മടിയന്‍റെ കൂട്ട്...

ഒരു കൃഷിക്കാരന് കുറേ കഴുതകള്‍ ഉണ്ടായിരുന്നു. അവരില്‍  ഒരു കഴുത മാത്രം മഹാ മടിയനും അനുസരണയില്ലാത്തവനും ആയിരുന്നു. ആ കഴുത തീരെ പണിയെടുക്കില്ല. കര്‍ഷകന്‍ എത്ര ശ്രമിച്ചിട്ടും അതിനെ നേരെയാക്കാന്‍ പറ്റിയതേയില്ല. 

കര്‍ഷകന് തന്‍റെ കഴുതകളെക്കൊണ്ട് വളരെയധികം പണിയുണ്ടായിരുന്നു. ഈയൊരു മടിയന്‍ കഴുത കാരണം മറ്റ് കഴുതകള്‍ക്ക് ജോലിഭാരം കൂടുന്നത് കര്‍ഷകന് മനസ്സിലായി. അത് കൊണ്ട് അയാള്‍ ഒരു കഴുതയെക്കൂടി വാങ്ങാന്‍ തീരുമാനിച്ചു.

അപ്പോഴാണ് കര്‍ഷകന്‍റെ ഒരു സുഹൃത്ത് ഒരു കഴുതയെ വില്‍ക്കാനുണ്ട് എന്ന് പറയുന്നത്. കര്‍ഷകന്‍ കഴുതയെ കാണാനായി ചെന്നു. കണ്ടാല്‍ തെറ്റൊന്നുമില്ല. എന്നാലും, ഈ പുതിയ കഴുത ഏത് തരമാണ് എന്നറിയില്ലല്ലോ. കര്‍ഷകന്‍ സുഹൃത്തിനോട് രണ്ട് ദിവസത്തേയ്ക്ക് കഴുതയെ തിന്‍റെ കൂടെ തന്നു വിടുമോ എന്ന് ചോദിച്ചു.

"അതെന്തിനാണ്?" സുഹൃത്ത് കാര്യം തിരക്കി.

"അല്ല, രണ്ട് ദിവസം എന്‍റെ വീട്ടില്‍ വന്ന് നിന്നാല്‍ ഈ കഴുത ഏത് തരക്കാരനാനെന്ന് അറിയാമല്ലോ. കൊള്ളാമെങ്കില്‍ ഞാന്‍ ഉടന്‍ വാങ്ങിച്ച് കൊള്ളാം!" കര്‍ഷകന്‍ പറഞ്ഞു.

സുഹൃത്തിന് ആ വ്യവസ്ഥ സമ്മതമായിരുന്നു. 

അങ്ങിനെ കൃഷിക്കാരന്‍ കഴുതയുമായി വീട്ടില്‍ എത്തി. അവര്‍ വീട്ടിലെത്തിയപ്പോള്‍ പതിവ് പോലെ അദ്ധ്വാനികളായ കഴുതകള്‍ തങ്ങളുടെ പണി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ മടിയന്‍ കഴുത അവിടെ ഒരു പണിയും ചെയ്യാതെ പുല്ല് തിന്ന് നില്‍ക്കുന്നുണ്ടായിരുന്നു. കര്‍ഷകന്‍ പുതിയ കഴുതയെ അവരുടെ അടുത്ത് കൊണ്ട് ചെന്ന് വിട്ടു.

പുതിയ കഴുത പണിയെടുത്ത് കൊണ്ട് നില്‍ക്കുന്ന കഴുതകളെ ശ്രദ്ധിച്ചതേയില്ല. അവന്‍ വേഗം തന്നെ മടിയനായ കഴുതയുടെ അടുത്ത് ചെന്നു. കര്‍ഷകന്‍ നോക്കുമ്പോള്‍ പുതിയ കഴുത മടിയനായ തന്‍റെ കഴുതയുടെയടുത്ത് വളരെ വേഗം അടുത്ത് കഴിഞ്ഞു. വലിയ ചങ്ങാതിമാരെപ്പോലെ എന്തൊക്കെയോ പറഞ്ഞു പുല്ലും തിന്ന് രസിക്കുന്നുമുണ്ട്!

കര്‍ഷകന്‍ കുറെ സമയം രണ്ട് കഴുതകളെയും നിരീക്ഷിച്ചു. പിറ്റേ ദിവസം തന്നെ അയാള്‍ സുഹൃത്തിന്‍റെ കഴുതയെ തിരികെ സുഹൃത്തിനെ ഏല്‍പ്പിച്ചു.  സുഹൃത്ത് അതിശയത്തോടെ ചോദിച്ചു.

"അല്ല, രണ്ട് ദിവസം നോക്കട്ടേ എന്നല്ലേ ഇന്നലെ പറഞ്ഞത്? പിന്നെന്താ ഇത്ര പെട്ടെന്ന് തിരികെയെത്തിച്ചത്?" അയാള്‍ ചോദിച്ചു.

"എന്‍റെ സുഹൃത്തെ, ഈ കഴുത മഹാമടിയനാണെന്ന് മനസ്സിലാക്കാന്‍ ഒരു ദിവസം പോലും വേണ്ട. ഇവനെപ്പോലെ തന്നെ ഒരുത്തന്‍ അവിടെയുമുണ്ട്. അതിനെ വേണമെങ്കില്‍ തനിക്ക് ഞാന്‍ വെറുതെ തരാം. അവിടെ ചെന്നയുടന്‍ ഇവന്‍ കൂട്ട് കൂടിയത് ആ മടിയനുമായിട്ടാണ്. അത് കൊണ്ട് ഈ കഴുതയെ താങ്കള്‍ തന്നെ വെച്ചോളൂ!" ഇത്രയും പറഞ്ഞു കര്‍ഷകന്‍ തിരികെപ്പോയി.

എപ്പോഴും ഒരേ സ്വഭാവക്കാരനാണ് കൂട്ട് കൂടുന്നത്. നമ്മുടെ കൂട്ടുകാര്‍ ആരാണെന്ന് നോക്കിയാല്‍ നമ്മുടെ സ്വഭാവം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. അത് കൊണ്ട് എപ്പോഴും നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

Post a Comment

0 Comments