തലയില്ലാത്ത കുതിരക്കാരന്‍ - ഒരു പ്രേതകഥ

അമേരിക്കന്‍ വിപ്ലവസമയത്ത് നടന്ന കഥയാണിത്.  ന്യൂ യോര്‍ക്കിലെ ടാരിടൌണിനടുത്ത് സ്ലീപ്പി ഹോളോ എന്ന ചെറിയ ഒരു പട്ടണത്തിലാണ് ഈ സംഭവം നടന്നത്.  അമേരിക്കന്‍ യുദ്ധ കാലത്ത് ബ്രിട്ടീഷുകാര്‍  കൊണ്ടുവന്ന ജര്‍മന്‍ കൂലിക്കൊലയാളിയാണ് ഈ തലയില്ലാത്ത കുതിരക്കാരരന്‍ എന്ന് പറയപ്പെടുന്നു.  യുദ്ധത്തില്‍ തല നഷ്ടപ്പെട്ട ഒരു മൃതദേഹം സ്ലീപ്പി ഹോളൊയിലെ ഒരു പഴയ പള്ളിയിലെ സെമിത്തേരിയിലാണ് മറവ് ചെയ്തതത്രേ!

നിലാവ് തീരെയില്ലാതിരുന്ന ഒരു തണുത്ത  രാത്രിയില്‍ ടാരിടൌണിലെ ഒരു സത്രത്തില്‍ നിന്നും തന്‍റെ വീട്ടിലെയ്ക്ക് മടങ്ങുകയായിരുന്നു അയാള്‍‍. അയാളുടെ കയ്യിലുള്ള ഒരു പഴയ റാന്തല്‍ വിളക്ക് നല്‍കുന്ന തീരെ ചെറിയ ഒരു പ്രകാശം മാത്രമേ അയാള്‍ക്ക് വഴി കാണിക്കാന്‍ സഹായിച്ചിരുന്നുള്ളൂ.  സ്ളീപ്പി ഹോളൊയിലെ ആ പഴയ പള്ളിയിലെ സെമിത്തേരിയ്ക്കരികിലൂടെയായിരുന്നു അയാള്‍ക്ക് പോകേണ്ടിയിരുന്നത്!

അയാള്‍ ആ സെമിത്തേരിയ്ക്കടുത്തെത്താറായപ്പോള്‍ സമയം അര്‍ദ്ധരാത്രിയായിരുന്നു. ദൂരെ നിന്നും ഇരുള്‍ മൂടിക്കിടക്കുന്ന സെമിത്തേരിയുടെ കാഴ്ച പേടിപ്പെടുത്തുന്നതായിരുന്നു. സെമിത്തേരി കണ്ണില്‍ പെട്ടതും നേരത്തെ സത്രത്തിലെ ആളുകള്‍ പറഞ്ഞ് കേട്ട ആ തലയില്ലാത്ത കുതിരക്കാരന്‍റെ കഥ അയാളുടെ മനസ്സിലേയ്ക്കൊടിയെത്തി.  സെമിത്തേരിയെ ചുറ്റിപറ്റിയുള്ള ആ തലയില്ലാത്ത കുതിരക്കാരന്‍റെ പ്രേതത്തിന്‍റെ കഥ അയാള്‍ക്ക് അത്ര വിശ്വസനീയമായി തോന്നിയതേയില്ല.

പെട്ടെന്നൊരു തണുത്ത കാറ്റ് വീശി.  അറിയാതെ അയാളുടെ കാലുകളുടെ വേഗത കുറഞ്ഞു. തന്‍റെ ഹൃദയമിടിപ്പിന്‍റെ ശബ്ദം അയാളെ വല്ലാതെ ഭയപ്പെടുത്തി. അതിനിടയില്‍ അയാള്‍ സെമിത്തെരിയുടെ അരികില്‍ എത്തിയിരുന്നു .  സെമിത്തേരിയില്‍ നിന്നും പെട്ടെന്ന് ഒരു പ്രത്യേക പ്രകാശം ഉയരാന്‍ തുടങ്ങിയത് അയാള്‍ കണ്ടു!

