ഇതൊരു കുറുക്കന്‍റെ കഥയാണ്. വലിയ സൂത്രശാലിയാണെന്ന് സ്വയം അഭിമാനിക്കുന്ന ഒരു കള്ളന്‍ കുറുക്കന്‍!
ഒരു ദിവസം നമ്മുടെ കുറുക്കച്ചാര്‍ വിശന്നു വലഞ്ഞ് ഭക്ഷണത്തിനായി അലഞ്ഞ്ഞ തിരിയുകയായിരുന്നു. വിശപ്പ് കാരണം കാടെല്ലാം കടന്ന് കക്ഷി നാട്ടിലെത്തി. അങ്ങിനെയാണവന്‍ ആ കോഴിക്കൂട് കണ്ടത്.
കോഴിക്കൂടിനുള്ളില്‍ ഒരു പുള്ളിപ്പിടക്കോഴിയെ കണ്ട് അവന് കൊതിയടക്കാനായില്ല. കൂടിന്‍റെ വാതിലാണെങ്കില്‍ തുറന്ന് കിടക്കുന്നു. പക്ഷെ, എന്തുചെയ്യാം. അവന്‍ ചാടിപ്പിടിക്കാവുന്നതിനേക്കാള്‍ ഉയരത്തിലാണ് കൂട്!
എന്തെങ്കിലും സൂത്രം ഉപയോഗിച്ച് പുള്ളിക്കോഴിയെ കൂടിന് പുറത്തിറക്കാന്‍ കുറുക്കന്‍ തീരുമാനിച്ചു. അവന്‍ പറഞ്ഞു.
"ഹായ് സുഹ്രുത്തേ, നിനക്ക് എന്തൊ കാര്യമായ അസുഖമാണെന്ന് കേട്ട് നിന്നെ പരിശോധിക്കാന്‍ അടുത്ത ഗ്രാമത്തില്‍ നിന്നും വന്ന ഒരു ഡോക്ടറാണ് ഞാന്‍. നിന്നെ കണ്ടാല്‍ തന്നെ അറിയാം തീരെ വയ്യെന്ന്. താഴോട്ടിറങ്ങി വന്നാല്‍ ഞാന്‍ നിന്നെ പരിശോധിച്ച് മരുന്ന് തരാം"
കുറുക്കന്‍റെ വാക്കുകള്‍ കേട്ട കോഴിക്ക് കുറുക്കന്‍റെ ഉദ്ദേശം മനസ്സിലായി. അവള്‍ പറഞ്ഞു.
"താങ്കള്‍ പറഞ്ഞത് തികച്ചും ശരിയാണ്. എനിക്ക് തീരെ വയ്യ. എന്നെ ചികിത്സിക്കാന്‍ വന്നതിന് വളരെ നന്ദിയുണ്ട്."
കുറുക്കന്‍ പ്രതീക്ഷയോടെ മുകളിലേയ്ക്ക് നോക്കി നിന്നു. പുള്ളിക്കോഴി തുടര്‍ന്നു.
"പക്ഷേ എന്ത് ചെയ്യാന്‍? ഇവിടെ നിന്ന് എണീറ്റ് താഴോട്ടിറങ്ങാന്‍ പോലും എനിക്ക് വയ്യ. അത് കൊണ്ട് ഡോക്ടര്‍ വേഗം സ്ഥലം വിട്ട് കൊള്ളൂ!"
തന്‍റെ സൂത്രം ഫലിച്ചില്ലെന്ന് മനസ്സിലായ കുറുക്കന്‍ വേഗം അവിടെ നിന്നും സ്ഥലം വിട്ടു.
0 Comments