ഷെയ്ക് ചിലിക്ക് നാലു വയസ്സുള്ളപ്പോളാണ് ഈ കഥ നടക്കുന്നത്. ഒരു ദിവസം ഷെയ്ക് തന്‍റെ മാതാപിതാക്കളോടൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. മൂന്ന് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കണമെന്നായിരുന്നു നിയമം. പക്ഷേ ഷെയ്ക്കിന്‍റെ പിതാവ് മകന് ടിക്കറ്റെടുക്കാതെയാണ് തീവണ്ടി കയറിയത്. അത്രയും പൈസ ലാഭിക്കാമല്ലോ, ടിക്കറ്റ് പരിശോധകന്‍ ചോദിച്ചാല്‍ ഷെയ്കിന് മൂന്ന് വയസ്സേ ആയിട്ടുള്ളൂ എന്ന് പറയാമല്ലോ എന്നൊക്കെയായിരുന്നു അയാളുടെ വിചാരം.
അപ്പോഴാണ് ടിക്കറ്റ് പരിശോധകന്‍ അവരുടെ അടുത്തെത്തിയത്. മാതാപിതാക്കളുടെ ടിക്കറ്റ് പരിശോധിച്ച അദ്ദേഹം ഷെയ്കിന്‍റെ ടിക്കറ്റ് എവിടെ എന്ന് ചോദിച്ചു.
"അതിന് അവന് മൂന്ന് വയസ്സേ ആയിട്ടുള്ളല്ലോ സര്‍" ഷെയ്കിന്‍റെ പിതാവ് പറഞ്ഞു.
"പക്ഷേ കുട്ടിയെ കണ്ടിട്ട് നാലു വയസ്സെങ്കിലും തോന്നുമല്ലൊ?" ടിക്കറ്റ് പരിശോധകന്‍ സംശയം പ്രകടിപ്പിച്ചു.
"അത് കൊള്ളാം. ഇതെന്‍റെ മകനല്ലേ? എനിക്കറിഞ്ഞു കൂടെ അവനെത്ര വയസ്സായെന്ന്" പിതാവ് ദേഷ്യപ്പെട്ടു.
"കുട്ടി നിങ്ങളുടേത് തന്നെ. എന്നാലും അവന്‍റെ വലിപ്പം കണ്ടിട്ട് മൂന്ന് വയസ്സുകാരനാണെന്ന് തോന്നുന്നേയില്ല" ടിക്കറ്റ് പരിശോധകന്‍ വീണ്ടും പറഞ്ഞു.
"അത് ശരി. അത് നിങ്ങളാണോ തീരുമാനിക്കുന്നത്. ഞാനല്ലേ പറയുന്നത്, അവന് മൂന്ന് വയസ്സെ ഉള്ളുവെന്ന്!" പിതാവ് നിര്‍ബന്ധം പിടിച്ചു.
ഈ വാദപ്രതിവാദം കേട്ട് നില്‍ക്കുകയായിരുന്ന ഷെയ്കിനോട് ടിക്കറ്റ് പരിശോധകന്‍ ചോദിച്ചു.
"മോന്‍ പറയൂ, മോനെത്ര വയസ്സായി?"
"വീട്ടിലെനിക്ക് നാലു വയസ്സാണ് പ്രായം. തീവണ്ടിയില്‍ ഒരു പക്ഷേ മൂന്ന് വയസ്സായിരിക്കും!" ഷെയ്ക് നിഷ്കളങ്കമായി പറഞ്ഞു.
"മിണ്ടാതിരിയെടാ. നിനക്ക് നാലു വയസ്സൊന്നുമായിട്ടില്ല" പിതാവ് അവനെ ശാസിച്ചു.
"അബ്ബയെന്തിനാ നൂണ പറയുന്നത്? കഴിഞ്ഞ ആഴ്ചയല്ലേ എന്‍റെ നാലാമത്തെ പിറന്നാള്‍ ആഘോഷിച്ചത്?" ഷെയ്ക് ചോദിച്ചു.
പിതാവ് ഉത്തരം മുട്ടി നിന്നു പോയി. അയാള്‍ ടിക്കറ്റ് പരിശോധകനോട് ക്ഷമ ചോദിച്ചു.
"നിങ്ങളുടെ കയ്യില്‍ നിന്നും ഫൈനടക്കം നല്ലൊരു തുക ഈടാക്കേണ്ടതാണ്. പക്ഷേ നിങ്ങളുടെ ഈ മിടുക്കനായ മകന്‍ സത്യസന്ധനായത് കൊണ്ട് തത്കാലം ഞാന്‍ പൈസ ഈടാക്കുന്നില്ല. ഇനി മേലില്‍ ഇതാവര്‍ത്തിക്കരുത്" ടിക്കറ്റ് പരിശോധകന്‍ പറഞ്ഞു.
ഷെയ്കിന്‍റെ പിതാവ് ലജ്ജയോടെ തല കുനിച്ച് കൊണ്ട് പറഞ്ഞു.
"നീയെന്‍റെ കണ്ണ് തുറപ്പിച്ചു. ഇനിയൊരിക്കലും ഞാന്‍ കള്ളത്തരം കാണിക്കില്ല"
കുട്ടികളോട് കള്ളം പറയരുതെന്ന് പറയുന്ന മുതിര്‍ന്നവര്‍ പലപ്പോഴും ചെറിയ ധനലാഭത്തിനു വേണ്ടി ബസിലും, തീവണ്ടിയിലും, പാര്‍ക്കിലുമൊക്കെ കുട്ടികളുടെ പ്രായം കുറച്ച് പറയുന്നത് സാധാരണമാണ്. കൂട്ടുകാര്‍ക്ക് അതു പോലെ വല്ല അനുഭവവും ഉണ്ടായിട്ടുണ്ടൊ?
0 Comments