പുതിയ വീട് - ഒരു ഹോജാക്കഥ Puthiya Veedu - Mulla Katha


നല്ല ചൂടുള്ള ഒരു വേനല്‍ക്കാലം! രാത്രിയില്‍ ചൂട് കാരണം ഉറക്കം വരാതെ പുറത്തൊരു മൂലയില്‍ ഇരിക്കുകയായിരുന്നു ഹോജ. അപ്പോഴാണ് വീടിന് മുന്‍പില്‍ നിന്നും എന്തോ ഒരു ശബ്ദം കേട്ടത്.

ഹോജ നോക്കുമ്പോഴുണ്ട് ഒരു കള്ളന്‍ മുന്‍വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നു. ഇരുട്ടുള്ള ഭാഗത്തിരുന്നിരുന്ന ഹോജയെ കള്ളന്‍ കണ്ടിട്ടുണ്ടായിരുന്നില്ല,

കള്ളനെ കണ്ടിട്ടും ഹോജ ഇരുന്നിടത്ത് നിന്നും അനങ്ങുകയോ, ബഹളം വെയ്ക്കുകയോ ഒന്നും ചെയ്തില്ല. ഹോജ കള്ളന്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കിയിരുന്നു.

കള്ളന്‍ ചുറ്റുപാടും നോക്കി, ആരുമില്ലെന്ന് ഉറപ്പ് വരുത്തി വീടിനകത്ത് കടന്നു. കുറച്ച് കഴിഞ്ഞതും കുറച്ച് സാധനങ്ങളുമായി പുറത്തെത്തി. അയാള്‍ അവയെല്ലാം തന്‍റെ കഴുതയുടെ പുറത്ത് വെച്ചു. എന്നിട്ട് വീണ്ടും അകത്ത് കടന്ന് ബാക്കി സാധനങ്ങളും പുറത്തെത്തിച്ച് എല്ലാം തന്‍റെ കഴുതപ്പുറത്ത് വെച്ച് കെട്ടി യാത്രയായി.

അത് വരെ എല്ലാം നോക്കിക്കാണുകയായിരുന്ന ഹോജ വേഗം അകത്ത് കടന്ന് ഒരു കിടക്കവിരി എടുത്ത് കള്ളനെ പിന്തുടര്‍ന്നു.

കുറെ ദൂരം നടന്ന് അവസാനം കള്ളന്‍ ഒരു വീടിനടുത്തെത്തി നിന്നു. അത് കള്ളന്‍റെ വീടാണെന്ന് ഹോജയ്ക്ക് മനസ്സിലായി. കള്ളന്‍ തന്‍റെ കഴുതപ്പുറത്ത് നിന്നും സാധനങ്ങളെല്ലാം ഇറക്കി വീടിനകത്ത് വെയ്ക്കാന്‍ തുടങ്ങി. എല്ലാ സാധനങ്ങളും വീട്ടിനകത്ത് വെച്ച ശേഷം അയാല്‍ തന്‍റെ കഴുതയെ അതിന്‍റെ കൂട്ടിലേയ്ക്ക് നയിച്ചു. ഈ തക്കം നോക്കി ഹോജ അയാള്‍ കാണാതെ വീടിനകത്ത് കയറി. എന്നിട്ട് നേരെ അകത്ത് കണ്ട ഒരു കട്ടിലില്‍ കയറി പുതച്ച് മൂടി കിടന്നു.

കുറച്ച് കഴിഞ്ഞ് വീട്ടിനകത്തേയ്ക്ക് കയറിയ കള്ളന്‍ തന്‍റെ കട്ടിലില്‍ ആരോ കിടക്കുന്നത് കണ്ട് ഞെട്ടിപ്പോയി. അയാല്‍ ഉറക്കെ വിളിച്ച് പറഞ്ഞു.

"കള്ളന്‍! കള്ളന്‍! സഹായിക്കണേ!"

ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന പോലെ അഭിനയിച്ച് കൊണ്ട് ഹോജ ചോദിച്ചു.

