ഒരിയ്ക്കല്‍ ഹോജയ്ക്ക് ഒരു പണസഞ്ചി കളഞ്ഞു കിട്ടി. പണത്തിന് നല്ല ഹോജ നല്ല ബുദ്ധിമുട്ടനുഭവിക്കുന്ന സമയം. നൂറ് സ്വര്‍ണ്ണനാണയങ്ങളടങ്ങിയ ആ സഞ്ചി സ്വന്തമാക്കണമെന്ന് ഹോജ സ്വാഭാവികമായും ആഗ്രഹിച്ചു.
ആര്‍ക്കെക്കിലും എന്തെങ്കിലും കളഞ്ഞ് കിട്ടിയാല്‍ ആളുകള്‍ കൂടുന്ന സ്ഥലത്ത് ചെന്ന് മൂന്ന് തവണ എനിക്ക് ഇങ്ങനെ ഒരു സാധനം കളഞ്ഞ് കിട്ടിയിട്ടുണ്ടെന്ന് ഉറക്കെ വിളിച്ച് പറയണം എന്നാണ് അന്ന് നാട്ടിലെ നിയമം. അങ്ങിനെ മൂന്ന് പ്രാവശ്യം വിളിച്ച് പറഞ്ഞശേഷവും ഉടമസ്ഥനെത്തിയില്ലെങ്കില്‍ ആ സാധനം കളഞ്ഞു കിട്ടിയ ആള്‍ക്ക് സ്വന്തമാക്കാം.
നിയമം അനുസരിക്കാതിരിക്കുന്നത് ശരിയല്ലെന്ന് ഹോജക്കറിയാം. പക്ഷെ നാലാള്‍ കൂടുന്നിടത്ത് ഈ വിവരം വിളിച്ച് കൂവിയാല്‍ നിശ്ചയമായും അതിന്‍റെ ഉടമസ്ഥര്‍ വരിക തന്നെ ചെയ്യും. പണം വിട്ട് കളയാന്‍ ഹോജയ്ക്കൊട്ട് താത്പര്യം ഇല്ല താനും.
ഒടുക്കം ഹോജ ഒരു പോംവഴി കണ്ടെത്തി. നിയമ അനുസരിച്ച് തന്നെ പണസഞ്ചി സ്വന്തമാക്കാനുള്ള ഉപായം.
പിറ്റേ ദിവസം അതിരാവിലെ ഹോജ ചന്തയിലെത്തി. അത്ര രാവിലെയായത് കൊണ്ട് ചന്തയില്‍ ആരും തന്നെ എത്തിയിട്ടുണ്ടായിരുന്നില്ല. ആളുകള്‍ കൂടുന്ന സ്ഥലത്ത് ചെന്ന് വിളിച്ച് പറയണമെന്നേ നിയമത്തില്‍ പറയുന്നുള്ളൂ. ഹോജ വളരെ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ച് പറഞ്ഞു.
"എനിക്ക് നൂറ് സ്വര്‍ണ്ണ നാണയങ്ങളടങ്ങിയ ഒരു പണസഞ്ചി കളഞ്ഞ് കിട്ടിയിട്ടുണ്ട്. ഉടമസ്ഥര്‍ ഉണ്ടെങ്കില്‍ കടന്നു വരിക"
ആരുമില്ലാത്ത ചന്തയില്‍ ഹോജ പറഞ്ഞത് ആര് കേള്‍ക്കാനാണ്? ഹോജ മൂന്നാം തവണയും വിളിച്ച് പറഞ്ഞ് പണസഞ്ചി സ്വന്തമായല്ലോ എന്നുറപ്പിച്ച് പോകാനൊരുങ്ങുമ്പോഴാണ് കുറച്ച് പേര്‍ ചന്തയിലെത്തിയത്. അതിലൊരാള്‍ ഹോജയോട് ചോദിച്ചു.
"അല്ലയൊ ഹോജ, താങ്കളെന്തോ വിളിച്ച് പറയുന്നുണ്ടായിരുന്നല്ലോ?ദൂരെയായത് കൊണ്ട് ഞങ്ങള്‍ ശരിക്ക് കേട്ടില്ല. ഒന്നു കൂടി ഒന്ന് പറയാമോ?"
ഒന്ന് കൂടി വിളിച്ച് പറയുന്ന കാര്യം ഹോജയ്ക്ക് ചിന്തിക്കാനേ വയ്യായിരുന്നു. അത് കൊണ്ട് ഹോജ പറഞ്ഞു.
"ക്ഷമിക്കണം സുഹ്രുത്തുക്കളെ. ഞാന്‍ പറഞ്ഞ കാര്യം മൂന്ന് പ്രാവശ്യം പറയാനേ നിയമമുള്ളൂ. അതില്‍ കൂടുതല്‍ തവണ ഞാനത് പറഞ്ഞാല്‍ അത് നിയമത്തെ അനുസരിക്കാതിരിക്കലാകും. അതു കൊണ്ട് ഞാനിനി അത് പറയുകയില്ല"
ഇങ്ങനെ പറഞ്ഞ് തിരിഞ്ഞു നടക്കവേ, കാര്യമൊന്നും മനസ്സിലാകാതെ മിഴിച്ച് നിന്ന അവരോട് ഹോജ ഇത് കൂടി വിളിച്ച് പറഞ്ഞു.
"ആ, പിന്നേ...ഞാനൊരു കാര്യം കൂടി പറയാം. ഞാനിപ്പോള്‍ ഒരു നൂറ് സ്വര്‍ണ്ണനാണയത്തിനുടമയാണ്"
0 Comments