ഒരു ദിവസം രാത്രി തന്‍റെ വീടിന് മുന്നിലെ തെരുവ് വിളക്കിന് മുന്പില്‍ കാര്യമായി എന്തൊ തിരയുകയായിരുന്നു ഹോജ. അത് കണ്ട് ആ വഴി വന്ന അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് ചോദിച്ചു.
"എന്താണ് ഹോജ ഈ രാത്രിയില്‍ തിരയുന്നത്?"
"എന്ത് പറയാനാ ചങ്ങാതീ, എന്‍റെ അലമാരയുടെ താക്കോല്‍ കളഞ്ഞു പോയി" ഹോജ വളരെ വിഷമത്തോടെ പറഞ്ഞു.
"ഓ! എങ്കില്‍ ഞാനും കൂടെ തിരയാം" നല്ലവനായ സുഹൃത്ത് വേഗം താക്കോല്‍ തിരയാന്‍ കൂടെ കൂടി.
ഇവരുടെ തിരച്ചില്‍ കണ്ട് അത് വഴി വന്ന പലരും കാര്യമന്വേഷിച്ചു. വിവരമറിഞ്ഞപ്പോള്‍ അവരും താക്കോല്‍ തിരയാന്‍ തുടങ്ങി. എന്ത് പറയാന്‍? കുറച്ച് നേരത്തിനകം ഒരു പാട് പേര്‍ ഹോജയുടെ താക്കോല്‍ തിരയാന്‍ അവിടെ കൂടി.
ഇത്രയധികം പേര്‍ ഒരു പാട് നേരം തിരഞ്ഞിട്ടും താക്കോല്‍ കണ്ട് കിട്ടിയില്ല. ഒടുവില്‍ തിരഞ്ഞ് തിരഞ്ഞ് മടുത്ത ഹോജയുടെ സുഹൃത്ത് സഹികെട്ട് ചോദിച്ചു.
"അല്ല ഹോജാ, നിങ്ങളുടെ താക്കോല്‍ ഇവിടെ തന്നെയാണോ കളഞ്ഞു പോയത്."
"ഏയ്, അല്ലല്ല. താക്കോല്‍ വീണത് വീടിനകത്ത് വെച്ചാണ്" ഹോജ വേഗം മറുപടി പറഞ്ഞു.
"വീടിനകത്ത് കളഞ്ഞ് പോയ താക്കോലാണോ നിങ്ങളീ പുറത്ത് തിരയുന്നത്?" സുഹൃത്തിന് ശരിക്കും ദേഷ്യം വന്നിരുന്നു.
"അത് പിന്നെ, നിങ്ങള്‍ക്ക് കണ്ട് കൂടെ? വീട്ടിനകത്ത് തീരെ വെളിച്ചമില്ല. ഇവിടെയാണെങ്കില്‍ തെരുവ് വിളക്കിന്‍റെ നല്ല വെട്ടമുണ്ട്. അത് കൊണ്ടാണ് ഞാന്‍ ഇവിടെ തിരയുന്നത്!" ഹോജ വളരെ നിഷ്കളങ്കമായി പറഞ്ഞു.
ഹോജയുടെ മറുപടി കേട്ട് താക്കോല്‍ തിരഞ്ഞുകൊണ്ടിരുന്ന ആളുകള്‍ സ്തബ്ധരായി നിന്ന് പോയി.
0 Comments