ഒട്ടകത്തിന്‍റെ നൃത്തം!

മൃഗരാജാവായ സിംഹം ഇത്തവണ തന്‍റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കണമെന്ന് തീരുമാനിച്ചു. കാട്ടിലെ എല്ലാ മൃഗങ്ങള്‍ക്കും സിംഹം ഒരു നല്ല സദ്യ തന്നെ ഒരുക്കി. എല്ലാ മൃഗങ്ങളും ആ ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു.

ഭക്ഷണമൊക്കെ കഴിഞ്ഞിരിക്കെ, സിംഹം കുയിലിനോട് ഒരു പാട്ട് പാടാന്‍ പറഞ്ഞു. കുയില്‍ തന്‍റെ മധുരമായ ശബ്ദത്തില്‍ ഒരു പാട്ട് പാടി. 

പാട്ട് കഴിഞ്ഞതും ആരോ പറഞ്ഞു. "പാട്ട് മനോഹരമായിരുന്നു. ഇനിയൊരു നൃത്തം കൂടിയാകാം."


"അതെയതേ, നൃത്തമറിയുന്നവര്‍ നൃത്തം ചെയ്യട്ടേ!" സിംഹം പറഞ്ഞു.

അതു കേട്ടതും ഒരു മയില്‍ മുന്‍പോട്ട് വന്നു. വളരെ സുന്ദരമായിരുന്നു മയിലിന്‍റെ നൃത്തം. എല്ലാവരും ആ നൃത്തം ആസ്വദിച്ച് കയ്യടിച്ചു. എന്നാല്‍, ഒരു ഒട്ടകം മാത്രം മയിലിന്‍റെ നൃത്തം അത്ര പോരാ എന്ന് അഭിപ്രായം പറഞ്ഞു. ആരും അതത്ര കാര്യമാക്കിയില്ല.

മയിലിനു ശേഷം ഒരു കുരങ്ങന്‍ നൃത്തം ചെയ്യാന്‍ മുന്നോട്ടെത്തി. രസകരമായിരുന്നു കുരങ്ങന്‍റെ നൃത്തം. കുരങ്ങന്‍റെ ഭാവഹാവാദികള്‍ കണ്ട് മൃഗങ്ങളെല്ലാം ചിരിച്ചു രസിച്ചു. രാജാവായ സിംഹം പോലും ചിരിച്ചു ചിരിച്ച് നിലത്ത് കിടന്നുരുണ്ടു. 

നൃത്തം  കഴിഞ്ഞതും ഒട്ടകം പറഞ്ഞു. 

"ഇതെന്ത് നൃത്തമാണ്? ഇവന് നൃത്തം  ചെയ്യാനൊന്നും അറിയില്ലല്ലോ. ഇത് കണ്ടിട്ടാണൊ നിങ്ങളീ കയ്യടിച്ച് ചിരിക്കുന്നത്?"

"എന്നാല്‍ ശരി. ഇത്ര വലിയ നൃത്താസ്വാദകനാണെങ്കില്‍ നീയൊന്ന് നൃത്തം ചെയ്ത് കാണിക്കൂ" ഒരു കുറുക്കന്‍ ഒട്ടകത്തോട് പറഞ്ഞു. 

ഒട്ടകം വലിയ നര്‍ത്തകനെപ്പോലെ ചുവടുകള്‍ വെയ്ക്കാന്‍ തുടങ്ങി. മുതുകത്തെ കൂനും, നീണ്ട കഴുത്തുമായി നിന്നും വട്ടം ചുറ്റുന്ന ഒട്ടകത്തിന്‍റെ ചെയ്തികള്‍ കണ്ട് മൃഗങ്ങള്‍ കൂക്കു വിളിക്കാന്‍ തുടങ്ങി. ദേഷ്യം സഹിക്ക വയ്യാതെ സിംഹരാജന്‍ താനിരുന്ന പാറപ്പുറത്ത് നിന്നും ഗര്‍ജ്ജിച്ച് കൊണ്ട് മുന്നോട്ട് ചാടി. സംഗതി പന്തിയല്ലെന്ന് മനസ്സിലായ ഒട്ടകം അവിടെ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.

ചില വ്യക്തികള്‍ അങ്ങിനെയാണ്. അവര്‍ മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. സ്വന്തം കുറവുകള്‍ അവര്‍ മനസ്സിലാക്കുകയുമില്ല.

Post a Comment

0 Comments