അയാളുടെ കാലുകള്‍ നിലത്തുറച്ച പോലെ! മുന്നോട്ട് നീങ്ങാനാകാതെ അയാള്‍ അവിടെ തറഞ്ഞ് നിന്നു. ഭയം കൊണ്ട് അയാളുടെ ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി. അയാള്‍ നോക്കി നില്‍ക്കേ സെമിത്തേരിയിലെ ഒരു കല്ലറയില്‍ നിന്നും വെളുത്ത മൂടൽമഞ്ഞ് ഉയരാന്‍ തുടങ്ങി.  അടുത്ത നിമിഷം ആ കല്ലറ തകര്‍ത്ത് കൊണ്ട് അതിനുള്ളില്‍ നിന്നും അയാള്‍ കഥകളില്‍ കേട്ട ആ തലയില്ലാത്ത കുതിരക്കാരന്‍റെ പ്രേതം പുറത്തേയ്ക്ക് കുതിച്ചു. 

ആകെ പേടിച്ച് പോയ അയാള്‍ ഉറക്കെ അലറിക്കരഞ്ഞു. എന്നാല്‍ ഒരു ശബ്ദവും പുറത്ത് വന്നില്ല. പെട്ടെന്ന് കിട്ടിയ ഒരു ധൈര്യത്തിന് അയാള്‍ അവിടെ നിന്നും കുതിച്ച് പാഞ്ഞു.  ദൂരെ  ഉള്ള നദിയിലേയ്ക്ക് ഓടിയെത്താനായിരുന്നു അയാളുടെ തിടുക്കം. പ്രെതങ്ങള്‍ പുഴ കടക്കാന്‍ ധൈര്യപ്പെടില്ലെന്ന് എവിടെയോ കേട്ട ഓര്‍മ്മയിലായിരുന്നു അത്. തൊട്ട് പിറകെ തന്നെ കുതിരയുടെ കുളമ്പടി ശബ്ദം അയാള്‍ക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു.  ആ ശബ്ദം തനിക്ക് തൊട്ടടുത്തെത്താറായെന്ന് അയാള്‍ തിരിച്ചറിഞ്ഞു. 

പെട്ടെന്നായിരുന്നു അത് സംഭവിച്ചത്! വഴിയറിയാതെ ഇരുട്ടത്തുള്ള ആ പരക്കം പാച്ചിലില്‍, എവിടെയോ കാലിടറി അയാള്‍ താഴേയ്ക്ക്, ഒരു കുറ്റിച്ചെടി പടര്‍പ്പിലേയ്ക്ക്  വീണു. ഒരു മിന്നല്‍പിണര്‍ പോലെ അയാളെയും കടന്ന് ആ തലയില്ലാത്ത പ്രേതം മറഞ്ഞ് പോയി.  അതിനിടയില്‍ അയാള്‍ക്ക് ആ പ്രേതരൂപത്തെ ശരിക്കൊന്ന് കാണാനായി. ഒരു ജര്‍മന്‍ പട്ടാളക്കാരന്‍റെ വേഷമായിരുന്നു ആ പ്രേതത്തിന്‍റേത്!

കുറേ നേരം അവിടെ തന്നെ കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്നു. പിന്നെ പ്രേതമെന്നല്ല അവിടെ വേറാരും തന്നെ ഇല്ലെന്ന് ഉറപ്പായപ്പോല്‍ അയാള്‍ വേഗം വീട്ടിലേയ്ക്ക് തിരിച്ചു.  വീട്ടിലെത്തി തന്‍റെ അനുഭവം വിവരിക്കുമ്പോഴും അയാളുടെ വിറയല്‍ മാറിയിരുന്നില്ല.

പിന്നീട് പലരും ആ തലയില്ലാത്ത കുതിരക്കാരന്‍റെ പ്രേതത്തെ കണ്ടിട്ടുണ്ടത്രേ!  തന്‍റെ നഷ്ടപ്പെട്ട തല അന്വേഷിച്ചാണത്രെ ആ പ്രേത പല രാത്രികളിലും പുറത്തിറങ്ങുന്നത്!

എന്ത് തന്നെയായാലും ഇപ്പോഴും ടാരിടൌണിലെ വീഥികളില്‍  തലയില്ലാത്ത കുതിരക്കാരന്‍റെ പ്രേതത്തെ കാണാറുണ്ടെന്നാണ് പറയപ്പെടുന്നത്!

Post a Comment

0 Comments