പകരത്തിന് പകരം - ഹോജാക്കഥ


ഒരു ദിവസം വീടിന്‍റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു ഹോജ. അപ്പോഴാണ് ഒരാള്‍ അദ്ദേഹത്തെക്കാണാന്‍ വീടിന് മുന്നിലെത്തിയത്.

"ഹോജാ! താങ്കള്‍ വേഗമൊന്ന് താഴേയ്ക്കിറങ്ങി വരൂ. എനിക്ക് താങ്കളോട് ഒരത്യാവശ്യ കാര്യം പറയാനുണ്ട്" അയാള്‍ വിളിച്ച് പറഞ്ഞു.

ഹോജ വേഗം തന്നെ മട്ടുപ്പാവില്‍ നിന്നും താഴെയിറങ്ങി അയാളുടെ അടുത്ത് ചെന്നു ചോദിച്ചു.

"പറയൂ സുഹൃത്തേ, എന്താണ് കാര്യം?"

"നിങ്ങളുടെ പശു ഇന്ന് എന്‍റെ പാടത്തിറങ്ങി എന്‍റെ വിളയെല്ലാം നശിപ്പിച്ചു കളഞ്ഞു. അതിനെ ഞാന്‍ പിടിച്ച് എന്‍റെ തൊഴുത്തില്‍ കെട്ടിയിട്ടിട്ടുണ്ട്. എന്‍റെ നാശത്തിന് നഷ്ടപരിഹാരം തരാതെ അതിനെ തിരിച്ച് തരുന്ന പ്രശ്നമില്ല" അയാള്‍ പറഞ്ഞു.

"അതെന്‍റെ പഴുവാണെന്ന് നിങ്ങളോടാരാണ് പറഞ്ഞത്?" ഹോജ ചോദിച്ചു.

"പിന്നില്ലാതെ? നിങ്ങളുടെ പശുവിനെ എനിക്കറിയില്ലേ? തവിട്ടും കറുപ്പും കലര്‍ന്ന നിറമുള്ള തീരെ ചെറിയ കൊമ്പുള്ള പശു നിങ്ങളുടേതല്ലേ?" വന്നയാള്‍ ചോദിച്ചു.

"ഓ! അങ്ങിനെയാണോ? താങ്കള്‍ എന്‍റെ കൂടെ മട്ടുപ്പാവിലേയ്ക്ക് വരിക. നമുക്കവിടെ ചെന്ന് സംസാരിക്കാം" ഹോജ അയാളെയും വിളിച്ച് മട്ടുപ്പാവിലേയ്ക്ക് കയറി.

മുകളിലെത്തിയ ഉടനെ ഹോജ പറഞ്ഞു.

"സുഹൃത്തേ, നിങ്ങള്‍ പറഞ്ഞ തവിട്ടും കറുപ്പും കലര്‍ന്ന നിറമുള്ള തീരെ ചെറിയ കൊമ്പുള്ള പശു എന്‍റേതല്ല. എനിക്കങ്ങനെയൊരു പശുവില്ല!"

പരാതിയുമായി വന്നയാള്‍ക്ക് കടുത്ത ദേഷ്യം വന്നു. അയാള്‍ കോപത്തോടെ ചോദിച്ചു.

"ഇത് പറയാനാണോ നിങ്ങളെന്നെ ഇതിന് മുകളിലേയ്ക്ക് വിളിച്ച് കയറ്റിയത്? ഇത് നിങ്ങള്‍ക്ക് താഴെ വെച്ച് തന്നെ പറയാമായിരുന്നില്ലേ?"

"അത് ശരി. പശു ആരുടേതാണെന്ന് ഉറപ്പാക്കാതെ ഇങ്ങിനെയൊരു പരാതി പറയാന്‍ നിങ്ങളെന്നെ താഴേയ്ക്ക് വിളിച്ച് വരുത്തിയതല്ലേ? അപ്പോള്‍ പിന്നെ അതിന് പകരമായി നിങ്ങളെ ഞാന്‍ മുകളിലേയ്ക്ക് വരുത്തി പറഞ്ഞതില്‍ എന്താണ് തെറ്റ്?" ശാന്തനായി ഒരു ചിരിയോടെ ഹോജ തിരിച്ചു ചോദിച്ചു.

പരാതിക്കാരന് അതിനൊരു മറുപടിയില്ലായിരുന്നു. ഒന്നും പറയാതെ അയാള്‍ തിരികെപ്പോയി.

Post a Comment

0 Comments