വാല് പോയി കത്തികിട്ടി..ഡുംഡു ഡുംഡുംഡും...


പണ്ട് നടന്ന ഒരു കഥയാണ്. ഒരിടത്തൊരിടത്ത് ഒരു കുരങ്ങനുണ്ടായിരുന്നു. ഒരു കുസൃതിക്കുരങ്ങന്‍. ഒരു ദിവസം ഒരു മര്‍ത്തില്‍ കളിച്ചുകൊണ്ടിരുന്ന അവന്‍ പെട്ടെന്ന് പിടിവിട്ട് താഴെ വീണു. വീഴ്ചയില്‍ അവന്‍റെ വാലില്‍ ഒരു മുള്ള് കുത്തിക്കയറി. വേദന സഹിക്കാന്‍ വയ്യാതെ അവന്‍ വല്ലാതെ വിഷമിച്ചു. 

എന്ത് ചെയ്യണമെന്നറിയാതെ അവന്‍ പാഞ്ഞു. അപ്പോഴാണ് ഒരു വൈദ്യന്‍റെ കട കണ്ടത്. അവന്‍ വൈദ്യരുടെ അടുത്ത് ചെന്ന് തന്നെ സഹായിക്കാന്‍ അപേക്ഷിച്ചു. കുരങ്ങന്‍റെ അവസ്ഥ കണ്ട് പാവം തോന്നിയ വൈദ്യര്‍ അവന്‍റെ വാലില്‍ നിന്നും മുള്ള് നീക്കം ചെയ്യാന്‍ തുടങ്ങി.

കഷ്ടകാലമെന്നല്ലാതെ എന്തു പറയാന്‍! മുള്ള് നീക്കം ചെയ്തതോടൊപ്പം വൈദ്യരുടെ കയ്യബദ്ധത്തിന് കുരങ്ങച്ചന്‍റെ വാല്‍ പകുതി വെച്ച് മുറിഞ്ഞ് പോയി. അതോടെ കുരങ്ങച്ചന്‍റെ മട്ട് മാറി. അവന്‍ ദേഷ്യം കൊണ്ട് അലറിക്കരയാന്‍ തുടങ്ങി.

"ഒന്നുകില്‍ നിങ്ങളെന്‍റെ വാല്‍ പഴയതുപോലെ ആക്കിത്തരണം, അല്ലെങ്കില്‍ എന്‍റെ വാല്‍ മുറിച്ച കത്തി എനിക്ക് തരണം" അവന്‍ വാശി പിടിച്ചു.

പറ്റിപ്പോയില്ലെ, വേറെ വഴിയില്ലാത്തത് കൊണ്ട് കുരങ്ങച്ചന്‍റെ ശല്യം ഒഴിവാക്കാന്‍ വൈദ്യര്‍ തന്‍റെ കത്തി കൊടുത്തു.

കയ്യില്‍ കത്തിയുമായി കുരങ്ങച്ചന്‍ ഉടന്‍ സ്ഥലം വിട്ടു. അവനങ്ങനെ നടക്കുമ്പോഴാണ് കുറെ കുട്ടികള്‍ മാവില്‍ നിന്നും മാമ്പഴം എറിഞ്ഞിടാന്‍ ശ്രമിക്കുന്നത് അവന്‍ കണ്ടത്. കുരങ്ങന്‍ വേഗം അവരുടെ അടുത്ത് ചെന്നു.

"ഈ കല്ല് കൊണ്ട് എറിഞ്ഞിട്ടൊന്നും കാര്യമില്ല. ഇതാ ഈ കത്തി കൊണ്ട് എറിഞ്ഞ് നോക്കൂ" അവന്‍ കുട്ടികളൊട് പറഞ്ഞു.

കുരങ്ങന്‍ പറഞ്ഞത് കേട്ട് കുട്ടികള്‍ അവന്‍റെ കയ്യില്‍ നിന്നും കത്തി വാങ്ങിഎറിഞ്ഞു. കുറേ മാമ്പഴം താഴെ വീണു. പക്ഷേ, കത്തി അതിനിടയില്‍ മാവിന്‍റെ മുകളിലെവിടെയോ കുടുങ്ങിപ്പോയി.

കുട്ടികള്‍ മാമ്പഴം പെറുക്കിക്കൂട്ടിയതും കുരങ്ങച്ചന്‍റെ വിധം മാറി. 

"എനിക്കെന്‍റെ കത്തി തിരികെ താ! അല്ലെങ്കില്‍ ഈ മാമ്പഴം മുഴുവന്‍ എനിക്ക് തരണം!" അവന്‍ പറഞ്ഞു.

