വൈദ്യരുടെ ശിഷ്യന്‍

ഒരിടത്ത് വളരെ പ്രഗത്ഭനായ ഒരു വൈദ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സുഹൃത്ത് തന്‍റെ മകനെ വൈദ്യരുടെയടുത്ത് വൈദ്യം പഠിക്കാനയച്ചു.

ഒരു ദിവസം വൈദ്യര്‍ തന്‍റെ ശിഷ്യനുമൊത്ത് ഒരു രോഗിയുടെ വീട്ടിലെത്തി. കഠിനമായ വയറ് വേദന കൊണ്ട് വിഷമിക്കുകയായിരുന്ന് ആ രോഗിയെ പരിശോധിച്ച ശേഷം വൈദ്യര്‍ ചോദിച്ചു.

"ഇന്നു രാവിലെ കുറെയധികം ആപ്പിള്‍ കഴിച്ചുവല്ലേ?"

"അതെ വൈദ്യരേ." രോഗി സമ്മതിച്ചു.

"കുറെയധികം ആപ്പിള്‍ കഴിച്ചത് കൊണ്ടാണ് നിങ്ങള്‍ക്ക് ഇങ്ങനെ ഒരു വയറ് വേദന വന്നത്. വേറെ കുഴപ്പമൊന്നുമില്ല" വൈദ്യര്‍ ഒരു മരുന്ന് കൊടുത്ത് കൊണ്ട് പറഞ്ഞു.

ഇതെല്ലാം കണ്ടും കേട്ടും അത്ഭുതപ്പെട്ട് നില്‍ക്കുകയായിരുന്നു ശിഷ്യന്‍!

തിരികെ പോകുമ്പോള്‍ ശിഷ്യന്‍ ചോദിച്ചു.

"അല്ല വൈദ്യരേ, അയാള്‍ അധികം ആപ്പിള്‍ കഴിച്ചതാണെന്ന് അങ്ങേയ്ക്കെങ്ങനെ മനസ്സിലായി?"

"അത് നിസ്സാരമല്ലേ? ഒരു വൈദ്യര്‍ ചുറ്റുപാടുകള്‍ നന്നായി നിരീക്ഷിക്കണം. അയാളുടെ കട്ടിലിനടിയില്‍  ആപ്പിളിന്‍റെ തൊലിയും കുരുവും കുറെ കിടക്കുന്നുണ്ടായിരുന്നു. അതാണ് ഞാന്‍ അങ്ങിനെ ചോദിച്ചത്. വയര്‍ വേദന് അധികവും കഴിച്ച ഭക്ഷണത്തിന്‍റെ കാരണമായിരിക്കും" വൈദ്യര്‍ വിശദീകരിച്ചു.

നല്ല വൈദ്യരാകാനുള്ള രഹസ്യം പിടികിട്ടിയ ശിഷ്യന് താനും നല്ലയൊരു വൈദ്യനാകുമെന്ന് ഉറപ്പായി.

അങ്ങിനെയിരിക്കെ ഒരു ദിവസം നമ്മുടെ ശിഷ്യന്‍ വൈദ്യരുടെ വീട്ടില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്നു. പുറത്തെവിടെയോ പോയ വൈദ്യര്‍ തിരിച്ചെത്തിയിട്ടുണ്ടായിരുന്നില്ല.

അപ്പോഴാണ് കുറച്ച് പേര്‍ വൈദ്യരെത്തേടിയെത്തിയത്. സ്ഥലത്തെ ഒരു പ്രമാണിക്ക് സുഖമില്ലാതെ വൈദ്യരെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നതായിരുന്നു അവര്‍.

"വൈദ്യര്‍ സ്ഥലത്തില്ലല്ലോ. വരാന്‍ കുറച്ച് വൈകും. ആകട്ടെ, എന്താണ് അസുഖം?" ശിഷ്യന്‍ ചോദിച്ചു.

"മുതലാളിക്ക് കടുത്ത വയറ് വേദന" ഒരാള്‍ പറഞ്ഞു.

"അത്രേയുള്ളോ? നിങ്ങള്‍ വിഷമിക്കേണ്ട. ഞാന്‍ വൈദ്യരുടെ ശിഷ്യനാണ്. പ്രത്യേകിച്ച് വയറ് വേദനയ്ക്കുള്ള ചികിത്സയില്‍ ഞാന്‍ വിദഗ്ധനാണ്" ശിഷ്യന്‍ അഭിമാനത്തോടെ പറഞ്ഞു.

വന്നവര്‍ക്ക് ആശ്വാസമായി. അവര്‍ ശിഷ്യനേയും കൊണ്ട് രോഗിയുടെ അടുത്തേയ്ക്ക് പുറപ്പെട്ടു.

രോഗിയുടേ അടുത്തെത്തിയതും ശിഷ്യന്‍ നോക്കിയത് രോഗി കിടക്കുന്ന കട്ടിലിനടിയിലേയ്ക്കാണ്. അവിടെ കിടക്കുന്ന പലതരം ചെരിപ്പുകള്‍ കണ്ടതും ശിഷ്യന് കാര്യം പിടികിട്ടി.

അയാള്‍ രോഗിയോട് ചോദിച്ചു.

"ഇത് പേടിക്കാനൊന്നുമില്ല. ഇന്ന് രാവിലെ കുറെയധികം ചെരിപ്പ് തിന്നുവല്ലേ? അത് കൊണ്ടുണ്ടായ വയറ് വേദനയാണ്"

രോഗിയുടെ ബന്ധുക്കള്‍ ശിഷ്യനെ വേണ്ടവിധം "സത്കരിച്ചാണ്" വിട്ടതെന്ന് പറയേണ്ടതില്ലല്ലോ? എന്തായാലും തനിക്ക് പറ്റിയ പണിയല്ല വൈദ്യമെന്ന് അന്ന് കിട്ടിയ "പണി" കൊണ്ട് മനസ്സിലായ ശിഷ്യന്‍ വൈദ്യരെ വിട്ട് വേറെ പണിയന്വേഷിച്ച് പോയി.

Post a Comment

0 Comments