ഒരിയ്ക്കല്‍ ഇറങ്ങിയ ഒരു കുറുക്കന്‍ ഒരു വലയിലകപ്പെട്ടു. കൊഴിയുടെ മണം പിടിച്ച് ആ കൊതിയന്‍ ഒരു കര്‍ഷകന്‍റെ കോഴിക്കൂടിന് അടുത്തെത്തിയതായിരുന്നു. കര്‍ഷകന്‍ ഇത്തരം കോഴിക്കള്ളന്മാരെ പിടിക്കാന്‍ കൂടിന് താഴെയായി വല വെച്ചിരുന്നത് കുറുക്കന്‍ കണ്ടില്ലായിരുന്നു.
എന്തായാലും വലയില്‍ കുടുങ്ങിപ്പോയി. ഇനിയെങ്ങനെ രക്ഷപ്പെടാന്‍? നേരം വെളൂക്കാന്‍ ഇനി അധിക സമയമില്ല. കര്‍ഷകന്‍ കണ്ടെത്തിയാല്‍ ജീവന്‍ പോയത് തന്നെ. കുറുക്കന്‍ ചിന്തയിലായി. അവന്‍ ആ വലയുടെ കണ്ണികള്‍ കടിച്ചു പൊട്ടിക്കാനുള്ള ശ്രമത്തിലായി.
എന്നും അതിരാവിലെ എഴുന്നേല്‍ക്കാറുള്ള ഒരു പൂവന്‍ കോഴി ഉണര്‍ന്നെണീറ്റത് അപ്പോഴാണ്. കൂടിന് പുറത്തിറങ്ങിയ പൂവന്‍ രാവിലെ തന്നെ കണി കണ്ടതോ? ഒരു കുറുക്കനെ! കുറുക്കന്‍ വലയിലാണ് എന്ന് കണ്ടപ്പോള്‍ പൂവന് സമാധാനമായി. തന്‍റെ വര്‍ഗ്ഗത്തിന്‍റെ ശത്രുവായ കുറുക്കനെ ഒന്നടുത്ത് കാണുവാന്‍ പൂവന്‍ വലയുടെ അടുത്തെത്തി.
കോഴിയെ അടുത്ത് കണ്ടതും കുറുക്കന് ചെറിയൊരു പേടിയാണ് തോന്നിയത്. നല്ല വിശപ്പുണ്ടായിട്ടും മുഴുത്ത ഒരു കോഴിയെ അടുത്ത് കണ്ടിട്ടും കൊതിയന്‍ കുറുക്കന്‍ അപ്പോള്‍ ചിന്തിച്ചത് രക്ഷപ്പെടാനുള്ള ഒരു വഴിയെക്കുറിച്ചായിരുന്നു. അല്ലെങ്കിലും ജീവനേക്കാള്‍ വലുതല്ലല്ലോ വിശപ്പ്!
കുറുക്കാന്‍ കോഴിയോട് പറഞ്ഞു.
"പ്രിയ സുഹൃത്തേ, നീയെന്നെയൊന്ന് സഹായിക്കണം. സത്യമായിട്ടും ഞാന്‍ നിങ്ങളെയാരെയും ഉപദ്രവിക്കാന്‍ വന്നതല്ല. ഞാനെന്‍റെ സുഖമില്ലാതെ കിടക്കുന്ന ഒരു ബന്ധുവിനെ സന്ദര്‍ശിക്കാനിറങ്ങിയതാണ്. എങ്ങിനെയോ ഈ വലയില്‍ കുടുങ്ങിപ്പോയി. "
"അതിന് ഞാന്‍ എന്ത് ചെയ്യാനാണ്?" പൂവന്‍ ചോദിച്ചു.
"നീയൊന്നും ചെയ്യണ്ട. നീ വെറുതെ ബഹളം വെച്ച് മറ്റുള്ളവരെ ഉണര്‍ത്താതിരുന്നാല്‍ മതി. അവരെല്ലാം സുഖമായി ഉറങ്ങിക്കോള്ളട്ടെ. ആരെയും ബുദ്ധിമുട്ടിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ഞാനീ വല കടിച്ച് പൊട്ടിച്ച് സ്ഥലം വിട്ടോളാം"
കുറുക്കന്‍റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍, ആ പൂവന്‍ കോഴി കുറുക്കന്‍ വിചാരിച്ചത് പോലെ ഒരു മണ്ടനല്ലായിരുന്നു. അവന്‍ ഉടന്‍ തന്നെ നിറുത്താതെ കൂവാന്‍ തുടങ്ങി. അതോടെ കോഴികളെല്ലാം ഉണര്‍ന്നു. കൂടിനടുത്ത് കുറുക്കനെ കണ്ടതും കോഴികളെല്ലാം ബഹളം വെച്ച് തുടങ്ങി. അതു കേട്ട് അധികം താമസിയാതെ കര്‍ഷകനും മറ്റും ഓടിയെത്തി.
പിന്നത്തെ കാര്യം പറയണോ? ആ കുറുക്കനെ പിന്നീടാരും കണ്ടിട്ടില്ല.
0 Comments