വലിയ വിജ്നാന കുതുകിയും വിനീതനുമായ ഒരു വ്യക്തിയായിരുന്നു ആ രാജ്യത്തെ രാജാവ്. അത് കൊണ്ട് തന്നെ അദ്ദേഹം പണ്ഡിതന്മാരെ പ്രത്യേകം ബഹുമാനിക്കുമായിരുന്നു.
ഒരിയ്ക്കല്‍ ഒരു പണ്ഡിതശ്രേഷ്ടന്‍ അദ്ദേഹത്തിന്‍റെ രാജസദസ്സിലെത്തി. അതിഥിയുടെ പാണ്ഡിത്യത്തിനു മുന്‍പില്‍ രാജവ് തന്‍റെ ശിരസ്സ് നമിച്ചാണ് സ്വീകരിച്ചത്. അതിഥിയുടെ മുന്‍പില്‍ രാജാവ് കാണിക്കുന്ന വിനയം മന്ത്രി പ്രത്യേകം ശ്രദ്ധിച്ചു.
അതിഥി തിരികെപ്പോയതും മന്ത്രി രാജാവിനു മുന്‍പില്‍ ഇങ്ങിനെ ഉണര്‍ത്തിച്ചു. "പ്രഭോ, ഈ രാജ്യത്തിന്‍റെ രാജാവായ അങ്ങ് എന്തിനാണ് ഒരു സാധാരണക്കാരനായ അയാളുടെ മുന്‍പില്‍ ശിരസ്സ് വണങ്ങിയത്? ഒരു രാജാവായ അങ്ങേയ്ക്ക് യോജിച്ചതാണൊ ഇത്തരത്തില്‍ ശിരസ്സ് നമിക്കുന്നത്?"
രാജാവ് മറുപടി ഒന്നും പറയാതെ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ.
അടുത്ത ദിവസം രാജസന്നിധിയിലെത്തിയ മന്ത്രിയെ കാത്ത് ഒരു പ്രത്യേക ജോലി ഉണ്ടായിരുന്നു. ഒരു തളികയില്‍ മൂന്ന് തലകള്‍ രാജാവ് മന്ത്രിയെ ഏല്‍പ്പിച്ചു. അതിലൊന്ന് ഒരാടിന്‍റെയും, മറ്റൊന്ന് ഒരു പക്ഷിയുടെയും, മൂന്നാമത്തെത് ഒരു മനുഷ്യന്‍റെയും തലയായിരുന്നു. അമ്പരന്ന് നിന്ന മന്ത്രിയോട് ആ മൂന്ന് തലകളും ചന്തയില്‍ കൊണ്ട് പോയി വിറ്റ് വരുവാന്‍ രാജാവ് ആവശ്യപ്പെട്ടു.
രാജാവിന്‍റെ ആവശ്യം മന്ത്രിയെ തെല്ലൊന്നുമല്ല ആശ്ചര്യപ്പെടുത്തിയത്. തലകള്‍ കൊണ്ട് പോയി വില്‍ക്കുന്ന കാര്യം മന്ത്രിക്ക് ആലോചിക്കാനേ വയ്യായിരുന്നു. ആര് വാങ്ങുവാനാണ് ഈ തലകള്‍? പക്ഷേ രാജകല്‍പനയല്ലേ? അനുസരിക്കാതിരിക്കുന്നതെങ്ങിനെ?
അങ്ങിനെ മൂന്ന് തലകളുമായി മന്ത്രി ചന്തയിലേയ്ക്ക് പുറപ്പെട്ടു. ചന്തയിലെത്തിയ മന്ത്രി മൂന്നു തലകളും വില്‍പ്പനയ്ക്കായി വെച്ചു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്ന് ആടിന്‍റെ തല വാങ്ങിപ്പോയി. പിന്നെയും കുറച്ച് നേരം ശ്രമിച്ചപ്പോള്‍ മന്ത്രിക്ക് പക്ഷിയുടെ തലയും വില്‍ക്കാനായി. എന്നാല്‍ മനുഷ്യന്‍റെ തല ആരും തന്നെ വാങ്ങിച്ചില്ലെന്ന് മാത്രമല്ല, ആളുകള്‍ വെറുപ്പോടെയും ഭയത്തോടെയും കൂടിയാണ് ആ തലയെ നോക്കുന്നതെന്ന് മന്ത്രി ശ്രദ്ധിച്ചു. മനുഷ്യന്‍റെ തല വില്‍ക്കാന്‍ വന്നിരിക്കുന്ന തന്നെയും ആളുകള്‍ പുച്ഛത്തോട് കൂടിയാണ് നോക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി.
ഏറെ വൈകിയിട്ടും മനുഷ്യന്‍റെ തല വില്‍ക്കാനാകാതെ മന്ത്രി അവസാനം രാജസന്നിധിയിലേയ്ക്ക് തിരിച്ചു.
വിഷമത്തോടെ മനുഷ്യന്റെ തലയുമായി തിരികെയെത്തിയ മന്ത്രിയോട് രാജാവ് എന്താണുണ്ടായതെന്ന് ചോദിച്ചു. മന്ത്രി സംഭവിച്ച കാര്യങ്ങള്‍ രാജാവിനു മുന്‍പില്‍ ഉണര്‍ത്തിച്ചു.
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ രാജാവ് പറഞ്ഞു.
"അല്ലയോ പ്രിയപ്പെട്ട മന്ത്രീ, ഈ അനുഭവം താങ്കള്‍ക്ക് വിലയേറിയ ഒരു പാഠം പഠിപ്പിച്ച് തന്നിട്ടുണ്ടാകും എന്ന് നാം കരുതുന്നു. മരിച്ചു കഴിഞ്ഞാല്‍ മറ്റ് ഏത് ജീവിയുടെയും തലയ്ക്ക് ഒരു വിലയുണ്ട്. എന്നാല്‍ മനുഷ്യന്‍റെ തലയ്ക്ക് ഒരു മൂല്യവുമില്ലെന്ന് മാത്രമല്ല അത് മറ്റുള്ളവരില്‍ ഭയവും അറപ്പുമാണ് ഉണ്ടാക്കുന്നത്. അത്രയും മൂല്യമില്ലാത്ത തല അറിവുള്ളവര്‍ക്കു മുന്‍പില്‍ ബഹുമാനസൂചകമായി ഒന്നു താഴ്ത്തുന്നത് ഒരു തെറ്റാണൊ? വിനയമാണ് നമ്മുടെ ശിരസ്സിന് മൂല്യം നല്‍കുന്നത്. വിനയമില്ലാത്ത അഹങ്കാരികള്‍ക്ക് ശിരസ്സ് ഒരു വിലയുമില്ലാത്ത മരിച്ചവന്‍റെ തല പോലെയാണ്!"
മന്ത്രിക്ക് തന്‍റെ വിഡ്ഡിത്തം ബോധ്യപ്പെട്ടു,
0 Comments