മീനെവിടെപ്പോയി? - മറ്റൊരു ഹോജാക്കഥ

 


ഒരു ദിവസം ഹോജ കുറച്ച് നല്ല മീന്‍ തന്‍റെ ഭാര്യയുടെ കൈയ്യില്‍ കൊടുത്ത് കൊണ്ട് പറഞ്ഞു.

"ദാ, ഇത് ഒരു കിലോ മീനുണ്ട്. കൊണ്ട് പോയി നന്നായി കറി വെക്ക്. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം"

മീന്‍ കറി വെച്ച ഭാര്യ ഹോജ വരാന്‍ താമസിക്കുന്നത് കണ്ടപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. നല്ല രുചിയുള്ള മീന്‍! കൊതി മൂത്ത് അവര്‍ ആ മീന്‍ മുഴുവനും കഴിച്ച് തീര്‍ത്തു.

പുറത്ത് പോയ ഹോജ കുറെ നേരം കഴിഞ്ഞ് തിരിച്ചെത്തി ഭക്ഷണം കഴിക്കാനിരുന്നു. പക്ഷേ ഭക്ഷണം എത്തിയപ്പോള്‍ അതില്‍ മീന്‍ കറി തെല്ലും ഉണ്ടായിരുന്നില്ല. അത്ഭുതത്തോടെ ഹോജ മീന്‍ കറി എവിടെയെന്ന് ഭാര്യയോട് ചോദിച്ചു.

"ഒന്നും പറയണ്ട, എന്‍റെ ശ്രദ്ധ ഒന്നു തെറ്റിയതും ആ  മീന്‍ മുഴുവനും പൂച്ച തിന്നു തീര്‍ത്തു"

ഹോജ മറുപടിയൊന്നും പറയാതെ ഭക്ഷണം കഴിച്ച് തീര്‍ത്തു. അതിന് ശേഷം നേരെ അടുക്കളയില്‍ പോയി അവിടെ പതുങ്ങിയിരിക്കുകയായിരുന്ന പൂച്ചയെ തൂക്കിയെടുത്ത് കൊണ്ട് വന്നു. എന്നിട്ട് ഒരു ത്രാസ് എടുത്ത് പൂച്ചയുടെ തൂക്കംനോക്കി. ഒരു കിലോ! ഒരു കിലോ മീന്‍ മുഴുവന്‍ തിന്നു തീര്‍ത്ത പൂച്ചയ്ക്ക് തൂക്കം ഒരു കിലോ! ഹോജ കലി തുള്ളിക്കൊണ്ട് ഭാര്യയോട് ചോദിച്ചു. 

"നീ പറഞ്ഞ പോലെ ഈ പൂച്ചയാണ് ഒരു കിലോ മീന്‍ മുഴുവന്‍ തിന്ന് തീര്‍ത്തതെങ്കില്‍ പിന്നെ മീനെവിടെപ്പോയി? അതല്ല ഇതാണ് മീനെങ്കില്‍ പിന്നെ പൂച്ചയെവിടെപ്പോയി?"

കൂടുതല്‍ ഹോജാ കഥകള്‍

Post a Comment

0 Comments