"നിങ്ങളെന്തിനാണ് എന്‍റെ വീട്ടില്‍ വന്ന് ബഹളം വെയ്ക്കുന്നത്?"

"നിങ്ങളുടെ വീടോ?" കള്ളന്‍ അത്ഭുതത്തോടെ ചോദിച്ചു. "എന്‍റെ വീട്ടില്‍ കടന്ന് കയറിയിട്ട് ഇത് നിങ്ങളുടെ വീടാണെന്നോ? അത് കൊള്ളാം!"

"പിന്നല്ലാതെ? ഈ കിടക്കുന്ന സാധനങ്ങളെല്ലാം എന്‍റേതല്ലേ? അപ്പോള്‍ പിന്നെ ഇതെന്‍റെ വീടല്ലേ?" ഹോജ തിരിച്ച് ചോദിച്ചു.

താന്‍ സാധനങ്ങള്‍ മോഷ്ടിച്ചത് ഹോജയുടെ വീട്ടില്‍ നിന്നാണെന്ന് കള്ളന് മനസ്സിലായി. അയാള്‍ ചോദിച്ചു.

"ഈ സാധനങ്ങള്‍ നിങ്ങളുടേതാണെങ്കില്‍, ഞാന്‍ അവ നിങ്ങളുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചപ്പോള്‍ നിങ്ങള്‍ തടയാതിരുന്നത് എന്ത് കൊണ്ടാണ്?" കള്ളന്‍ ചോദിച്ചു.

"ഓ! അതോ? ഞാന്‍ വിചാരിച്ചു നിങ്ങള്‍ എനിക്കായി കണ്ട് വെച്ച പുതിയ വീട്ടിലേയ്ക്ക് എന്‍റെ സാധനങ്ങള്‍ നീക്കം ചെയ്യുകയാണെന്ന്. അതാണ് ഞാന്‍ ഒന്നും പറയാതെ നിങ്ങളുടെ പുറകെ വന്നത്" ഹോജ വളരെ നിഷ്കളങ്കനായി പറഞ്ഞു.

"നിങ്ങളുടെ പുതിയ വീടോ? ഇതെന്‍റെ വീടാണ്! നിങ്ങള്‍ ഇപ്പോളിവിടെ നിന്നും ഇറങ്ങണം. അല്ലെങ്കില്‍ ഞാന്‍ വിളിച്ചാളെ കൂട്ടും" 

":അതിനെന്താണ്? വേഗം വിളിച്ച് കൂട്ടിക്കോളൂ. നാട്ടുകാര്‍ വന്ന് തീരുമാനിക്കട്ടേ. അവര്‍ക്ക് കണ്ടാല്‍ അറിയാമല്ലോ എന്‍റെ വീട്ടിലെ എല്ലാ സാധനങ്ങളും ഇവിടെയുണ്ടെന്ന്! എന്തായാലും എനിക്കായി ഇങ്ങനെ ഒരു നല്ല വീട് കണ്ട് പിടിച്ച് തന്നതിന് നന്ദി!" ഹോജയ്ക്ക് ഒരു കൂസലുമില്ലായിരുന്നു.

കള്ളന്‍ ശരിയ്ക്കും കുഴങ്ങിപ്പോയി. കുഴപ്പമൊന്നുമുണ്ടാക്കാതെ ഇറങ്ങിത്തരാന്‍ അയാള്‍ ഹോജയുടെ കാലുപിടിച്ച് കെഞ്ചി. ഒടുക്കം ആ കള്ളന്‍  ഹോജയുടെ സാധങ്ങളെല്ലാം ആ രാത്രി തന്നെ എടുത്തയിടത്ത് തന്നെ തിരികെ കൊണ്ട് ചെന്ന് വെച്ച് ഹോജയോട് മാപ്പ് പറഞ്ഞു. എല്ലാം ശരിയായി തിരികെയെത്തിയെന്ന് ഉറപ്പായപ്പോള്‍ ഹോജ ഒരു ചിരിയോടെ തന്‍റെ വീട്ടിലേയ്ക്ക് തിരികെപ്പോയി.


Post a Comment

0 Comments