ആകാശം പൊട്ടി വീണേ!

കുഞ്ഞന്‍ മുയലിനെ അറിയില്ലേ? ആള്‍ ഒരു മടിയനും, പേടിതൊണ്ടനും ആണുകേട്ടോ. പോരാത്തത്തിന് കുറച്ച് മണ്ടത്തരവും കയ്യിലുണ്ട്. മിക്കപ്പോഴും വെറുതെ കിടന്നുറങ്ങുകയാണ് പതിവ്. 

അങ്ങിനെ ഒരു ദിവസം കുഞ്ഞന്‍ മുയല്‍ നല്ല സുഖമായി ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ അവന്‍ ഒരു സ്വപ്നവും കണ്ടു. സ്വപ്നം എന്തായിരുന്നെന്നോ? ലോകാവസാനം വരുണെന്നാണ് കുഞ്ഞന്‍ കണ്ട സ്വപ്നം. കാട്ടിലെ മരങ്ങളും മലകളും മറിഞ്ഞ് വീഴുന്നതും, പുഴകളിലെ വെള്ളം ഉയര്‍ന്ന് വെള്ളപ്പൊക്കമുണ്ടാകുന്നതും, ആകാശത്തുനിന്നും വന്‍ മേഘങ്ങള്‍ താഴേക്കു വീഴുന്നതുമൊക്കെയായിരുന്നു കുഞ്ഞന്‍ കണ്ടത്. കുഞ്ഞന്‍ സ്വപ്നത്തില്‍ മുഴുകി ആകെ വെട്ടി വിയര്‍ത്തു. 


അപ്പോഴാണ് ഒരു വലിയ തെങ്ങില്‍ നിന്നും ഒരു മുഴുത്ത തേങ്ങ താഴേക്കു വീണത്. അതും കുഞ്ഞന്‍റെ തൊട്ടപ്പുറത്ത്!

"ധും!" ആ ശബ്ദം കേട്ടു കുഞ്ഞന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയെണീറ്റു. സ്വപ്നത്തില്‍ കണ്ടത് പോലെ ആകാശം പൊട്ടി താഴേയ്ക്ക് വീണതാണ് താന്‍ കേട്ട ശബ്ദമെന്ന് കുഞ്ഞന്‍ ഉറപ്പിച്ചു. പേടിച്ചരണ്ട കുഞ്ഞന്‍ ചാടിയെണീറ്റ് ഓട്ടം പിടിച്ചു.

"എല്ലാരും ഓടിക്കോ! ആകാശം പൊട്ടി വീണേ!" ഉറക്കെ അലറി വിളിച്ച് കൊണ്ടായിരുന്നു കുഞ്ഞന്‍റെ ഓട്ടം.

കുഞ്ഞന്‍റെ ഓട്ടം കണ്ട ഒരു മാന്‍ ചോദിച്ചു.

"എന്തു പറ്റി കുഞ്ഞാ? എന്തിനാണ് നീയിങ്ങനെ ഓടുന്നത്?"

"അറിഞ്ഞില്ലേ? ലോകാവസാനമായി, ആകാശം പൊട്ടി താഴേയ്ക്ക് വീണു. ജീവന്‍ വേണേല്‍ ഓടിക്കോ!" കുഞ്ഞന്‍ ഓട്ടത്തിനിടയില്‍ വിളിച്ച് പറഞ്ഞു.

ഇത് കേട്ടതും മാനും അവന്‍റെ പിന്നാലേ ഓട്ടം തുടങ്ങി.

മാനിന്‍റെയും, മുയലിന്‍റെയും പരക്കം പാച്ചില്‍ കണ്ട ഒരാന അവരോടു വിവരം അന്വേഷിച്ചു. 

"നില്‍ക്കാനൊന്നും സമയമില്ല ആനചേട്ടാ, വേണമെങ്കില്‍ ഓടി രക്ഷപ്പെട്ടോളൂ! ആകാശം ഇടിഞ്ഞു താഴെ വീണു" മാന്‍ വിളിച്ച് പറഞ്ഞു.

