ബീര്‍ബലിന്‍റെ ബുദ്ധി


ഒരിയ്ക്കര്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി അക്ബര്‍ ചക്രവര്‍ത്തിയ്ക്ക് ഒരു ദൂതന്‍ വശം ഒരു ചെമ്മരിയാടിനെ കൊടുത്തു വിട്ടു. ഒപ്പം ഒരു കത്തുമുണ്ടായിരുന്നു.

"മഹാരാജന്‍! ഞാന്‍ അങ്ങേയ്ക്ക് ഒരാടിനെ കൊടുത്തയയ്ക്കുന്നു. അതിനെ കൃത്യമായി ഭക്ഷണവും വെള്ളവും കൊടുത്ത് നല്ല പോലെ പരിപാലിക്കുക. മൂന്ന് മാസത്തിന് ശേഷം ആടിനെ എനിക്ക് തിരിച്ചയക്കുക. പക്ഷേ, ഒരു കാര്യമുണ്ട്. മൂന്ന് മാസം കഴിയുമ്പോഴും ആടിന്‍റെ ഭാരം ഇപ്പോഴുള്ളത് പോലെ തന്നെയായിരിക്കണം. ഭാരം ഒട്ടും കൂടുകയോ കുറയുകയോ അരുത്"

കത്ത് വായിച്ച അക്ബര്‍ ചക്രവര്‍ത്തി ആശയക്കുഴപ്പത്തിലായി. ഇത് തന്നെ പരീക്ഷിക്കാനുള്ള പണിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം രാജസദസ്സില്‍ പ്രശ്നമുന്നയിച്ചു. പലരും പല നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചെങ്കിലും ഒന്നും തന്നെ പ്രായോഗികമായി ചക്രവര്‍ത്തിക്ക് തോന്നിയില്ല. 

അങ്ങിനെ സഭയില്‍ ചൂട് പിടിച്ച ചര്‍ച്ച നടക്കുമ്പോഴാണ് ബീര്‍ബല്‍ സഭയിലേയ്ക്കെത്തിയത്. ബീര്‍ബലിനെ കണ്ടതും അക്ബര്‍ ചക്രവര്‍ത്തിയ്ക്ക് സമാധാനമായി. ഏത് കുഴപ്പിക്കുന്ന പ്രശ്നത്തിനും ബീര്‍ബല്‍ സമാധാനം കണ്ടെത്തുമെന്ന് അക്ബര്‍ ചക്രവര്‍ത്തിക്കറിയാം. അദ്ദേഹം ബീര്‍ബലിന് മുന്‍പില്‍ പ്രശ്നം അവതരിപ്പിച്ചു. തെല്ലിട ചിന്തിച്ച ശേഷം ബീര്‍ബല്‍ പറഞ്ഞു.

"പ്രഭോ, ഈ പ്രശ്നത്തിന് ഒരു പോംവഴിയേയുള്ളൂ. ചെമ്മരിയാടിനെ കെട്ടുന്ന തൊഴുത്തിനടുത്ത് തന്നെ കണ്ടാല്‍ ക്രൌര്യം തോന്നിക്കുന്ന രണ്ട് വലിയ ചെന്നായ്ക്കളെയും കയ്യെത്താ ദൂരത്തില്‍ കെട്ടിയിടുക. എന്നിട്ട് അങ്ങ് അതിന് വേണ്ട പോലെ തീറ്റ കൊടുത്ത് പരിപാലിച്ചോളൂ. ചെമ്മരിയാടിന്‍റെ ഭാരം കൂടാതെയും കുറയാതെയും നിലനിര്‍ത്താന്‍ സാധിക്കും"

"അതെങ്ങനെ സാധിക്കും ബീര്‍ബല്‍!" ചക്രവര്‍ത്തിയ്ക്ക് ബീര്‍ബലിന്‍റെ തന്ത്രം എങ്ങിനെ ഫലപ്രദമാകുമെന്ന് മനസ്സിലായില്ല.

"രണ്ട് ചെന്നായ്ക്കള്‍ക്കിടയില്‍ നില്‍ക്കുന്ന ചെമ്മരിയാടിന് ഒരിയ്ക്കലും മനസ്സമാധാനം ഉണ്ടാകാനിടയില്ല. കാരണം ചെന്നായ്ക്കള്‍ എപ്പോഴും അതിനെ പിടിക്കാന്‍ ശ്രമിച്ച് കൊണ്ടെയിരിക്കും. മരണഭയത്തില്‍ കഴിയുന്ന ആട് എത്ര തന്നെ പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാലും അത് തടിച്ചു കൊഴുക്കുകയേയില്ല!" ബീര്‍ബല്‍ ഒരു പുഞ്ചിരിയോടെ വിശദീകരിച്ചു.

ബീര്‍ബല്‍ പറഞ്ഞത് ശരിയാണെന്ന് അക്ബര്‍ ചക്രവര്‍ത്തിയ്ക്ക് മനസ്സിലായി. പതിവ് പോലെ ബീര്‍ബലിന് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചു.

ബീര്‍ബല്‍ നിര്‍ദ്ദേശിച്ചത് പോലെ തന്നെ ചക്രവര്‍ത്തി പ്രവര്‍ത്തിച്ചു. മൂന്ന് മാസത്തിന് ശേഷം തിരികെയെത്തിയ ആട് പഴയത് പോലെ തന്നെ ഇരിക്കുന്നത് കണ്ട് പേര്‍ഷ്യന്‍ ചക്രവര്‍ത്തി അത്ഭുതപ്പെട്ടു പോയി.

Post a Comment

0 Comments