തൂപ്പുകാരന്‍റെ പ്രതികാരം - Malayalam katha kuttikalkk


ഇതൊരു പ്രതികാരത്തിന്‍റെ കഥയാണ്. ബുദ്ധിമാനും കരുത്തനുമായ ഒരു മന്ത്രിയെ തറ പറ്റിച്ച ഒരു സാധാരണ തൂപ്പുകാരന്‍റെ കഥ.
നമ്മുടെ കഥയിലെ മന്ത്രി അതിബുദ്ധിമാനും നല്ല കാര്യപ്രാപ്തിയുള്ളവനുമായിരുന്നു. അതു കൊണ്ട് തന്നെ രാജാവിന് മന്ത്രിയെ വലിയ കാര്യവുമായിരുന്നു.

അങ്ങിനെയിരിക്കെ, മന്ത്രിയുടെ മകളുടെ കല്യാണമായി. ഏക മകളുടെ കല്യാണമല്ലേ? മന്ത്രി നാടടച്ച് കല്യാണം വിളിച്ചു വളരെ ആഘോഷപൂര്വ്വം തന്നെ നടത്താന്‍ തീരുമാനിച്ചു.

തന്‍റെ പ്രിയപ്പെട്ട മന്ത്രിയുടെ മകളുടെ വിവാഹത്തിന് രാജാവ് നേരത്തോടെ തന്നെ എത്തിച്ചേര്‍ന്നു. മന്ത്രി വളരെ ബഹുമാനത്തോടെ രാജാവിനെ എതിരേട് അദ്ദേഹത്തിന് വേണ്ടി പ്രത്യെകം ഒരുക്കിയ സ്വര്‍ണ്ണക്കസേരയിലേയ്ക്ക് ആനയിച്ചു.

സ്വര്‍ണ്ണക്കസേരയ്ക്കടുത്തെത്തിയ മന്ത്രി ഞെട്ടിപ്പോയി. കൊട്ടാരം തൂപ്പുകാരനുണ്ട് രാജാവിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കസേരയില്‍ ഇരിക്കുന്നു! അരിശം കൊണ്ട് മന്ത്രി അലറി.
"വൃത്തികെട്ടവനേ, രാജാവിന് വേണ്ടി ഒരുക്കിയ ഇരിപ്പിടത്തിലാണോടാ ഞെളിഞ്ഞിരിക്കുന്നത്? ഇറങ്ങിപ്പോടാ കഴുതേ!"

തൂപ്പുകാരന്‍ ചാടിയെണീറ്റു. അയാള്‍ എങ്ങിനെയോ അറിയാതെ അവിടെ ഇരുന്ന് പോയതായിരുന്നു. രാജാവിന് വേണ്ടിയൊരുക്കിയ സ്വര്‍ണ്ണക്കസേരയാണ് അതെന്ന് അയാള്‍ ശ്രദ്ധിച്ചിരുന്നില്ല.

കാര്യം താന്‍ ചെയ്തത് തെറ്റ് തന്നെയാണ്. തൂപ്പുകാരന് അതറിയാമായിരുന്നു. എന്നിരുന്നാലും ഇത്രയും പേരുടെ മുന്നില്‍ വെച്ച് മന്ത്രി തന്നെ പരസ്യമായി അപമാനിച്ചത് അയാള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. മന്ത്രിയെ ഒരു പാഠം പഠിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രാജാവിന്‍റെ മുറി തൂത്ത് വാരികയായിരുന്ന തൂപ്പുകാരന്‍ രാജാവിനെ പ്രത്യേകം ശ്രദ്ധിച്ചു. രാജാവ് ഉറങ്ങാന്‍ കിടക്കുകയായിരുന്നു. രാജാവ് ഉറക്കം പിടിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയ തൂപ്പുകാരന്‍ തെല്ലുച്ചത്തില്‍ ഇങ്ങിനെ പറഞ്ഞു.

"പാവം രാജാവ്, എത്ര നിഷ്കളങ്കനായിട്ടാണ് ഉറങ്ങുന്നത്? ആ ചതിയനും വഞ്ചകനുമായ മന്ത്രി ഇദ്ദേഹത്തെ കൊലപ്പെടുത്താന്‍ സൈന്യാധിപനുമായി നടത്തുന്ന ഗൂഢാലോചന വല്ലതും ഇദ്ദേഹമുണ്ടോ അറിയുന്നു!"