കുട്ടികള്‍ സമ്മതിക്കുമോ? അവര്‍ കുരങ്ങനോട് തര്‍ക്കിച്ചു നോക്കി. എന്നാലവനുണ്ടോ വിടുന്നു. അവന്‍ വാശി പിടിച്ചു. ഒടുവില്‍ നിവൃത്തിയില്ലാതെ കുട്ടികള്‍ കുരങ്ങച്ചന് മാമ്പഴത്തിന്‍റെ ഏറിയ പങ്കും നല്‍കേണ്ടി വന്നു.

കുരങ്ങന്‍ മാമ്പഴവുമായി മുന്പൊട്ട് പോയി. കുറെ ദൂരം ചെന്നപ്പോള്‍ അവന്‍ ഒരു മരച്ചുവട്ടില്‍ വിശന്ന് തളര്‍ന്നിരിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടു. കുരങ്ങച്ചന്‍ അവളുടെ അടുത്ത് ചെന്ന് മാമ്പഴം അവള്‍ക്ക് നല്‍കി കൊണ്ട് പറഞ്ഞു.

"ദാ, ഈ മാമ്പഴം തിന്നോളൂ!" 

പെണ്‍കുട്ടി ആ മാമ്പഴം മുഴുവന്‍ കൊതിയോടെ തിന്നു തീര്‍ത്തു. അത് വരെ നോക്കി നിന്നിരുന്ന കുരങ്ങന്‍ തന്‍റെ തനിനിറം പുറത്തെടുത്തു. 

"എനിക്കെന്‍റെ മാമ്പഴം തിരികെത്തരണം." അവന്‍ പറഞ്ഞു.

പാവം പെണ്‍കുട്ടി! തിന്ന് കഴിഞ്ഞ മാമ്പഴം അവള്‍ എങ്ങിനെ തിരികെ കൊടുക്കാനാണ്. അപ്പോള്‍ കുരങ്ങന്‍ പറഞ്ഞു.

"മാമ്പഴമില്ലെങ്കില്‍ വേണ്ട, നീയെന്‍റെ കൂടെ വരണം" 

വേറെ വഴിയില്ലാതെ അവള്‍ കുരങ്ങന്‍റെ കൂടെ പോയി. അങ്ങിനെ രണ്ട് പേരും കുറെ ചെന്നപ്പോള്‍ ഒരു പ്രായമായ ഒരാള്‍ ചക്കില്‍ എണ്ണയാട്ടുന്നത് കണ്ടു. വൃദ്ധന്‍ കഷ്ടപ്പെടുന്നത് കണ്ട് നമ്മുടെ കുരങ്ങന് പാവം തോന്നി. അവന്‍ പറഞ്ഞു.

"അമ്മാവാ, ദാ ചക്കാട്ടുന്നതിന് ഇവള്‍ നിങ്ങളെ സഹായിക്കും!" 

വൃദ്ധന് സന്തോഷമായി. കുറേ നേരം അവര്‍ ജോലി ചെയ്യുന്നത് നോക്കി നിന്ന കുരങ്ങന്‍ പറഞ്ഞു.

"ഇനി മതി. എനിക്ക് പോകാന്‍ സമയമായി" 

താന്‍ ഒറ്റയ്ക്കായത് കൊണ്ട് സഹായത്തിനായി ആ പെണ്‍കുട്ടിയെ അവിടെ നിര്‍ത്തിക്കൂടേ എന്ന് അയാള്‍ കുരങ്ങനോട് ചോദിച്ചു. അങ്ങിനെയെങ്കില്‍ തനിക്ക് പകരത്തിന് കുറേ എണ്ണ വേണമെന്നായി കുരങ്ങച്ചന്‍! വൃദ്ധന്‍ അവന് വേണ്ട എണ്ണ കൊടുത്ത് ആ പെണ്‍കുട്ടിയെ കൂടെ നിര്‍ത്തി.

എണ്ണയുമായി സസന്തോഷം മുന്നോട്ട് പോയ കുരങ്ങച്ചന്‍ ഒരമ്മൂമ്മ ദോശ ചുടുന്നത് കണ്ട് അടുത്ത് ചെന്നു. അമ്മൂമ്മയാണെങ്കില്‍ ദോശ ചുടാനുള്ള എണ്ണയൊക്കെ തീര്‍ന്ന് വിഷമിച്ചിരിക്കുകയായിരുന്നു. പരസഹായിയായ നമ്മുടെ കുരങ്ങച്ചന്‍ ഉടന്‍ തന്നെ തന്‍റെ കയ്യിലുള്ള എണ്ണ അമ്മൂമ്മയ്ക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു.

