കുറുക്കനും നീര്‍നായ്ക്കളും!

 


ഒരു ദിവസം ഒരു കുറുക്കന്‍ ഭക്ഷണം തേടി അലയുകയായിരുന്നു. കുറെ നേരമായിട്ടും ഒരിരയും ഒത്ത് കിട്ടിയില്ല. അങ്ങിനെ നടന്ന് നടന്ന് അവന്‍ ഒരു പുഴക്കരയിലെത്തി. അപ്പോഴാണ് കുറുക്കന്‍ ആ കാഴ്ച കണ്ടത്. രണ്ട് നീര്‍നായ്ക്കള്‍ ഒരു മുഴുത്ത മീനുമായി പുഴയില്‍ നിന്നും കയറുന്നു. കുറുക്കന്‍ കൊതിയോടെ അത് നോക്കി നിന്നു.

കരയിലേയ്ക്ക് കയറിയ നീര്‍നായ്ക്കള്‍ മീന്‍ പങ്ക് വെയ്ക്കാന്‍ തുടങ്ങി. അതോടെ രണ്ട് പേരും തര്‍ക്കവും തുടങ്ങി. 

"ഞാനാണ് മീനിന്‍റെ തല ഭാഗം പിടിച്ചത്. അത് കൊണ്ട് എനിക്ക് കൂടുതല്‍ ഭാഗം വേണം" ഒരാള്‍ പറഞ്ഞു.

"അത് കൊള്ളാം. ഞാനാണ് മീന്‍ പിടിക്കാന്‍ കൂടുതല്‍ അദ്ധ്വാനിച്ചത്. അത് കൊണ്ട് എനിക്കാണ് വലിയ കഷണം വേണ്ടത്" മറ്റെയാള്‍ വിട്ടുകൊടുക്കുമോ?

അവരുടെ തര്‍ക്കം കണ്ട് കുറുക്കന്‍ അവസരം കണ്ടെത്തി. അവന്‍ അവരുടെ മുന്നിലൂടെ നടന്നു. കുറുക്കനെ കണ്ടതും ഒരു നീര്‍നായ വിളിച്ച് ചോദിച്ചു.

"ഏയ്! കുറുക്കന്‍ ചേട്ടാ! ഞങ്ങളെയൊന്ന് സഹായിക്കാമോ?"

ഇത് തന്നെയാണ് കുറുക്കന്‍ പ്രതീക്ഷിച്ചതും! കുറുക്കന്‍ അവരുടെ അടുത്തേയ്ക്ക് ചെന്ന് ഒന്നുമറിയാത്ത പോലെ വിവരമന്വേഷിച്ചു. കാര്യമറിഞ്ഞതും അവന്‍ പറഞ്ഞു.

"ഇത്രേയുള്ളൂ കാര്യം. ഇത് ഞാന്‍ ഇപ്പ ശരിയാക്കിത്തരാം. ആ മീനിങ്ങോട്ട് തരൂ"

മീന്‍ കയ്യില്‍ കിട്ടിയതും കുറുക്കന്‍ അതിന്‍റെ തലയും വാലും വെട്ടി മാറ്റി. എന്നിട്ട് തല ഒരാള്‍ക്കും വാല്‍ മറ്റെയാള്‍ക്കും കൊടുത്തു. എന്നിട്ട് പറഞ്ഞു.

"നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമുള്ള ഭാഗം കിട്ടിയല്ലോ? ഇനി ബാക്കിയുള്ള ഭാഗം ഇത് പങ്ക് വെയ്ക്കാന്‍ സഹായിച്ച എനിക്കുള്ള കൂലിയാണ്." 

പറഞ്ഞ് തീര്‍ന്നതും മീനിന്‍റെ മുഴുത്ത ഭാഗവും കടിച്ചെടുത്ത് കുറുക്കന്‍ ഒറ്റയോട്ടം! എന്താണ് സംഭവിച്ചതെന്ന് നീര്‍നായ്ക്കള്‍ മനസ്സിലാക്കും മുന്‍പേ കുറുക്കന്‍ എത്തേണ്ടയിടത്ത് എത്തിക്കഴിഞ്ഞിരുന്നു.

"നീ കാരണമാണ് ആ കുറുക്കന്‍ നമ്മുടെ മീനും കൊണ്ട് കടന്ന് കളഞ്ഞത്". ഒരു നീര്‍നായ് മറ്റെയാളെ കുറ്റപ്പെടുത്തി. 

"അതു കൊള്ളാം. നീയല്ലേ വെറുതെ പ്രശ്നമുണ്ടാക്കിയതും അത് പരിഹരിക്കാന്‍ ആ കള്ളക്കുറുക്കനെ വിളിച്ചതും" മറ്റെയാള്‍ ദേഷ്യപ്പെട്ടു.

അതോടെ വീണ്ടും തര്‍ക്കം മുറുകി. പക്ഷേ ഇപ്രാവശ്യം തര്‍ക്കം അധികം നീണ്ട് നിന്നില്ല. ആദ്യത്തെ നീര്‍നായ് പെട്ടെന്ന് പറഞ്ഞു.

"നമ്മളിങ്ങനെ വെറുതെ തര്‍ക്കിച്ചത് കൊണ്ടാണ് നമ്മുടെ മീന്‍ ആ കുറൂക്കന് കൈക്കലാക്കാനായത്. "

"അതെയതെ! ഇനി നമ്മള്‍ ഇങ്ങിനെ തര്‍ക്കിക്കരുത്. ആര്‍ക്കും നമ്മളെ പറ്റിക്കാന്‍ അവസരവും കൊടുക്കരുത്. "


Post a Comment

0 Comments