വെള്ളത്തിലെ കൃഷി!

ഒരിയ്ക്കല്‍ നാട്ടിലാകെ ക്ഷാമം പിടിപെട്ടു. ക്ഷാമത്തില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് രാജാവിനെ മന്ത്രിമാരും ഉപദേശകവൃന്ദവും ഉപദേശിച്ചു. കാര്യം ശരിയാണെന്ന് മനസ്സിലാക്കിയ രാജാവ് നാട്ടിലെങ്ങും കൃഷി ചെയ്യാന്‍ ഉത്തരവിട്ടു. മാത്രമല്ല, കൃഷിക്കാവശ്യമായ വിത്തും പണവും കൊട്ടാരത്തില്‍ നിന്നും കൊടുക്കാനും അദ്ദേഹം കല്‍പ്പിച്ചു. 

രാജകല്‍പനയല്ലേ? കൂടാതെ സൌജന്യമായി വിത്തും പണവും! നാട്ടുകാര്‍ ഓടിയെത്തി വിത്തും പണവും കൈപറ്റി മടങ്ങി.


ഇതെല്ലാമറിഞ്ഞിട്ടും മഹാമടിയനായ കുഞ്ഞിരാമന്‍ കൊട്ടാരത്തിലേയ്ക്കെത്തിയില്ല. വിത്തും പണവും വാങ്ങിയാല്‍ കഷ്ടപ്പെട്ട് പണിയെടുക്കേണ്ടി വരുമെന്ന് അവനറിയാമായിരുന്നു. എല്ലാവരും വിത്തും പണവും വാങ്ങി നിലമായ നിലത്തെല്ലാം വിത്തിറക്കിക്കഴിഞ്ഞപ്പോഴാണ് നമ്മുടെ കുഞ്ഞിരാമന്‍ തിരുമുന്പിലെത്തിയത്. വിതയ്കാന്‍ വിത്താവശ്യപ്പെട്ട കുഞ്ഞിരാമനോട് രാജാവ് പറഞ്ഞു.

"ഇനിയിപ്പോള്‍ എവിടെ വിത്തിറക്കാനാണ് കുഞ്ഞിരാമാ? ഉള്ള തരിശ് ഭൂമിയില്‍ വരെ ആളുകള്‍ വിത്തിറക്കി കഴിഞ്ഞു.  ഇനിയിപ്പോള്‍ എന്താ ചെയ്ക? എവിടെയാണ് താന്‍ വിത്തിറക്കുക?"

"അത് സാരമില്ല തിരുമേനീ. അടിയന്‍ കായലില്‍ വിത്തിറക്കിക്കോളാം." കുഞ്ഞിരാമന്‍ പറഞ്ഞു.

"കായലില്‍ വിത്ത് വിതക്കുകയോ? എന്ത് മണ്ടത്തരമാണ് താനീ പറയുന്നത്?" രാജാവ് അതിശയപ്പെട്ടു.

"അതൊക്കെ അടിയന്‍ നോക്കിക്കോളാം, തിരുമേനീ. അങ്ങ് കായലിലെ വെള്ളത്തില്‍ വിത്തിറക്കാനുള്ള അവകാശവും, ആവശ്യത്തിന് വിത്തും  മാത്രം അടിയന് തന്നാല്‍ മതി " കുഞ്ഞിരാമന്‍ പറഞ്ഞു.

രാജാവ് പിന്നെ അധികം ചിന്തിച്ച് നിന്നില്ല. കായലിലെ വെള്ളത്തില്‍ കൃഷിയിറക്കാനുള്ള അവകാശവും ആവശ്യത്തിന് വിത്തും കുഞ്ഞിരാമന് നല്‍കാന്‍ ഉത്തരവിട്ടു.

"കായലിലായാലും കരയിലായാലും വിതയ്ക്കാന്‍ വാങ്ങിക്കുന്ന വിത്തിന്‍റെ ഇരട്ടി വിളവെടുപ്പ് കഴിയുമ്പോള്‍ കൊട്ടാരത്തിലെത്തിയിരിക്കണം!" രാജാവ് കല്‍പ്പിച്ചു.

"തീര്‍ച്ചയായും " കുഞ്ഞിരാമന്‍  സമ്മതിച്ചു.

