ഹിരണ്യകശിപുവിന്‍റെ കഥ


മഹാവിഷ്ണുവിന്‍റെ ദശാവതാരകഥകളില്‍ ഒന്നാണ് ഹിരണ്യകശിപുവിന്‍റേത്. വിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളിൽ നാലാമത്തെ അവതാരമാണ് നരസിം‌ഹം.

മഹാവിഷ്ണുവിന്റെ ദ്വാരപാലകരിലൊരാളായ ജയനാണ് കൃതയുഗത്തിൽ ഹിരണ്യാക്ഷനായി ജന്മമെടുത്തത്. അസുരരാജാവായ ഹിരണ്യാക്ഷൻ ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി വരം നേടി ദേവലോകം ആക്രമിച്ച് കീഴടക്കുകയും ഭൂമീദേവിയെത്തന്നെ പാതാളത്തിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതെത്തുടർന്ന് വിഷ്ണുഭഗവാൻ, വരാഹമായി അവതരിച്ച് ഹിരണ്യാക്ഷനെ വധിച്ചു. ഹിരണ്യാക്ഷന്‍റെ സഹോദരനായിരുന്നു ഹിരണ്യകശിപു. വിഷ്ണു തന്‍റെ സഹോദരനെ വധിച്ചതില്‍ ക്രുദ്ധനായ ഹിരണ്യകശിപു ബ്രഹ്മാമാവിനെ തപസ് ചെയ്ത് ഒരു വരം നേടി. 

"തന്‍റെ മരണം രാത്രിയോ പകലോ ആകരുത്, വീടിനകത്തോ പുറത്തോ ആകരുത്, ആകാശത്തോ ഭൂമിയിലോ ആകരുത്, ആയുധങ്ങൾ കൊണ്ടോ വെറും കൈ കൊണ്ടോ ആകരുത്, ദേവന്മാരാലോ, മനുഷ്യരാലോ, പക്ഷിമൃഗാദികളാലൊ മരണം സംഭവിക്കരുത്" ഇതായിരുന്നു ഹിരണ്യകശിപു നേടിയെടുത്ത വരം. 

വരബലത്തിൽ അഹങ്കാരിയായ ഹിരണ്യകശിപു ദേവലോകം ആക്രമിച്ചുകീഴടക്കി. ദേവന്മാരെ സ്ഥാനഭ്രഷ്ടരാക്കി. ഇതിൽ ദുഃഖിതരായ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. താൻ ഉടനെ പ്രശ്നപരിഹാരം നടത്തിക്കൊള്ളാമെന്ന് ഭഗവാൻ അവർക്ക് വാക്കുകൊടുത്തു.

ഹിരണ്യകശിപു തന്‍റെ രാജ്യത്ത് വിഷ്ണുപൂജ നിരോധിച്ചു. ആരും വിഷ്ണുവിനെ പൂജിയ്ക്കരുതെന്നും, തന്നെ മാത്രമേ പൂജിയ്ക്കാൻ പാടൂ എന്നും അയാൾ ആജ്ഞാപിച്ചു.

ഹിരണ്യകശിപുവിന്‍റെ പുത്രനായിരുന്നു പ്രഹ്ളാദന്‍. പ്രഹ്ളാദന്‍ തികഞ്ഞ വിഷ്ണുഭക്തനായിരുന്നു.  തന്‍റെ മകനെയും ഹിരണ്യകശിപു വിഷ്ണു പൂജ നടത്തുന്നതില്‍ നിന്നും വിലക്കി. എന്നാല്‍ പ്രഹ്ളാദന്‍ അച്ചന്‍റെ വാക്കുകള്‍ ധിക്കരിച്ച് ആരാധന തുടര്‍ന്നു. എല്ലായ്പ്പോഴും "നാരായണ! നാരായണ!" എന്നുരുവിട്ട് നടക്കുന്ന പ്രഹ്ളാദനോട് ഹിരണ്യകശിപുവിന് കലശലായ ദേഷ്യമായി. എത്ര ശ്രമിച്ചിട്ടും തന്‍റെ ശത്രുവായ വിഷ്ണുവിനെ തന്നെ ആരാധിച്ച് നടക്കുന്ന മകനെ കൊല്ലാന്‍ തന്നെ തീരുമാനിച്ച ഹിരണ്യകശിപു കടലിലെറിഞ്ഞും, കൊക്കയിലെറിഞ്ഞുമൊക്കെ കൊല്ലാന്‍ ഭടന്മാരെ ചുമതലപ്പെടുത്തി. പക്ഷേ ഓരോ തവണയും പ്രഹ്ളാദന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നെയും ഹിരണ്യകശിപു പ്രഹ്ളാദനെ കൊല്ലാനായി അദ്ദേഹത്തെ തീയിലിട്ടു. മഹാവിഷ്ണുവിന്‍റെ അനുഗ്രഹത്താല്‍ എല്ലാ അപകടത്തില്‍ നിന്നും പ്രഹ്ളാദന്‍ രക്ഷപ്പെട്ടു. 