"അമ്മൂമ്മയെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്. ദാ, ഈ എണ്ണ എടുത്ത് നല്ല ദോശയുണ്ടാക്കൂ!"

അമ്മൂമ്മയ്ക്ക് സന്തോഷമായി. അവര്‍ ആ എണ്ണയെടുത്ത് നല്ല പോലെ കുറെ ദൊശയുണ്ടാക്കി. എണ്ണ തീര്‍ന്നതും കുരങ്ങന്‍റെ സ്വഭാവം മാറി.

"എനിക്കെന്‍റെ എണ്ണ തിരികെത്താ! എനിക്കെന്‍റെ എണ്ണ ഇപ്പം വേണം!" അവന്‍ കരഞ്ഞ് വിളിക്കാന്‍ തുടങ്ങി.

"ശ്ശെടാ, ഇത് വല്ലാത്ത പുലിവാലായല്ലോ?" അമ്മൂമ്മ ആകെ വിഷമത്തിലായി. 

"എണ്ണ തീര്‍ന്ന് പോയില്ലേ, ഇനിയെവിടുന്ന് തരാനാണ്?" അമ്മൂമ്മ ചോദിച്ചു.

"എണ്ണയില്ലെങ്കില്‍ എനിക്ക് ദോശ താ!" കുരങ്ങന്‍ ആവശ്യപ്പെട്ടു. 

വേറെന്ത് ചെയ്യാന്‍? അമ്മൂമ്മ ദോശ മുഴുവനും കുരങ്ങച്ചന് കൊടുത്തു. ആ വിധമല്ലേ അവന്‍റെ ബഹളം!

ദോശയുമായി പോകുമ്പോഴാണ് വഴിയില്‍ വിശന്ന് തളര്‍ന്ന് നില്‍ക്കുകയായിരുന്ന ഒരു ചെണ്ടക്കാരനെ കണ്ടത്. കുരങ്ങന്‍റെ കയ്യിലെ ദോശ കണ്ടതും അയാള്‍ ചോദിച്ചു.

"എനിക്ക് നന്നായി വിശക്കുന്നുണ്ട്, ആ ദോശ എനിക്ക് തരാമോ?"

"അതിനെന്താ?" കുരങ്ങച്ചന്‍ വേഗം ദോശ മുഴുവന്‍ ചെണ്ടക്കാരന് കൊടുത്തു. അയാള്‍ അത് ആര്‍ത്തിയോടെ തിന്നു തീര്‍ത്തു. പിന്നെ എന്താണുണ്ടാകുക എന്നത് കൂട്ടുകാര്‍ക്ക് മനസ്സിലായിക്കാണുമല്ലോ?

അതെ, അതു തന്നെ സംഭവിച്ചു. കുരങ്ങച്ചന്‍ ബഹളം വെക്കാന്‍ തുടങ്ങി. തിന്ന് തീര്‍ത്ത ദോശ തിരിച്ച് കൊടുക്കാനാകാതെ ചെണ്ടക്കാരന് ഒടുക്കം തന്‍റെ ചെണ്ട കുരങ്ങന് കൊടുക്കേണ്ടി വന്നു.

ചെണ്ട കയ്യില്‍ കിട്ടിയതും കുരങ്ങച്ചന്‍ ഒരു മരക്കൊമ്പില്‍ കയറി ചെണ്ട കൊട്ടി ഇങ്ങിനെ പാടാന്‍ തുടങ്ങി.

"വാല് പോയി, കത്തി കിട്ടി, ഡുംഡുഡുംഡുഡും!

കത്തി പോയി, മാങ്ങ കിട്ടി, ഡുംഡുഡുംഡുഡും!

മാങ്ങ പോയി, പെണ്ണിനെ കിട്ടി, ഡുംഡുഡുംഡുഡും!

പെണ്ണ് പോയി, എണ്ണ കിട്ടി, ഡുംഡുഡുംഡുഡും!

എണ്ണ  പോയി, ദോശ കിട്ടി, ഡുംഡുഡുംഡുഡും!

ദോശ പോയി, ചെണ്ട കിട്ടി, ഡുംഡുഡുംഡുഡും!

ഡുംഡുഡുംഡും, ഡുംഡുഡുംഡും, ഡുംഡുഡുംഡുഡും!

കുരങ്ങച്ചനീ പാട്ടും പാടി കാട്ടിലിപ്പോഴും കറങ്ങി നടപ്പുണ്ട് പോലും!


Post a Comment

0 Comments