ആകാശം താഴെ വീഴുന്നെന്ന് കേട്ട ആന വെറുതെ നില്‍ക്കുമോ? അവനും തുടങ്ങി ഓട്ടം!

അധികം ചെന്നില്ല, വഴിയില്‍ കണ്ട ഒരു കുതിരയും കാര്യമന്വേഷിച്ചു. ആന തിരിഞ്ഞുപോലും നോക്കാതെ വിളിച്ച് പറഞ്ഞു.

"ജീവന്‍ വെണേല്‍ ഓടി രക്ഷപ്പെട്ടൊ! ലോകം നശിക്കാന്‍ പോകുന്നു!"

കുതിരയ്ക്കും ജീവനില്‍ കൊതിയുണ്ട്! അവന്‍ ഒറ്റ ഓട്ടത്തിന് എല്ലാവരുടെയും മുന്‍പില്‍ കയറി. 

പിന്നീട് ഈ ഓട്ടക്കാരെ കണ്ട ഒരു കുരങ്ങനും കുതിരയുടെ വാക്ക് കേട്ടു അവരുടെ പിന്നാലേ ഓട്ടം തുടങ്ങി. പിന്നെയതാ സംഭവമറിഞ്ഞ കാട്ടുപോത്തും, മുള്ളന്‍ പന്നിയും, കഴുതയും, ചെന്നായും എല്ലാം ഓട്ടത്തില്‍ കൂടി.

മുയലിന്‍റെ വാക്ക് കേട്ടു കൂടെ കൂടിയവരില്‍ വലിയ ബുദ്ധിമാനാണെങ്കിലും ഒരു കുറുക്കനും ഉണ്ടായിരുന്നു കേട്ടോ! ചുരുക്കത്തില്‍, കാട്ടിലെ ഭൂരിഭാഗം മൃഗങ്ങളും ഓട്ടത്തിലായി. കാട് മുഴുവന്‍ പൊടിപടലങ്ങളുയര്‍ത്തികൊണ്ട് അവര്‍ ഓട്ടം തുടര്‍ന്നു. ഓട്ടം കാരണം കാട്ടിലുണ്ടായ ബഹളം ചെറുതൊന്നുമല്ല.  ശബ്ദകോലാഹലം കേട്ടു സിംഹരാജന്‍ തന്‍റെ ഗുഹയ്ക്ക് പുറത്തെത്തി.

"നില്‍ക്കവിടെ!" സിംഹരാജന്‍ അലറി.

രാജകല്‍പ്പന കേട്ടതും മൃഗങ്ങളെല്ലാം ഓട്ടം നിറുത്തി.

"എന്താണീ ബഹളം? എവിടേയ്ക്കാണ് നിങ്ങളെല്ലാവരും ഓടുന്നത്?" സിംഹം ചോദിച്ചു.

"താങ്കളും ഓടി രക്ഷപ്പെട്ടോളൂ മഹാരാജന്‍! ആകാശം ഇടിഞ്ഞു വീഴുകയാണ്!" ഒരു കാട്ടുപോത്ത് വിളിച്ച് പറഞ്ഞു.

"ആകാശം ഇടിഞ്ഞു വീഴുന്നെന്നോ? എന്തബദ്ധമാണ് നീ പറയുന്നത്?" സിംഹം ദേഷ്യപ്പെട്ടു.

"സത്യമാണ് രാജാവേ. ദാ ഈ കുതിരയാണ് എന്നോടു പറഞ്ഞത്!" കാട്ടുപോത്ത് പറഞ്ഞു.

"അതേ രാജന്‍! ഈ കുരങ്ങനാണ് എന്നോടു പറഞ്ഞത്" കുതിര പറഞ്ഞു.

കുരങ്ങന്‍ പന്നിയെയും, പന്നി ചെന്നായയെയും, ചെന്നായ ആനയെയും അങ്ങിനെ ചൂണ്ടി ചൂണ്ടി ഒടുക്കം എല്ലാം നമ്മുടെ കുഞ്ഞന്‍ മുയലിലെത്തി നിന്നു.

