പൂച്ചയ്ക്കാരു മണികെട്ടും?

ഇതൊരു ഈസോപ്പ് കഥയാണ്. മറ്റെല്ലാ ഈസോപ്പ് കഥകളെയും പോലെ ഗുണപാഠമുള്ള ഒരു ചെറിയ കഥ. ഒരു പക്ഷേ കൂട്ടുകാര്‍ ഈ കഥ മുന്‍പ് കേട്ടിട്ടുണ്ടായിരിക്കും.

ഒരു വലിയ വീടിന്‍റെ തട്ടിന്‍പുറത്തായിരുന്നു അവരുടെ താമസം. അവരെന്ന് പറഞ്ഞാല്‍ എലികള്‍. ഒന്നും രണ്ടുമല്ല, ചെറുതും വലുതുമായ നൂറുകണക്കിന് എലി കുടുംബങ്ങള്‍!

വലിയ വീടല്ലേ? ഒരു പാട് അംഗങ്ങളുള്ള വീടായതിനാല്‍ എലികള്‍ക്ക് ഭക്ഷണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പക്ഷേ, വീട്ടുകാര്‍ ഈ എലികളെ കൊണ്ട് പൊറുതി മുട്ടി. അതോടെ അവര്‍ ഒരു പൂച്ചയെ കൊണ്ടുവന്നു വളര്‍ത്തി.

പൂച്ച നല്ല മിടുക്കനായിരുന്നു കേട്ടോ. അവന്‍ ദിവസവും നിരവധി എലികളെ പിടികൂടി കൊന്നു തിന്നാന്‍ തുടങ്ങി. എലികളുടെ എണ്ണം പെട്ടെന്ന് കുറയാന്‍ തുടങ്ങി. അധികം വൈകാതെ കാര്യങ്ങളുടെ അപകടാവസ്ഥ എലികള്‍ക്ക് മനസ്സിലായി. ഈ പോക്ക് പോയാല്‍ താമസിയാതെ തങ്ങളുടെ കുടുംബം ഇല്ലാതാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞു.

എലികള്‍ ഉടനെ തന്നെ ഒരു യോഗം വിളിച്ചു കൂട്ടി. തങ്ങളുടെ വര്‍ഗ്ഗശത്രുവായ പൂച്ചയെ എങ്ങിനെ തുരത്താം എന്നതായിരുന്നു വിഷയം. ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച തുടങ്ങി. തല മുതിര്‍ന്ന ഒരു കാരണവര്‍ എഴുന്നേറ്റ് പറഞ്ഞു

"നിങ്ങളിങ്ങനെ പരസ്പരം സംസാരിച്ചിരുന്നിട്ട് കാര്യമില്ല. ആരെങ്കിലും എന്തെങ്കിലും പോംവഴിയുണ്ടെങ്കില്‍ പറയണം!"

അപ്പോഴാണ് ചെറുപ്പക്കാരനായ ഒരു എലി ചാടിയെഴുന്നേറ്റത്. അത്യന്തം ആവേശത്തോടെ അവന്‍ തന്‍റെ പ്രസംഗം ആരംഭിച്ചു.

"സുഹൃത്തുക്കളേ, പൂച്ച എന്ന നമ്മുടെ വര്‍ഗ്ഗശത്രുവിനെ കൊണ്ടുള്ള ഉപദ്രവം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിങ്ങനെ തുടര്‍ന്നാല്‍ അത് നമ്മുടെ കുലത്തെ തന്നെ ബാധിക്കും. അത് കൊണ്ട് പൂച്ചയില്‍ നിന്നും രക്ഷപ്പെടാനൊരു വഴി കണ്ടെത്തിയേ തീരൂ. അതിനുള്ള ഉപായം ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു"

ചെറുപ്പക്കാരനെലിയുടെ ഉറക്കെയുള്ള പ്രഖ്യാപനം കേട്ടതും സദസ്സ് പെട്ടെന്ന് നിശ്ശബ്ദമായി. എല്ലാവരും ആകാംക്ഷയോടെ കാത് കൂര്‍പ്പിച്ച് അവനെ ഉറ്റ് നോക്കി. ചെറുപ്പക്കാരനെലി തുടര്‍ന്നു.

"പൂച്ച നിശ്ശബ്ദമായി വരുന്നത് കൊണ്ടാണ് നമുക്ക് ഓടി രക്ഷപ്പെടാന്‍ സാധിക്കാതെ വരുന്നത്. അവന്‍ അടുത്തെത്തുന്ന വിവരം മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ നമുക്ക് വേഗം ഓടിയൊളിക്കാന്‍ പറ്റും. പൂച്ച വരുന്ന വിവരം മുന്‍കൂട്ടി അറിയാന്‍ ഞാനൊരു വഴി കണ്ടെത്തിയിട്ടുണ്ട്. പൂച്ചയുടെ കഴുത്തില്‍ ഒരു മണികെട്ടണം. അപ്പോള്‍ അവന്‍ വരുമ്പോള്‍ മണികിലുങ്ങുന്ന ശബ്ദം കേട്ട് നമുക്ക് ഓടിയൊളിക്കാനുള്ള സമയം ലഭിക്കും"

ചെറുപ്പക്കാരനെലി പറഞ്ഞ് നിറുത്തിയതും തട്ടിന്‍പുറം കയ്യടികളാല്‍ നിറഞ്ഞു. 

"ഉഗ്രന്‍! അടി പൊളി! കലക്കി!" എലികള്‍ ആര്‍ത്ത് വിളിച്ച് അവന്‍റെ ഉപായത്തെ സ്വാഗതം ചെയ്തു.

എല്ലാവരും ചെറുപ്പക്കാരനെലിയെ അനുമോദിച്ചു.

അതുവരെ ഇതെല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കുകയായിരുന്ന ഒരു വയസ്സനെലി പതുക്കെ പറഞ്ഞു.

"ഉപായമൊക്കെ നല്ലതു തന്നെ. പക്ഷേ, ഒരു സംശയം. പൂച്ചയ്ക്കാരു മണികെട്ടും?"

സദസ്സിലാകെ ഒരു നിശബ്ദത പരന്നു. ആര്‍ക്കും അതിന് മറുപടി ഇല്ലായിരുന്നു. പൂച്ചയ്ക്ക് ആര് മണികെട്ടാന്‍? എങ്ങിനെ മണി കെട്ടാന്‍? 

ഓരോരുത്തരായി പതിയെ തങ്ങളുടെ മാളങ്ങളിലേയ്ക്ക് വലിഞ്ഞു. ഒടുക്കം വയസ്സനെലി മാത്രം അവിടെ ശേഷിച്ചു.

പ്രായോഗികമല്ലാത്ത പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ എളുപ്പമാണ്, അവ പ്രാവര്‍ത്തികമാക്കുന്നിടത്താണ് കാര്യം!

Post a Comment

0 Comments