ഇത് കേട്ട രാജാവ് ചാടിയെണീറ്റ് ചോദിച്ചു.

"എന്താണ്? എന്താണ് നീയിപ്പോള്‍ പറഞ്ഞത്?"

"അയ്യയ്യോ, ഞാനൊന്നും പറഞ്ഞില്ല തിരുമനസ്സേ. അങ്ങ് ഉറങ്ങിയില്ലായിരുന്നോ? ഞാനറിയാതെ ഉറക്കപ്പിച്ചില്‍ എന്തൊക്കെയോ പറഞ്ഞു പോയതാണ്. രണ്ട് ദിവസമായി ഓരോന്നാലോചിച്ച് ശരിക്കും ഉറങ്ങിയിട്ടില്ല. അങ്ങ് ദയവായി പൊറുക്കണം" തൂപ്പുകാരന്‍ വിനയത്തോടെ പറഞ്ഞു.

പാവം രാജാവിന്‍റെ ഉറക്കം നഷ്ടപ്പെട്ടു. തന്‍റെ വിശ്വസ്തനെന്ന് താന്‍ കരുതിയ മന്ത്രി തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നോ? അതോടെ രാജാവ് മന്ത്രിയെ സംശയദൃഷ്ടിയോടെ നോക്കാന്‍ തുടങ്ങി. മന്ത്രിയുമായി കൂടിയാലോചനകള്‍ നിറുത്തി. മാത്രമല്ല ഇനി മേലില്‍ കൊട്ടാരത്തില്‍ വരരുതെന്നും കര്‍ശനമായി നിര്‍ദ്ദേശിച്ചു.

പാവം മന്ത്രി! രാജാവിന്‍റെ പെട്ടെന്നുള്ള മാറ്റത്തിന്‍റെ കാരണം അദ്ദേഹത്തിന് മനസ്സിലായില്ല. രാജാവിന് തന്‍റെ മേല്‍ അപ്രീതി തൊന്നാനുള്ള എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പായി. അതെന്താണ് എന്ന് കണ്ടെത്താന്‍ മന്ത്രി ആലോചനയിലായി.

ആര്‍ക്കാണ് തന്നോട് വൈരാഗ്യമുള്ളത് എന്ന് അദ്ദേഹം ഓര്‍ത്തു. അവരിലാര്‍ക്കാണ് രാജാവിന്‍റെയടുത്ത് എന്തെങ്കിലും പറയാന്‍ മാത്രം സ്വാതന്ത്ര്യമുള്ളത് എന്ന് അദ്ദേഹം ആലോചിച്ചു. അപ്പോഴാണ് ദൂരെക്കൂടെ പോകുന്ന തൂപ്പുകാരന്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെട്ടത്.

മന്ത്രിക്ക് പെട്ടെന്ന് പഴയ സംഭവം ഓര്‍മ്മ വന്നു. തൂപ്പുകാരന് നിശ്ചയമായും രാജവിനടുത്തെത്താനും എന്തെങ്കിലും പറയാനും സാധിക്കും. താന്‍ അയാളെ അപമാനിച്ച് വിട്ടതില്‍ അയാള്‍ക്ക് നിശ്ചയമായും തന്നോട് ദേഷ്യം കാണും. പിന്നെ മന്ത്രി ഒന്നും ആലോചിച്ചില്ല. നേരെ തൂപ്പുകാരന്‍റെയടുത്ത് ചെന്നു.  എന്നിട്ട് പറഞ്ഞു.

"പ്രിയ സുഹൃത്തെ, എന്‍റെ മകളുടെ കല്യാണദിവസം നിങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അപമാനിച്ചതില്‍ എനിക്ക് അതിയായ വിഷമമുണ്ട്. അന്നത്തെ ദേഷ്യത്തില്‍ ചെയ്ത് പോയതാണ്. രാജാവിന് വേണ്ടി തയ്യാറാക്കിയ ഇരിപ്പിടത്തില്‍ മറ്റൊരാള്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാനായില്ല. താങ്കള്‍ എന്നോട് ക്ഷമിക്കണം!"