"നിന്നോട് ആരാണ് പറഞ്ഞത് ആകാശം ഇടിഞ്ഞു വീണെന്ന്?" സിംഹരാജന്‍ മുയലിനോട് ചോദിച്ചു.

"ആരും പറഞ്ഞതല്ല തമ്പുരാനെ, ഞാന്‍ കേട്ടതാണ് ആകാശം ഇടിഞ്ഞു വീഴുന്ന ശബ്ദം!" മുയല്‍ പേടിയോടെ പറഞ്ഞു.

"എവിടെ? എവിടെയാണ് നീ ആകാശം ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടത്?" സിംഹരാജന്‍ വീണ്ടും ചോദിച്ചു.

"ഞാന്‍ കാണിച്ചു തരാം" വിറയല്‍ മാറാതെ മുയല്‍ പറഞ്ഞു.

അങ്ങിനെ മുയലിന് പിന്നാലേ സിംഹവും മറ്റ് മൃഗങ്ങളും ആകാശം പൊട്ടി വീണ സ്ഥലം അന്വേഷിച്ച് യാത്രയായി. മുയല്‍ അവരെ താന്‍ കിടന്നുറങ്ങിയിരുന്ന പാറയുടെ അടുത്തെത്തിച്ചു.

"ഇതാ ഇവിടെയാണ് ആകാശം പൊട്ടി വീണത്!" മുയല്‍ സ്ഥലം കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.

"പക്ഷേ, ഇവിടെ ആകാശം പൊട്ടി വീണതൊന്നും കാണുന്നില്ലല്ലോ?" സിംഹം തിരക്കി.

അപ്പോഴാണ് സിംഹരാജന്‍ താഴെ വീണ് കിടക്കുന്ന തേങ്ങ കാണുന്നത്. ബുദ്ധിമാനായ സിംഹത്തിന് കാര്യങ്ങളുടെ കിടപ്പ് വേഗം പിടികിട്ടി. വെറുതെയല്ലല്ലോ സിഹം കാട്ടിലെ രാജാവായത്!

"എടാ മണ്ടാ, ഇതാ കിടക്കുന്നു നിന്‍റെ പൊട്ടി വീണ ആകാശം! വെറുതെ ഉറക്കത്തില്‍ സ്വപനം കണ്ട് പേടിച്ചിട്ട്!" സിംഹം പറഞ്ഞു

മൃഗങ്ങളെല്ലാം മുയലിനെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. പാവം കുഞ്ഞന്‍ മുയല്‍! അവന്‍ നാണിച്ച് തല താഴ്ത്തി.

"നാണമില്ലേ നിങ്ങള്‍ക്ക് ഈ ചെറുമുയലിനെ കളിയാക്കാന്‍? അവനെപ്പോലെ തന്നെ നിങ്ങളും ഈ ബഹളത്തിനൊക്കെ ഉത്തരവാദികളാണ്. ആരോ എന്തോ പറഞ്ഞു കേട്ടപ്പോഴേയ്ക്കും സത്യമെന്തെന്ന് തിരക്കാതെ ചാടിപ്പുറപ്പെട്ട നിങ്ങള്‍ക്കെന്ത് അര്‍ഹതയാനുള്ളത്, ഈ മുയലിനെ കളിയാക്കാന്‍?" സിംഹം കോപത്തോടെ ചോദിച്ചു.

മൃഗങ്ങളെല്ലാം നാണിച്ച് തലതാഴ്ത്തി.

പലപ്പോഴും നമ്മളെല്ലാം ചെയ്യുന്നതും ഇതാണ്. ഒരു വാര്‍ത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാതെ അത് വിശ്വസിക്കുക മാത്രമല്ല, അത് പറഞ്ഞു പരത്താനും നാം മടിക്കാറില്ല! പ്രത്യേകിച്ചു ഈ ഇന്‍റര്‍നെറ്റ് യുഗത്തില്‍ കേള്‍ക്കുന്നതൊന്നും അപ്പടി വിഴുങ്ങാതെ യദാര്‍ഥമാണോ എന്നുറപ്പിച്ച് പ്രവര്‍ത്തിക്കുക

Post a Comment

0 Comments