മൂങ്ങയും പുല്‍ച്ചാടിയും - ഈസോപ്പ് കഥകള്‍


ഒരു വലിയ ഓക്ക് മരത്തിലായിരുന്നു വൃദ്ധയായ മൂങ്ങ താമസിച്ചിരുന്നത്. പകല്‍ സമയങ്ങളിലാണല്ലോ മൂങ്ങകള്‍ ഉറങ്ങാറ്. പതിവ് പോലെ ഒരു പകല്‍ സുഖമായൊന്നുറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അവള്‍.

അപ്പോഴാണ് അടുത്ത മരത്തില്‍ നിന്നും ഒരു പുല്‍ച്ചാടിയുടെ ഉറക്കെയുള്ള പാട്ട് കേട്ടത്. വളരെ ഉച്ചത്തിലുള്ള ആ പാട്ട് മയക്കത്തിലേയ്ക്ക് വഴുതി വീഴുകയായിരുന്ന മൂങ്ങയെ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേല്‍പ്പിച്ചു.

"നിന്‍റെ പാട്ട് നിര്‍ത്തി ഇവിടെ നിന്നും പോയിത്തരാമോ? എന്നെ ഒന്നുറങ്ങാന്‍ സമ്മതിക്കാതെ ഒരു മര്യാദയുമില്ലാതെ ബഹളം വെക്കുന്നോ?" മൂങ്ങ ദേഷ്യപ്പെട്ടു,

"അത് കൊള്ളാം! നിങ്ങള്‍ക്ക് ഉറങ്ങണമെങ്കില്‍ ഉറങ്ങിക്കോളൂ. മറ്റാരെയും പോലെ എവിടെയിരുന്നും പാട്ട് പാടുവാന്‍ എനിക്കും അവകാശമുണ്ട്" പുല്‍ച്ചാടി തിരിച്ചടിച്ചു. മാത്രമല്ല കൂടുതല്‍ ഉച്ചത്തില്‍ പാടാനും തുടങ്ങി. 

പാവം മൂങ്ങ.  അവള്‍ക്ക് നല്ല ദേഷ്യം വന്നു. പുല്‍ച്ചാടിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവള്‍ കരുതി. എന്ത് ചെയ്യാം, വയസ്സായത് കൊണ്ടും പകല്‍ നേരമായത് കൊണ്ട് കണ്ണ് ശരിക്ക് കാണാത്തത് കൊണ്ടും പുല്‍ച്ചാടിയെ എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ലല്ലോ അവള്‍!

മര്യാദയില്ലാത്ത പുല്‍ച്ചാടിയെ പാഠം പഠിപ്പിക്കണമെങ്കില്‍ എന്തെങ്കിലും സൂത്രം പ്രയോഗിക്കേണ്ടി വരുമെന്ന് മൂങ്ങ മനസ്സിലാക്കി. അവള്‍ പറഞ്ഞു.

"ഉറക്കത്തില്‍ നിന്നും പെട്ടെന്നെണീറ്റത് കൊണ്ട് ഞാനാദ്യം താങ്കളുടെ പാട്ട് ശ്രദ്ധിച്ചിരുന്നില്ല കേട്ടൊ. എന്നോട് ക്ഷമിക്കണം. എത്ര മധുരമായാണ് താങ്കള്‍ പാടുന്നത്. ഇനിയീ പാട്ട് കേട്ട് എനിക്കുറങ്ങാം' 

മൂങ്ങയുടെ മുഖസ്തുതി പുല്‍ച്ചാടിക്ക് നന്നേ ഇഷ്ടപ്പെട്ടു. അവന്‍ തന്‍റെ പാട്ട് തുടര്‍ന്നു.

"എന്‍റെ കയ്യില്‍ ഒളിമ്പസില്‍ നിന്ന് കിട്ടിയ അപ്പോളോ ദേവന്‍ ദൈവങ്ങള്‍ക്ക് മുന്‍പില്‍ പാടുമ്പോള്‍ കുടിക്കുന്ന നല്ല വൈന്‍ ഉണ്ട്. താങ്കള്‍ ഇങ്ങോട്ട് വരികയാണെങ്കില്‍ അതില്‍ നിന്നും കുറച്ച് ഞാന്‍ തരാം. പിന്നെ താങ്കള്‍ക്ക് കൂടുതല്‍ മധുരമായി പാടാന്‍ പറ്റും" മൂങ്ങ പറഞ്ഞു.

മൂങ്ങയുടെ വാക്കുകള്‍ കേട്ട പുല്‍ച്ചാടി വേഗം തന്നെ കൊതിയോടെ മൂങ്ങയുടെ അടുത്തേയ്ക്ക് ചെന്നു. പുല്‍ച്ചാടി തന്‍റെയടുത്തെത്തിയതും മൂങ്ങ ഒറ്റച്ചാട്ടത്തിന് അവനെ പിടിച്ച് തിന്നു.

വിഡ്ഡിയും അഹങ്കാരിയുമായ പുല്‍ച്ചാടിയുടെ ശല്യം തീര്‍ന്നതോടെ മൂങ്ങ സുഖമായി ഉറങ്ങാന്‍ തുടങ്ങി.

കാര്യം കാണാന്‍ പലരും മുഖസ്തുതി ഒരായുധമായി ഉപയോഗിക്കും. മുഖസ്തുതിയില്‍ മയങ്ങിയാല്‍ അപകടത്തില്‍ ചെന്ന് ചാടും!



Post a Comment

0 Comments