്നീട് എന്ത് ചെയ്തെന്നോ? അവൻ സാധാരണ മൃഗങ്ങൾ കടന്ന് പോകുന്ന വഴിയിൽ ഒരു പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു. എന്നിട്ട് അതിലെ കടന്ന് പോകുന്ന മൃഗങ്ങളുടെ നേരെ ചാടി അവരെ പേടിപ്പിക്കാൻ തുടങ്ങി. പാവം മൃഗങ്ങൾ! സിംഹത്തിന്റെ രൂപം കണ്ട് ഭയന്ന് അവർ പരക്കം പാഞ്ഞു.

മൃഗങ്ങളുടെ ഭയവും പരക്കം പാച്ചിലും കണ്ട കഴുതയ്ക്ക് ആവേശമായി. താന്‍ ശരിക്കും ഒരു സിംഹം തന്നെയെന്ന് അവന്‍ ഒരു നിമിഷം ചിന്തിച്ച് പോയി. അമിതമായ ആവേശവും സന്തോഷവും അവന് അടക്കി നിര്‍ത്താനായില്ല. അവന്‍ പോലുമറിയാതെ അവന്‍റെയുള്ളിലെ സന്തോഷം ഒരു അമറലായി പുറത്തു ചാടി.   

സിംഹത്തെക്കണ്ട് ഭയന്നോടിയ മൃഗങ്ങളുടെ കൂട്ടത്തില്‍ ഒരു കുറുക്കനുമുണ്ടായിരുന്നു. കഴുതയുടെ ശബ്ദം കേട്ട കുറൂക്കന്‍ തിരിഞ്ഞു നിന്നു. ഒന്നു സൂക്ഷിച്ച് നോക്കിയപ്പോള്‍ തന്‍റെ മുന്പില്‍ നില്‍ക്കുന്നത് വെറുമൊരു കഴുതയാണെന്ന് അവന് തീരിച്ചറിഞ്ഞു. കുറുക്കന്‍ ഉറക്കെ വിളിച്ച് പറഞ്ഞു.

"ഇത് സിംഹമൊന്നുമല്ല, വെറുമൊരു കഴുതയാണ്!"

അതോടെ മൃഗങ്ങളെല്ലാം ഓട്ടം നിറുത്തി. അവരെല്ലാവരും കൂടി കഴുതയെ നന്നായി പെരുമാറി.

അടിയും ചവിട്ടും കൊണ്ട് തളര്‍ന്ന് കിടക്കുകയായിരുന്ന കഴുതയുടെ അടുത്ത് ചെന്ന് കുറുക്കന്‍ പറഞ്ഞു.

"നീ നിന്‍റെ വായ തുറക്കാതിരുന്നെങ്കില്‍ നിനക്ക് എല്ലാവരെയും പേടിപ്പിക്കാമായിരുന്നു. എന്തു ചെയ്യാം, നിന്‍റെ ആവേശത്തില്‍ നീയൊരു കഴുതയാണെന്ന് നീ മറന്നു പോയി"

"തന്‍റെ രൂപഭാവങ്ങള്‍ മാറ്റി ഒരു വിഡ്ഢിയ്ക്ക് തല്‍ക്കാലത്തേയ്ക്ക് മറ്റുള്ളവരെ പറ്റിക്കാന്‍ സാധിച്ചേയ്ക്കും. പക്ഷേ, അവന്‍റെ സംസാരത്തില്‍ നിന്നും ഒരാള്‍ ആരാണെന്ന് തിരിച്ചറിയാം."



Post a Comment

0 Comments