ബുദ്ധിയുടെ വിജയം! Budhiyute Vijayam

കാട്ടിലെ പക്ഷികളുടെ രാജാവായിരുന്നു ദുഷ്ടനായ ആ പരുന്ത്.  ഭയങ്കര ദേഷ്യക്കാരനും, ക്രൂരനുമായ അവന്‍ ചെറിയ തെറ്റുകള്‍ക്ക് പോലും കടുത്ത ശിക്ഷയാണ് നല്കിയിരുന്നത്. എല്ലാ പക്ഷികള്‍ക്കും പരുന്തിനെ  പേടിയായിരുന്നു. പരുന്തിന്‍റെ ദുര്‍ഭരണത്തില്‍ എല്ലാവരും അസന്തുഷ്ടരായിരുന്നു. എങ്ങിനെയെങ്കിലും പരുന്തിനെ രാജാവിന്റെ സ്ഥാനത്ത് നിന്ന്‍ മാറ്റാന്‍ അവര്‍ തീരുമാനിച്ചു.

ആരായിരിക്കണം പുതിയ രാജാവ്? പക്ഷികള്‍ ചര്‍ച്ച തുടങ്ങി. പല പക്ഷികളുടെയും പേരുകള്‍ ഉയര്‍ന്ന് വന്നു. അപ്പോഴാണ് മൂത്തശ്ശി തത്തമ്മ പറഞ്ഞത്.

"നമുക്ക് നമ്മുടെ ബുല്‍ബൂളിനെ രാജാവാക്കിയാലോ? അവന്‍ വളരെ നല്ലവനാണ്, എല്ലാവരോടും സ്നേഹവും കരുണയും കാണിക്കുന്നവനാണ്"

"അതെയതെ. ബുല്‍ബുല്‍ ഒരു നല്ല രാജാവായിരിക്കും" മറ്റ് പക്ഷികള്‍ മൂത്തശ്ശി തത്തമ്മയുടെ അഭിപ്രായത്തോട് യോജിച്ചു.

അങ്ങിനെ ബുല്‍ബൂളിനെ രാജാവായി അംഗീകരിച്ച് തീരുമാനമായി. അപ്പോഴാണ് കുരുവി ചോദിച്ചത്.

"അല്ല, പരുന്തിനെ രാജപദവിയില്‍ നിന്നും മാറ്റിയ വിവരം അവനെ അറിയിക്കേണ്ടേ?"

"അത് ശരിയാണ്. പക്ഷേ, ആരാണ് അവനോടീ വിവരം പറയാന്‍ ധൈര്യപ്പെടുക?" ചോദിച്ചത് കാക്കയാണ്.

"അതിന് വേറെ ഒരു വഴിയുണ്ട്. എനിക്കൊരു സൂത്രം തോന്നുന്നുണ്ട്. നിങ്ങള്‍ കൂടെ നില്‍ക്കുകയാണെങ്കില്‍ നമുക്ക് പരുന്തിനെ സുഖമായി മാറ്റാം." കൌശലക്കാരന്‍ മൂങ്ങ പറഞ്ഞു.

എല്ലാവരും തയ്യാറായിരുന്നു.

അങ്ങിനെ മൂങ്ങ പരുന്തിനെ ചെന്നു കണ്ടു. എന്നിട്ട് പറഞ്ഞു.

"പ്രഭോ, അങ്ങയുടെ ഭരണകാലം കഴിയാറായല്ലോ? ഇനി പുതിയ രാജാവിനെ തിരഞ്ഞെടുക്കണ്ടേ? കുറെ പക്ഷികള്‍ അങ്ങേക്കെതിരാണ്. അവരാ ബുള്‍ബൂളിനെ രാജാവാക്കാനുള്ള പരിപാടിയാണ്. അവരുടെ മുന്പില്‍ ശക്തി തെളിയിച്ച് അങ്ങ് രാജാവായി തുടരണം എന്നാണ് എന്‍റെ ആഗ്രഹം"

"അങ്ങിനെയോ? എങ്കില്‍ പിന്നെ എന്‍റെ ശക്തി തെളിയിച്ചിട്ട് തന്നെ കാര്യം. എന്നെക്കാള്‍ ശക്തനായി ഏത് പക്ഷിയുണ്ട് ഈ കാട്ടില്‍?" പരുന്ത് അഹങ്കാരത്തോടെ തുടര്‍ന്നു. "ആട്ടെ, ശക്തി ഞാന്‍ എങ്ങിനെയാണ് തെളിയിക്കേണ്ടത്?"