വിതയ്ക്കാനെന്നും പറഞ്ഞു കൊട്ടാരത്തില്‍ നിന്നും വാങ്ങിയ വിത്ത് മുഴുവനും ദിവസേന ഭക്ഷണത്തിനായാണ് കുഞ്ഞിരാമന്‍ എടുത്തത്. കുഞ്ഞിരാമന്‍റെ പ്രവൃത്തി കണ്ട് ഭാര്യ ആകെ അങ്കലാപ്പിലായി. ഇനി വിളവെടുപ്പിന്‍റെ കാലം വരുമ്പോള്‍ എവിടെ നിന്നെടുത്ത് കൊടുക്കും, കൊട്ടാരത്തിലേയ്ക്ക് ആവശ്യമായ വിത്ത്? പക്ഷേ, കുഞ്ഞിരാമന് ഒരു കൂസലുമുണ്ടായിരുന്നില്ല. അയാള്‍ ഓരോ ദിവസവും സുഖമായി പണിയെടുക്കാതെ തള്ളി നീക്കി.

അങ്ങിനെ വിളവെടുപ്പ് കാലമായി. നാട്ടുകാര്‍ മുഴുവനും തങ്ങളുടെ കൃഷിയിടങ്ങളിലെ വിളവെടുപ്പ് നടത്തി. പിന്നെ അടുത്ത കൃഷിയിറക്കാനുള്ള ഒരുക്കത്തിലായി.

അപ്പോഴാണ് കുഞ്ഞിരാമന്‍  രംഗത്തിറങ്ങിയത്. വയലിലേയ്ക്ക് വെള്ളം തിരിച്ച് വിടാനായി കായലിലെത്തിയ കര്‍ഷകരെ കുഞ്ഞിരാമന്‍  അതിനനുവദിച്ചില്ല. 

"കായയിലെ വെള്ളം എനിക്കവകാശപ്പെട്ടതാണ്. ഞാനീ കായയില്‍ വിത്തിറക്കിയിട്ടുണ്ട്. അത് കൊണ്ട് ആര്‍ക്കും ഈ വെള്ളമെടുക്കാന്‍ അവകാശമില്ല" കുഞ്ഞിരാമന്‍  പ്രഖ്യാപിച്ചു. തര്‍ക്കിക്കാന്‍ വന്നവരെ തന്‍റെ കയ്യിലുള്ള രാജാവിന്‍റെ ഉത്തരവ് കുഞ്ഞിരാമന്‍  കാണിച്ച് കൊടുത്തു.

കര്‍ഷകര്‍ വിഷമത്തിലായി. ഇനിയെന്ത് ചെയ്യാനാണ്? വെള്ളമില്ലാതെ കൃഷി ചെയ്യാന്‍ പറ്റില്ലല്ലോ?

അവര്‍ കുഞ്ഞിരാമനോട് വെള്ളം വിട്ട് തരണമെന്ന് അഭ്യര്‍ത്ഥിച്ചു.

"ശരി.  വെള്ളം ഞാന്‍ വിട്ട് തരാം. പക്ഷേ അത് മൂലം എന്‍റെ കൃഷിയിലുണ്ടാകുന്ന നഷ്ടം നികത്താന്‍ ഓരോരുത്തരും മൂന്ന് ചാക്ക് നെല്ല് എനിക്ക് പ്രതിഫലമായി തരണം" കുഞ്ഞിരാമന്‍  ആവശ്യപ്പെട്ടു.

വേറെ നിവൃത്തിയില്ലാതെ കര്‍ഷകര്‍ അത് സമ്മതിച്ചു. തനിക്ക് ലഭിച്ച നെല്ലില്‍ നിന്നും കൊട്ടാരത്തിലേയ്ക്ക് നല്‍കേണ്ട വീതം കൃത്യമായി കുഞ്ഞിരാമന്‍  എത്തിച്ച് കൊടുത്തു.

കുഞ്ഞിരാമന്‍ നടത്തിയ സൂത്രവിദ്യ ഇതിനിടെ രാജാവിന്‍റെ ചെവിയിലുമെത്തിയിരുന്നു. "വെള്ളത്തില്‍ കൃഷി"യിറക്കിയ കുഞ്ഞിരാമന്‍റെ ബുദ്ധിയെ അഭിനന്ദിക്കുന്നതിനോടൊപ്പം മേലില്‍ ഇത്തരം വേലത്തരവുമായെത്തിയാല്‍ വെറുതെ വിടില്ലെന്ന് താക്കീത് നല്‍കാനും രാജാവ് മറന്നില്ല.

Post a Comment

0 Comments