വൃദ്ധനും പോലിസും!


 ഒരിടത്ത് ഒരു വലിയ വീട്ടില്‍ ഒരു വൃദ്ധദമ്പതികള്‍ താമസിച്ചിരുന്നു. ഒരു ദിവസം രാത്രി പുറംവാതിലില്‍ എന്തോ ഒരു ശബ്ദം കേട്ട് ഉണര്‍ന്നെണീറ്റ ഭാര്യ ഭര്‍ത്താവിനോട് പറഞ്ഞു.

"പുറത്തെന്തോ ശബ്ദം കേള്‍ക്കുന്നുണ്ട്. വല്ല കള്ളന്മാരുമായിരിക്കുമോ?"

വൃദ്ധന്‍ ഉടനെ തന്നെ പതുക്കെ ജനല്‍ തുറന്ന് പുറത്തെയ്ക്ക് നോക്കി. പുറത്തെ ഇരുട്ടില്‍ കുറച്ച് രൂപങ്ങള്‍ പതിയിരിക്കുന്നത് അയാള്‍ കണ്ടു. പുറം വാതില്‍ പൊളിച്ച് അകത്ത് കയറാനാണ് അവരുടെ ശ്രമം എന്ന് വൃദ്ധന് മനസ്സിലായി. 

അയാള്‍ ഉടന്‍ തന്നെ പോലീസിന് ഫോണ്‍ ചെയ്തു. മറൂപുറത്ത് നിന്നും ഹലോ കേട്ടതും വൃദ്ധന്‍ പറഞ്ഞു.

"സാര്‍, ഞങ്ങളുടെ വീട്ടില്‍ കുറെ കള്ളന്മാര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയാണ്. വീട്ടില്‍ വയസ്സായ ഞാനും എന്‍റെ ഭാര്യയും മാത്രമേയുള്ളൂ. എത്രയും പെട്ടെന്ന് നിങ്ങളിവിടെ എത്തണം!"

"നിങ്ങളുടെ വിലാസം പറയൂ" പോലീസുകാരന്‍ ആവശ്യപ്പെട്ടു.

വൃദ്ധന്‍ വിലാസം പറഞ്ഞ് കൊടുത്തു. എന്നിട്ട് എത്രയും വേഗം പൊലീസ് സംഘത്തെ അയക്കാന്‍ ആവശ്യപ്പെട്ടു.

"ഇവിടെ ഇപ്പോള്‍ ഒരൊറ്റ് പോലിസുകാരന്‍ പോലുമില്ല. ഞാനൊന്ന് നോക്കട്ടെ. ഒരു മണിക്കൂറിനുള്ളില്‍ ആരെയെങ്കിലും പറഞ്ഞയയ്ക്കാം"

പോലീസുകാരന്‍റെ മറുപടി കേട്ട് വൃദ്ധന്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. പുറത്ത് വാതില്‍ പൊളിക്കാന്‍ ശ്രമിക്കുന്ന കള്ളന്മാരുടെ ശബ്ദം!

രണ്ട് മിനിറ്റ് കഴിഞ്ഞതും പോലിസ് സ്റ്റേഷനിലേയ്ക്ക് വൃദ്ധന്‍റെ ഫോണ്‍ വീണ്ടുമെത്തി. 

"നിങ്ങളോടിപ്പോഴല്ലേ പറഞ്ഞത്, ഇവിടെ പോലീസുകാര്‍ക്കൊന്നും ഒഴിവില്ലെന്ന്. പറഞ്ഞാല്‍ മനസ്സിലാവില്ലേ?" ഫോണെടുത്ത പോലിസുകാരന്‍ ദേഷ്യപ്പെട്ടു,

"അല്ല സാര്‍, ഇനിയാരും വരേണ്ടെന്ന് പറയാനാണ് ഞാന്‍ വിളിച്ചത്. നിങ്ങള്‍ വരില്ലെന്ന് അറിഞ്ഞപ്പോള്‍ ഞാനാ കള്ളന്മാരെ വെടിവെച്ചിട്ടു. ഇനി കുഴപ്പമൊന്നുമില്ല!"

പിന്നത്തെ കാര്യം പറയണോ. പോലിസ് സ്റ്റേഷന്‍ ബഹളമയമായി. അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ വൃദ്ധന്‍റെ താമസ സ്ഥലത്തെയ്ക്ക് പൊലീസ് വാഹനങ്ങള്‍, ആംബുലന്സുമായി കുതിച്ചെത്തി. ഇരമ്പിയെത്തിയ പോലിസിനു മുന്പില്‍ വാതില്‍ പൊളിക്കാന്‍ പണിപ്പെടുകയായിരുന്ന കള്ളന്മാര്‍ കുടുങ്ങിപ്പോയി.

"നിങ്ങളല്ലേ പറഞ്ഞത് നിങ്ങളാ കള്ളന്മാരെ വെടിവെച്ചിട്ടെന്ന്? എന്നിട്ടെവിടെയാടൊ അവരുടെ ശവങ്ങള്‍? എല്ലാം ജീവനോടെ തന്നെയുണ്ടല്ലോ?" പോലിസുകാരന്‍ ക്ഷുഭിതനായി ചോദിച്ചു.

"താങ്കളല്ലേ പറഞ്ഞത് ഒരൊറ്റ പോലിസുകാരന്‍ പോലും സ്ഥലത്തില്ലെന്ന്? എന്നിട്ടെവിടുന്നാടോ ഇത്രയധികം പോലിസുകാര്‍ നിമിഷ നേരത്തിനുള്ളില്‍ ഇവിടെയെത്തിയത്?" വൃദ്ധന്‍ ചോദ്യത്തിന് അയാള്‍ക്ക് ഉത്തരമില്ലായിരുന്നു.

Post a Comment

0 Comments