രാജാവാകാനുള്ള യോഗ്യത! - ഹോജാക്കഥ


ഒരു ദിവസം  രാജാവുമായി നര്‍മ്മസല്ലാപത്തിലായിരുന്നു ഹോജ. സംസാരമദ്ധ്യേ രാജാവ് പറഞ്ഞു.

"ലോകത്ത് ആഗ്രഹങ്ങളില്ലാത്ത മനുഷ്യരില്ല. എല്ലാ മനുഷ്യനും എന്തെങ്കിലും ആഗ്രഹങ്ങളുണ്ടായിരിക്കും"

"അത് ശരിയാണ് പ്രഭോ!" ഹോജ പറഞ്ഞു.

രാജാവ് തുടര്‍ന്നു: "പക്ഷേ ആ ആഗ്രഹം എത്ര തീവ്രമാണ് എന്നതിനെ അനുസരിച്ചിരിക്കും അവന്‍റെ ആഗ്രഹം നടപ്പിലാകുമോ എന്നത്. അത്യധികം ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാന്‍ ആരും കഠിനമായി പരിശ്രമിക്കും. കഠിന പരിശ്രമത്തിലൂടെ നേടിയെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ല. ഏതൊരു മനുഷ്യന്‍റെ വിജയത്തിനും എന്തെങ്കിലും നേടാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരിക്കും" 

"അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്. അടങ്ങാത്ത ആഗ്രഹമുള്ള ഒരാള്‍ക്ക് നേടാന്‍ പറ്റാത്തതായി ഒന്നുമില്ല!" ഹോജ പറഞ്ഞു.

"അതിരിക്കട്ടേ, എന്താണ് ഹോജയുടെ ആഗ്രഹം?" രാജാവ് ചോദിച്ചു

"അതോ, എന്‍റെ ഏറ്റവും വലിയ ആഗ്രഹം ഒരു രാജാവാകാണം എന്നതാണ്!" ഹോജ മറുപടി പറഞ്ഞു.

"ഹ! ഹ! ഹ! അത് കൊള്ളാം! രാജാവാകണമെന്നൊ? തനിക്കെന്താ ഹോജാ ഭ്രാന്തുണ്ടൊ?" രാജാവ് പൊട്ടിച്ചിരിച്ച് കൊണ്ട് ചോദിച്ചു.

"അങ്ങിനെയാണൊ പ്രഭൊ? ഭ്രാന്തുണ്ടാകുന്നതു രാജാവാകാനുള്ള യോഗ്യതയാണോ? ഞാനറിഞ്ഞില്ല!" ഹോജ ഉടനെ കൊടുത്തു രാജാവിന്‍റെ വായടപ്പിച്ച ഉഗ്രന്‍ മറുപടി!

കൂടുതല്‍ ഹോജാ കഥകള്‍

Post a Comment

0 Comments