തെനാലിരാമന്‍റെ കുതിര


കൃഷ്ണദേവരായര്‍ക്ക് ഒരു കുതിരയുണ്ടായിരുന്നു. അസാമാന്യമായ അഭ്യാസപ്രകടനങ്ങള്‍ കാണിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഒരു കുതിര. കുതിരയുടെ കഴിവുകള്‍ കണ്ട് ആളുകള്‍ ആ കുതിരയെ പറ്റി പറഞ്ഞു കൊണ്ടേയിരുന്നു. രാജാവിനാണെങ്കില്‍ എപ്പോഴും ഈ കുതിരയുടെ കഴിവുകള്‍ പാടിപ്പുകഴ്ത്താനേ നേരമുണ്ടായിരുന്നുള്ളൂ.

തെനാലിരാമനും ഉണ്ടായിരുന്നു ഒരു കുതിര. എല്ലുന്തി യാതൊരു ആരോഗ്യവുമില്ലാത്ത ഒരു ചാവാലിക്കുതിര! 


ഒരു ദിവസം രാജാവ് തന്‍റെ കുതിരയുമായി നദിക്കരയില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയായിരുന്നു. തന്‍റെ ചാവാലിക്കുതിരപ്പുറത്ത് അവിടെയെത്തിയ രാമന്‍ രാജാവിനോട് പറഞ്ഞു.

"പ്രഭോ, അങ്ങയുടെ കുതിര വലിയ അഭ്യാസി തന്നെ, സമ്മതിച്ചു. പക്ഷേ, എന്‍റെ ഈ കുതിരയ്ക്ക് കാണിക്കാന്‍ കഴിയുന്ന അഭ്യാസം അങ്ങയുടെ കുതിരയ്ക്ക് കാണിക്കാന്‍ കഴിയുകയില്ല!"

രാജാവിന് രാമന്‍റെ വാക്കുകള്‍ ഇഷ്ടപ്പെട്ടില്ല. തന്‍റെ കുതിരയ്ക്ക് കഴിയാത്ത അഭ്യാസം കാണിച്ചാല്‍ രാമന് ആയിരം പൊന്‍പണം സമ്മാനമായി നല്‍കാമെന്ന് രാജാവ് പ്രഖ്യാപിച്ചു.

രാമന്‍ എന്തിനും തയ്യാറായി തന്‍റെ കുതിരപ്പുറത്ത് കയറി പാലത്തിനു മുകളില്‍ എത്തി. എന്നിട്ട്, തന്‍റെ കുതിരയെ തള്ളി താഴെ നദിയിലേയ്ക്കിട്ടു. 

പാവം കുതിര. തീരെ ദുര്‍ബ്ബലനായ ആ കുതിര മരണവെപ്രാളത്തോടെ കുറെ നേരം വെള്ളത്തില്‍ കാലിട്ടടിച്ച് ഒടുവില്‍ മുങ്ങിച്ചത്തു.

രാമന്‍റെ പ്രവൃത്തി രാജാവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. കുപിതനായ അദ്ദേഹം രാമനോട് ചോദിച്ചു.

"എന്ത് ദുഷ്ടതയാണ് രാമന്‍ കാണിച്ചത്?"

"ഞാന്‍ ചെയ്തത് ക്രൂരതയാകാം. പക്ഷേ എന്‍റെ കുതിര വെള്ളത്തിലിപ്പൊള്‍ കാണിച്ച അഭ്യാസങ്ങള്‍ കാണിക്കാന്‍ അങ്ങയുടെ കുതിരക്ക് സാധിക്കുമോ?" രാമന്‍ തിരിച്ച് ചോദിച്ചു.

തന്‍റെ കുതിരയ്ക്ക് അങ്ങിനെ ചെയ്യാന്‍ സാധിക്കില്ലെന്ന് സമ്മതിച്ച രാജാവ് രാമന്‍ കരാര്‍ പ്രകാരമുള്ള ആയിരം പൊന്പണം സമ്മാനമായി നല്‍കി. 

"മഹാരാജന്‍, ഞാന്‍ ചെയ്തത് അങ്ങേയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നറിയാം. പക്ഷെ ആ കുതിര ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത ഒന്നായിരുന്നു. അത് കൊണ്ട് അതിന്‍റെ മരണം ഒരു നഷ്ടമല്ല, മറിച്ച് ലാഭമാണ്"

Post a Comment

0 Comments