വസിഷ്ഠ മഹര്‍ഷിയുടെയും വിശ്വാമിത്ര മഹര്‍ഷിയുടെയും കഥ


സപ്തർഷികളിൽ ഒരാളാണ് വസിഷ്ഠൻ അഥവാ വസിഷ്ഠ മഹർഷി.  സൂര്യവംശത്തിന്റെ ഗുരുവും കൂടിയാണ് വസിഷ്ഠൻ. വസിഷ്ഠന്‍റെ കാലത്ത് തന്നെ ജീവിച്ചിരുന്ന മറ്റൊരു ശക്തനായ മഹര്‍ഷിയായിരുന്ന ബ്രഹ്മര്‍ഷിയായ വിശ്വാമിത്രന്‍.  

അറിവിലും അനുഭവത്തിലും തുല്യരായിരുന്നെങ്കിലും സ്വതവേ ത്രിമൂര്‍ത്തികള്‍ക്കും ദേവന്മാര്‍ക്കുമൊക്കെ കൂടുതല്‍ താത്പര്യം വസിഷ്ഠ മഹര്‍ഷിയോടായിരുന്നു. ഇത് വിശ്വാമിത്ര മഹര്‍ഷിക്കും അറിയാമായിരുന്നു. അത് കൊണ്ട് തന്നെ തനിക്കൊപ്പമായ വസിഷ്ഠനോട് എന്ത് കൊണ്ടാണ് എല്ലാവര്‍ക്കും കൂടുതലിഷടമെന്നറിയാന്‍ വിശ്വാമിത്രന്‍ ആഗ്രഹിച്ചു.

അദ്ദേഹം മഹാവിഷ്ണുവിനെ നേരില്‍ കണ്ട് ചോദിച്ചു.

"ഭഗവാന്‍, ഞാനും വസിഷ്ഠനും ഒരേ തപ:ശ്ശക്തി നേടിയവരാണ്. തുല്യമായ അറിവും കഴിവുമുണ്ടായിട്ടും എന്തു കൊണ്ടാണ് എല്ലാവരും വസിഷ്ഠനെ കൂടുതല്‍ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും"

"മഹാമുനേ, അങ്ങയുടെ സംശയം എനിക്ക് മനസ്സിലായി. എന്നാല്‍ അതിനൊരുത്തരും നല്‍കാന്‍ തത്കാലം ഞാന്‍ അശക്തനാണ്. അങ്ങ കുറച്ച് കാലം കൂടി ക്ഷമിച്ചാലും. അതിന്‍റെ കാരണം ഞാന്‍ താമസിയാതെ തന്നെ  വ്യക്തമാക്കി തരാം." മഹാവിഷ്ണു വിനയപൂര്‍വം മറുപടി പറഞ്ഞുഞു.

കുറച്ച് കാലങ്ങള്‍ക്ക് ശേഷം മഹാവിഷ്ണു വസിഷ്ഠ മഹര്‍ഷിയേയും വിശ്വാമിത്ര മഹര്‍ഷിയെയും തന്‍റെയടുത്തെയ്ക്ക് ക്ഷണിച്ചു. രണ്ട് പേരെയും ഒരു പോലെ ആദരിച്ചിരുത്തിയ ശേഷം മഹാവിഷ്ണു പറഞ്ഞു. 

"മഹാമുനികളായ നിങ്ങള്‍ രണ്ട് പേരും ഒരു പോലെ ശ്രേഷ്ഠരും എനിക്ക് വളരെ പ്രിയപ്പെട്ടവരുമാണ്. നിങ്ങള്‍ രണ്ട് പേരും എനിക്ക് വേണ്ടി ഒരു സല്‍കര്‍മ്മം ചെയ്യണം. രണ്ട് പേരും നിങ്ങളേക്കാള്‍ താഴ്ന്നവരായ നൂറ് പേരെ ഊട്ടണം. അതിന് ശേഷം എന്‍റെയടുത്തെത്തണം"