മന്ത്രി നേരിട്ട് തന്നോട് മാപ്പ് ചോദിച്ചതോടെ തൂപ്പുകാരന് സന്തോഷമായി. മാത്രമല്ല താന്‍ ചെയ്തത് വലിയ തെറ്റായിപ്പൊയി എന്നും അയാള്‍ക്ക് തോന്നി.
ഒരു മന്ത്രിയായിട്ട് പോലും തന്‍റെയടുത്ത് മാപ്പ് ചോദിച്ചത് മന്ത്രിയുടെ വലിയ മനസ്സ് കൊണ്ടല്ലേ. മാത്രമല്ല താന്‍ തെറ്റ് ചെയ്തതിനല്ലേ അദ്ദേഹം ശകാരിച്ചത്. താന്‍ പ്രതികാരബുദ്ധിയോടെ രാജാവിന് തെറ്റിദ്ധാരണയുണ്ടാക്കിയത് കഷ്ടമായിപ്പൊയി.

പിറ്റേ ദിവസം പതിവ് പോലെ രാജാവ് ഉറങ്ങാന്‍ തുടങ്ങുന്ന നേരം തൂപ്പുകാരന്‍ രാജാവിന്‍റെ മുറി അടിച്ച് വാരാന്‍ ചെന്നു. പാതിമയക്കത്തിലായിരുന്ന രാജാവ് കേള്‍ക്കാവുന്ന വിധത്തിലെ അയാള്‍ പറഞ്ഞു.

"ഇതെന്ത് രാജാവ്? മന്ത്രിയും സേനാനായകനും പെരും മഴയത്ത് യുദ്ധത്തിന് പോയതൊന്നും അറിയാതെ  ബോധമില്ലാതെ കിടന്നുറങ്ങുന്നു."

തൂപ്പുകാരന്‍ പറഞ്ഞത് കേട്ട് രാജാവ് ഞെട്ടിയെണീറ്റു. 

"യുദ്ധമോ? എവിടെ യുദ്ധം? എവിടെയാടോ പെരുംമഴ? എന്തൊക്കെയാണ് നീയീ പുലമ്പുന്നത്?" രാജാവ് ദേഷ്യപ്പെട്ടു.

"അയ്യോ! തിരുമേനീ ക്ഷമിക്കണേ! ഇന്നലെ അടിയന്‍ ഒരു പോള കണ്ണടച്ചിട്ടില്ലസ്. ഉറക്കപ്പിച്ചില്‍ അറിയാതെ എന്തൊക്കെയോ മണ്ടത്തരങ്ങള്‍ പറഞ്ഞ് പോയതാണ്. " തൂപ്പുകാരന്‍ രാജാവിന്‍റെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിച്ചു.

ദയാലുവായ രാജാവ് അയാള്‍ക്ക് മാപ്പ് നല്‍കി പറഞ്ഞയച്ചു. പെട്ടെന്നാണ് ഇതിന് മുന്പൊരു ദിവസം ഇതേ പോലെതന്നെ മന്ത്രിയെക്കുറിച്ച് തൂപ്പുകാരന്‍ പറഞ്ഞ കാര്യം അദ്ദേഹം ഓര്‍ത്തത്. മണ്ടനായ തൂപ്പുകാരന്‍ പുലമ്പിയ വിഡ്ഢിത്തം കേട്ട് മന്ത്രിയെ തെറ്റിദ്ധരിച്ചതില്‍ അദ്ദേഹത്തിന് കുറ്റബോധം തോന്നി. രാജാവ് അപ്പോള്‍ തന്നെ ആളയച്ച് മന്ത്രിയെ വിളിപ്പിച്ചു. 

കൊട്ടാരത്തിലെത്തിയ മന്ത്രിയെ വളരെ സ്നേഹപൂര്‍വ്വം ആദരിച്ച് അദ്ദേഹത്തിന്‍റെ പഴയ ഇരിപ്പിടത്തിലേയ്ക്ക് നയിച്ചു. വീണ്ടും രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

അതോടെ തൂപ്പുകാരന്‍ തന്നെയാണ് തനിക്ക് ഈ അവസ്ഥ വരുത്തിയതെന്നും, താന്‍ ക്ഷമ ചോദിച്ചതോടെ അയാള്‍ തന്നെയായിരിക്കും പ്രശ്നം പരിഹരിച്ചതെന്നും മന്ത്രിക്ക് ഉറപ്പായി. 

വെറും സാധാരണക്കാരനായ ഒരു തൂപ്പുകാരന്‍ വിചാരിച്ചാലും ചിലതൊക്കെ നടക്കുമെന്ന് ഒരു ചെറു ചിരിയോടെ മന്ത്രി ഓര്‍ത്തു.

Post a Comment

0 Comments