ഒരു ദിവസം സന്ധ്യാസമയം വിഷ്ണുപൂജയിലേര്‍പ്പെട്ടിരിക്കുന്ന പ്രഹ്ളാദനൊട് ഹിരണ്യകശിപു ചോദിച്ചു.

"എവിടെയുണ്ട് നിന്‍റെ ഭഗവാന്‍ വിഷ്ണു? ഇവിടെ എവിടെയെങ്കിലുമുണ്ടൊ?"

"ഭഗവാന്‍ തൂണിലും തുരുമ്പിലുമുണ്ട്!" ഇതായിരുന്നു പ്രഹ്ളാദന്‍റെ മറുപടി.

കോപാകുലനായ ഹിരണ്യകശിപു അടുത്തുള്ള തൂണില്‍ തന്‍റെ ഗദ കൊണ്ട് ശക്തിയായി അടിച്ച് കൊണ്ട് ചോദിച്ചു.

"ഈ തൂണിലുണ്ടോ നിന്‍റെ ഭഗവാന്‍?"

പെട്ടെന്ന് ആ തൂണ് പൊട്ടിപ്പിളര്‍ന്ന് കൊണ്ട് മഹാവിഷ്ണു നരസിംഹാവതാരത്തില്‍ ഉഗ്രരൂപിയായി അവതരിച്ചു. 

ഹിരണ്യകശിപുവിന് ലഭിച്ച വരത്തില്‍ പറഞ്ഞിരുന്നത് പോലെ പകലും രാത്രിയുമല്ലാത്ത സന്ധ്യാസമയത്തായിരുന്നു നരസിംഹാവതാരം. സിംഹത്തിന്‍റെ തലയും മനുഷ്യന്‍റെ ഉടലുമുണ്ടായിരുന്ന നരസിംഹം, മനുഷ്യനോ ദേവനോ മൃഗമോ ഒന്നുമല്ലായിരുന്നു. 

നരസിംഹം ഹിരണ്യകശിപുവിനെ കൊട്ടാരത്തിന്‍റെ ഉമ്മറപ്പടിയില്‍ കൊണ്ട് പോയി തന്‍റെ മടിയില്‍ കിടത്തി നഖങ്ങള്‍ കൊണ്ട് അയാളുടെ മാറിടം രണ്ടായി വലിച്ചു പിളര്‍ത്തി കൊന്നു. അങ്ങിനെ ഭൂമിയിലും, ആകാശത്തിലുമല്ലാതെ, വീടിനകത്തും പുറത്തുമല്ലാതെ, രാത്രിയും പകലുമല്ലാത്ത സമയത്ത് ദേവനോ, മനുഷ്യനോ, പക്ഷിമൃഗാദികളോ അല്ലാത്ത ഒരു ജീവിയാല്‍ ആയുധങ്ങള്‍ കൊണ്ടല്ലാതെ ഹിരണ്യകശിപു കൊല്ലപ്പെട്ടു. 

ഹിരണ്യകശിപുവിനെ വധിച്ചിട്ടും കോപമടങ്ങാതെ നിന്ന നരസിംഹം, പ്രഹ്ളാദന്‍റെ  സ്തുതിഗീതങ്ങൾ കേട്ട് ശാന്തരൂപനായി അവനെ അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനായി.

Post a Comment

0 Comments