വിഷ്ണുവിന്‍റെ നിര്‍ദ്ദേശം സ്വീകരിച്ച് രണ്ട് മഹര്‍ഷിമാരും പുറപ്പെട്ടു. വിശ്വാമിത മഹര്‍ഷി അടുത്തദിവസം തന്നെ നൂറല്ല, ഒരായിരം പേര്‍ക്ക് വിഭവസമൃദ്ധമായ സദ്യ തന്നെ നടത്തി. വിഷ്ണുവിന്‍റെ നിര്‍ദ്ദേശം പെട്ടെന്ന് തന്നെ പൂര്‍ത്തീകരിച്ച അഭിമാനത്തോടെ തിരികെ മഹാവിഷ്ണുവിന്‍റെ അടുത്തെത്തി വിവരം ധരിപ്പിച്ചു.

വസിഷ്ഠ മഹര്‍ഷി അപ്പോഴും തിരിച്ചെത്തിയിരുന്നില്ല. എന്ന് മാത്രമല്ല ഒരു മാസം കടന്ന് പോയിട്ടും വസിഷ്ഠ മഹര്‍ഷി എത്തിയില്ല. വിശ്വാമിത്ര മഹര്‍ഷിയും മഹാവിഷ്ണുവും വസിഷ്ഠ മഹര്‍ഷിയെ കാത്തിരുന്നു. കുറേ ദിവസങ്ങള്‍ക്ക് ശേഷം തളര്‍ന്നവശനായി തന്‍റെ സന്നിധിയിലെത്തിയ വസിഷ്ഠ മഹര്‍ഷിയോട് മഹാവിഷ്ണു ചോദിച്ചു.

"മഹാമുനേ, അങ്ങ് എന്ത് കൊണ്ടാണ് ഇത്ര താമസിച്ചത്? ഞാന്‍ ഏല്‍പ്പിച്ച കര്‍മ്മം അങ്ങ് ഭംഗിയായി നിര്‍വഹിച്ച് കാണുമല്ലോ?"

"ഭഗവാനേ, അങ്ങ് അടിയനോട് ക്ഷമിക്കണം. എന്നെ ഏല്‍പ്പിച്ച കര്‍മ്മം നിര്‍വ്വഹിക്കാന്‍ എനിക്ക് സാധിച്ചില്ല. കാരണം ഞാന്‍ കണ്ട വ്യക്തികളാരും തന്നെ എന്നേക്കാള്‍ താഴ്ന്നവരായിരുന്നില്ല. ഞാന്‍ കുറെയേറെ യാത്ര ചെയ്തു. ഭൂമി മുഴുവന്‍ തിരഞ്ഞിട്ടും അങ്ങ് പറഞ്ഞത് പോലെ എന്നെക്കാള്‍ താഴ്ന്ന ഒരു വ്യക്തിയെയും എനിക്ക് കണ്ടെത്താനായില്ല. പക്ഷിമൃഗാദികള്‍ക്ക് പോലും എന്നേക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി."

വസിഷ്ഠ മഹര്‍ഷിയുടെ മറുപടി കേട്ട മഹാവിഷ്ണു വിശ്വാമിത്രമഹര്‍ഷിയോടായി പറഞ്ഞു.

"എന്ത് കൊണ്ടാണ് വസിഷ്ടമഹര്‍ഷിയെ എല്ലാവരും ബഹുമാനിക്കുന്നതും ആദരിക്കുന്നതുമെന്ന് അങ്ങേയ്ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ? വസിഷ്ഠമഹര്‍ഷി എല്ലാവരെയും തന്നേക്കാള്‍ ഉന്നതരെന്ന് കരുതുമ്പോള്‍ അങ്ങ് എല്ലാവരും തന്നേക്കാള്‍ താഴെയാണെന്ന് വിശ്വസിക്കുന്നു. താങ്കളുടെ അഹങ്കാരത്തേക്കാള്‍ വസിഷ്ഠമഹര്‍ഷിയുടെ വിനയമാണ് വലുതെന്നത് കൊണ്ടാണ് മറ്റുള്ളവര്‍ അദ്ദേഹത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നതിന് കാരണം"

Post a Comment

0 Comments