"ഓ, അതൊന്നുമില്ല രാജന്‍. നാളെ ഒരു മരച്ചില്ല അങ്ങയുടെ കൊക്ക് കൊണ്ട് കൊത്തി മുറിക്കണം" മൂങ്ങ പറഞ്ഞു.

അതത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പരുന്തിന് തോന്നിയില്ല. മറ്റെല്ലാ പക്ഷികളെക്കാളും ശക്തന്‍ താന്‍ തന്നെയാണെന്ന് അവനുറപ്പുണ്ടായിരുന്നു. പിന്നെ ഒരു ചെറിയ ബുള്‍ബൂള്‍ എന്തു ചെയ്യാനാണ്? വല്ല മരംകൊത്തിയോ മറ്റോ ആണ് എതിരാളിയെങ്കില്‍ സംഗതി എളുപ്പമാകില്ല.

അടുത്ത ദിവസം ശക്തിപരീക്ഷണത്തിന് തയ്യാറായി പരുന്ത് സ്ഥലത്തെത്തി. മയിലായിരുന്നു മത്സരത്തിന്‍റെ വിധികര്‍ത്താവ്. കൊത്തി മുറിക്കേണ്ട കൊമ്പ് മയില്‍ പരുന്തിന് കാണിച്ചു കൊടുത്തു.

പരുന്ത് സര്‍വ്വശക്തിയുമെടുത്ത് മരക്കോമ്പില്‍ കൊത്തി. അവന്‍ എത്ര ശ്രമിച്ചിട്ടും ആ കൊമ്പ് കൊത്തി മുറിക്കാന്‍ സാധിച്ചില്ല. അടുത്തത് ബുള്‍ബൂളിന്‍റെ ഉഴമായി. മയില്‍ ബുള്‍ബൂളിന് അടുത്ത മരത്തിലെ അത്രയും തന്നെ വലിപ്പമുള്ള ഒരു ചില്ല കാണിച്ചു കൊടുത്തു. 

ബുള്‍ബുള്‍ ഒരു വട്ടം പറന്നു വന്ന്‍ ആ ചില്ലയില്‍ ആഞ്ഞൊരു കൊത്ത്! എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ചില്ല ഒടിഞ്ഞു താഴെ വീണു. 

പരുന്തിന് തന്നെ കണ്ണുകളെ വിശ്വസിക്കാനായില്ല. പക്ഷികള്‍ ആര്‍പ്പ് വിളി തുടങ്ങിയിരുന്നു. ഒരു ചെറിയ ബുള്‍ബൂളിനോടു പരാജയപ്പെട്ടത് പരുന്തിന് ഓര്‍ക്കാന്‍ പോലുമാകാത്ത കാര്യമായിരുന്നു. അവന്‍ ഉടന്‍ തന്നെ ആ കാട് വിട്ടു ദൂരെയ്ക്ക് പറന്ന്‍ പോയി.

പക്ഷികള്‍ ബുള്‍ബൂളിനെ തങ്ങളുടെ രാജാവാക്കി.

യദാര്‍ത്ഥത്തില്‍‍, മൂങ്ങ തലേ ദിവസം തന്നെ തന്‍റെ സുഹൃത്തായ മരം കൊത്തിയെക്കൊണ്ട് ബുള്‍ബുള്‍ കൊത്തി മുറിക്കേണ്ട ചില്ല കൊത്തി ശരിയാക്കി വെച്ചിട്ടുണ്ടായിരുന്നു. ഒരു ചെറിയ തട്ടേ വേണ്ടിയിരുന്നുള്ളൂ അത് മുറിച്ചിടാന്‍! അത് കൊണ്ടാണ് ബുള്‍ബുള്‍ കൊത്തിയപ്പോള്‍ ആ ചില്ല ഒടിഞ്ഞു വീണത്.

അങ്ങിനെ ബുദ്ധിയും പരസ്പര സഹായവും കൊണ്ട് പക്ഷികള്‍ ദുഷ്ടനായ പരുന്തിനെ ഓടിച്ചു. നല്ലവനായ ബുള്‍ബുള്‍ പിന്നീട് നല്ല രീതിയില്‍ ഭരണം നടത്തി. എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞു.

Post a Comment

0 Comments