ഉറങ്ങുന്ന കുട - ഒരു ഷെയ്ക് ചിലി കഥ


ഒരു ദിവസം വൈകിട്ട് ഷെയ്ക് ചിലിയുടെ ഉമ്മ അത്താഴത്തിന് വിശേഷപ്പെട്ട ഭക്ഷണങ്ങളുണ്ടാക്കി.  ഷെയ്ക്ക് ചിലിക്ക് വളരെ സന്തോഷമായി. അവന്‍ വയറ് നിറയെ ഭക്ഷണം കഴിച്ചു. അതോടെ ഷെയ്ക്കിന് നല്ല ഉറക്കവും വന്നു തുടങ്ങി. എങ്ങിനെയെങ്കിലും ഒന്ന് കട്ടിലിലെത്തി ഉറങ്ങിയാല്‍ മതി എന്ന് കരുതി ഷെയ്ക് മുറിയിലേയ്ക്ക് പോകുമ്പോഴാണ് ഉമ്മ വിളിച്ച് പറഞ്ഞത്. 

"ഷെയ്ക്കൂ, നീ വേഗം ഈ ഭക്ഷണം അടുത്ത വീട്ടില്‍ കൊടുത്തിട്ട് വരൂ"

പുറത്താണെങ്കില്‍ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഷെയ്ക് ചിലിയുടെ മടി കണ്ട് ഉമ്മ ഒരു കുടയെടുത്ത് കൊടുത്ത് കൊണ്ട് പറഞ്ഞു. 

"നല്ല കുട്ടിയായി പെട്ടെന്ന് പോയി കൊടുത്തിട്ട് വാ"

നിവൃത്തിയില്ലാതെ ഷെയ്ക് ആ ഭക്ഷണവുമെടുത്ത് അയല്‍വാസിയുടെ വീട്ടിലെയ്ക്ക് പോയി. 

പെട്ടെന്ന് തന്നെ ഷെയ്ക് തിരികെ വീട്ടിലെത്തി. എത്രയും വേഗം മുറിയിലെത്തി ഒന്ന് കിടക്കാനുള്ള തിടുക്കത്തിലായിരുന്നു അവന്‍. അത് കണ്ട് അവന്‍റെ ഉമ്മ പറഞ്ഞു.

"മോനേ, നീയാ നനഞ്ഞ കുട മുറിയുടെ ഒരു മൂലയില്‍ വെച്ച് പെട്ടെന്ന് പോയി കിടന്നുറങ്ങിക്കോ"

കേട്ട പാതി കേള്‍ക്കാത്ത പാതി ഷെയ്ക്  മുറിയിലേയ്ക്കോടി.

പിറ്റേന്ന് രാവിലെ മകനെ വിളിച്ചുണര്‍ത്താനായി മുറിയിലേയ്ക്ക് ചെന്ന ഉമ്മ അന്ധാളിച്ച് പോയി. കിടയ്ക്കയില്‍ കിടന്നുറങ്ങുന്നത് ഷെയ്ക് ചിലിയല്ല, പകരം കിടക്കയിലുള്ളത് നനഞ്ഞ് കുതിര്‍ന്ന കുടയായിരുന്നു.

"ഇവനിതെവിടെപ്പോയി" ഉമ്മ പരിഭ്രമത്തോടെ ചുറ്റും നോക്കി. അപ്പോഴാണ് മുറിയുടെ മൂലയില്‍ ചുമരും ചാരി നിന്നുറങ്ങുന്ന ഷെയ്കിനെ കണ്ടത്!

"ഷെയ്ക്കൂ, മോനേ! നീയിതെന്താണീ കാണിക്കുന്നത്? ചുമരില്‍ ചാരി നിന്നാണൊ ഉറങ്ങുന്നത്?" ഉമ്മ ചോദിച്ചു.

"ഉമ്മയല്ലേ പറഞ്ഞത് മുറിയുടെ ഒരു മൂലയില്‍ ചെന്ന് നിന്നുറങ്ങിക്കോളാന്‍? എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്. ചുമരില്‍ ചാരിനിന്നുറങ്ങാന്‍ വലിയ ബുദ്ധിമുട്ടാണ്" ഷെയ്ക് നിഷ്കളങ്കമായി പറഞ്ഞു.

"എന്‍റെ തമ്പുരാനേ, നീയെന്താണ് മോനെ പറയുന്നത്? ഞാന്‍ കുട മുറിയുടെ മൂലയില്‍ വെയ്ക്കാനല്ലേ പറഞ്ഞത്? ആരെങ്കിലും നനഞ്ഞ കുട കട്ടിലില്‍ വെയ്ക്കുമോ? ഇപ്പോള്‍ ആ കിടക്കയും നനഞ്ഞ് നാശമായി" ഷെയ്ക്കിന്‍റെ മണ്ടത്തരമോര്‍ത്ത് വിഷമിച്ച് കൊണ്ട് ഉമ്മ പറഞ്ഞു.

ആര് കേള്‍ക്കാന്‍? അപ്പോഴേയ്ക്കും തീരെ തളര്‍ന്ന ഷെയ്ക് താഴെ തറയില്‍ കിടന്ന് ഉറക്കം പിടിച്കിരുന്നു.

Post a Comment

0 Comments