സിംഹത്തിന്‍റെ വില്‍പത്രം - Simhathinte Vilpathram

 സിംഹത്തിന് വയസ്സായി! പഴയ പോലെ ഓടിച്ചാടി ഇര പിടിക്കാനൊന്നും വയ്യ. അപ്പോഴിനി എന്തു ചെയ്യും? സമയാസമയം ഭക്ഷണം കഴിക്കേണ്ടേ? സിഹത്താന്‍ തലപുകഞ്ഞാലോചിച്ചു. അങ്ങിനെ ആലോചിച്ചാലോചിച്ച് അവന്‍ ഒരു സൂത്രം കണ്ടെത്തി.

കാട്ടിലെ പത്രമാണ് വായാടി തത്ത! കാട്ടിലെല്ലായിടത്തും വാര്‍ത്ത എത്തിക്കുന്നത് വായാടി തത്തയാണ്. സിംഹം വായാടി തത്തയോട് പറഞ്ഞു.

"എന്‍റെ തത്തപ്പെണ്ണേ, എന്‍റെ കാലം കഴിയാറായി എന്ന് നിനക്കറിയാമല്ലോ? മരിക്കുന്നതിന് മുന്‍പ് എന്‍റെ സമ്പത്തെല്ലാം ഈ കാട്ടിലെ പാവപ്പെട്ട മൃഗങ്ങള്‍ക്ക് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതിന് ഞാനൊരു വില്‍പത്രം തയ്യാറാക്കി വെച്ചിട്ടുണ്ട്. നീ എല്ലാവരോടും സൌകര്യം പോലെ ഓരോരുത്തരായി വന്ന് അവനവന് കിട്ടാനുള്ളത് വാങ്ങിക്കാന്‍ പറയണം."

വായാടി തത്ത പിന്നവിടെ നിന്നില്ല. ചൂട് വാര്‍ത്തയല്ലേ? അവള്‍ കാട് മുഴുവന്‍ പറന്ന് നടന്ന് വിവരം എല്ലാവരെയും അറിയിച്ചു. വാര്‍ത്ത കേട്ടവര്‍ അത്ഭുതപ്പെട്ട് പോയി. ദുഷ്ടനാണെന്ന് കരുതിയ സിംഹം ഇത്തരം ഒരു നല്ല കാര്യം ചെയ്യുമെന്ന് അവര്‍ കരുതിയതേയില്ല.

എന്തായാലും വെറുതെ കിട്ടുന്നതല്ലേ, കളയുന്നതെന്തിന്? ചിലര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി സിംഹത്തിന്‍റെ ഗുഹയിലേയ്ക്ക് വെച്ച്പിടിച്ചു. 

ഗുഹയിലെത്തിയ മൃഗങ്ങള്‍ക്കെല്ലാം കിട്ടേണ്ടത് കിട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? സിംഹത്തിന്‍റെ സൂത്രം ഫലിച്ചു. കുറച്ച് ദിവസത്തെയ്ക്ക് അവന് നല്ല ഭക്ഷണം തരമായി.

അപ്പോഴാണ് വാര്‍ത്ത കേട്ട ഒരു കുറുക്കന്‍ അവിടെയെത്തിയത്. കുറുക്കനല്ലേ? കാഞ്ഞ ബുദ്ധിയല്ലേ? അവന്‍ ഗുഹക്കകത്ത് കേറാതെ കുറച്ച് നേരം പുറത്ത് ചുറ്റിയടിച്ചു. പിന്നെ ഗുഹയുടെ ഒരു വശത്ത് ഇരിപ്പായി.

കുറച്ച് നേരമായി ആരും അകത്ത് വരാതിരുന്നത് കണ്ട് സിംഹം പുറത്ത് വന്ന് നോക്കി. അതായിരുക്കുന്നു ഒരു കൂറുക്കന്‍. സിംഹം കുറുക്കനെ അകത്തേയ്ക്ക് വിളിച്ചു.

"എന്താണ് സുഹൃത്തെ പുറത്തിരുന്നത്. അകത്തേയ്ക്ക് വന്നാലും. തനിക്കായി ഞാന്‍ എന്താണ് മാറ്റി വെച്ചിരിക്കുന്നത് എന്ന് കാണേണ്ടേ?"

"ഓ! എനിക്കത്ര തിരക്കൊന്നുമില്ല രാജാവേ! അകത്ത് പോയവരൊക്കെ പുറത്ത് വരട്ടെ. എന്നിട്ട് മതി എനിക്കുള്ള സമ്മാനം." കുറുക്കന്‍ വിനയത്തോടെ പറഞ്ഞു.

"ആരു പറഞ്ഞു അകത്താളുണ്ടെന്ന്? എല്ലാവരും സമ്മാനവും വാങ്ങി തിരികെ പോയല്ലൊ!" സിംഹം പറഞ്ഞു.

"അങ്ങിനെയല്ലല്ലോ രാജാവേ! ഇതാ ഈ മണ്ണില്‍ നോക്കൂ, കുറെപ്പേര്‍ അകത്തേയ്ക്ക് കയറിപ്പോയതിന്‍റെ കാല്‍പ്പാടുകള്‍! അതിലൊന്ന് പോലും തിരികെ വന്നതായി കാണുന്നില്ല. അവരെല്ലാം എങ്ങോട്ടാണ് പോയതെന്ന് എനിക്ക് മനസ്സിലായി" കുറുക്കന്‍ പറഞ്ഞു.

അതിബുദ്ധിമാനായ കുറുക്കന് കാര്യം പിടികിട്ടി എന്ന് മനസ്സിലായ സിംഹം വേഗം ഗുഹയ്ക്കുള്ളിലേയ്ക്ക് കയറിപ്പോയി!.


Post a Comment

0 Comments