പാണ്ഡവരുടെയും കൌരവരുടെയും ഗുരുനാഥനായ ദ്രോണർ ഒരിയ്ക്കല്‍ തന്‍റെ ശിഷ്യന്മാരുടെ അസ്ത്രപാടവം പരീക്ഷിക്കാന്‍ തീരുമാനിച്ചു.
അതിനായി അദ്ദേഹം വലിയൊരു മരത്തിന്‍റെ ഉയര്‍ന്ന ഒരു കൊമ്പില്‍ ഒരു കൃത്രിമപക്ഷിയെ ഉറപ്പിച്ചു. എന്നിട്ട് തന്‍റെ ശിഷ്യന്മാരെയെല്ലാം വിളിച്ചു കൂട്ടി പറഞ്ഞു.
"നിങ്ങളുടെ അസ്ത്രപാടവം തെളിയിക്കുന്നതിനുള്ള ഒരു മത്സര്‍മാണിത്. ആ കാണുന്ന പക്ഷിയുടെ കണ്ണില്‍ അമ്പെയ്ത് അതിനെ താഴെ വീഴ്ത്തുന്നവനാണ് കേമന്‍!"
ശിഷ്യരെല്ലാം മത്സരത്തിന് തയ്യാറായി നിന്നു. ആദ്യം ദ്രോണര്‍ വിളിച്ചത് പാണ്ഡവരില്‍ മൂത്തവനായ ധര്‍മ്മപുത്രരെയാണ്. വില്ല് കുലച്ച് ലക്ഷ്യത്തിലേയ്ക്ക് ഉന്നം നോക്കുന്ന ധര്‍മ്മപുത്രരോടായി ദ്രോണര്‍ ചോദിച്ചു.
"നീ എന്താണ് കാണുന്നത്?"
"വൃക്ഷത്തിലിരിക്കുന്ന പക്ഷിയേയും, വൃക്ഷത്തെയും, അങ്ങയെയും മറ്റ് ശിഷ്യന്മാരെയും എനിക്ക് കാണാം" ധര്‍മ്മപുത്രര്‍ മറുപടി പറഞ്ഞു.
"ശരി. നീ മാറി നില്‍ക്കൂ!" ദ്രോണര്‍ ധര്‍മ്മപുത്രരെ അമ്പെയ്യാന്‍ അനുവദിക്കാതെ മാറ്റി നിര്‍ത്തി.
തുടര്‍ന്ന് ശിഷ്യര്‍ ഓരോരുത്തരായി മാറി മാറി വന്നു. എല്ലാവരോടും ദ്രോണര്‍ ധര്‍മ്മപുത്രരൊട് ചോദിച്ച അതേ ചോദ്യമാണ് ഉന്നയിച്ചത്. ചിലര്‍ എല്ലാം കാണുന്നുവെന്ന് പറഞ്ഞു. മറ്റ് ചിലരാകട്ടെ, തങ്ങള്‍ കിളിയെ മാത്രമെ കാണുനന്നുള്ളൂ എന്ന് പറഞ്ഞു. എല്ലാവരെയും ദ്രോണര്‍ മാറ്റി നിര്‍ത്തി.
ഏറ്റവും ഒടുവിലാണ് അദ്ദേഹം പ്രിയ ശിഷ്യനായ അര്‍ജുനനെ വിളിച്ചത്. ലക്ഷ്യം ഭേദിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന അര്‍ജുനനോട് ദ്രോണര്‍ ചോദിച്ചു.
"നീ നിന്‍റെ ചുറ്റും നില്‍ക്കുന്ന ഞങ്ങളെ കാണുന്നുണ്ടൊ?"
അര്‍ജുനന്‍ പറഞ്ഞു. "ഇല്ല ഗുരോ, ഞാനാരെയും കാണുന്നില്ല"
"നീ ആ വൃക്ഷം കാണുന്നുണ്ടൊ?" ദ്രോണര്‍ ചോദിച്ചു.
"ഇല്ല ഗുരോ, വൃക്ഷം ഞാന്‍ കാണുന്നില്ല"അര്‍ജുനന്‍ മറുപടി നല്‍കി.
""ആ വൃക്ഷത്തിലിരിക്കുന്ന പക്ഷിയെ നീ കാണുന്നുണ്ടായിക്കുമല്ലോ?" ദ്രോണര്‍ വീണ്ടും ചോദിച്ചു.
"ഇല്ല ഗുരോ, ഞാന്‍ പക്ഷിയെയും കാണുന്നില്ല"അര്‍ജുനന്‍ മറുപടി നല്‍കി.
"എങ്കില്‍ പിന്നെ നീയെന്താണ് കാണുന്നത്?" ദ്രോണര്‍ വീണ്ടും ചോദിച്ചു.
"ഞാന്‍ എനിക്ക് അമ്പെയ്ത് കൊള്ളിക്കേണ്ട ആ പക്ഷിയുടെ കണ്ണ് മാത്രം കാണുന്നു" അര്‍ജുനന്‍ വിനയപൂര്‍വ്വം മറുപടി നല്‍കി.
അത് കേട്ടതും ദ്രോണര്‍ അര്‍ജുനന് അമ്പെയ്യാനുള്ള അനുവാദം നല്‍കി. ധനുര്‍വിദ്യയില്‍ അഗ്രഗണ്യനായ് അര്‍ജുനന്‍ നിമിഷനേരം കൊണ്ട് ആ കൃത്രിമപക്ഷിയുടെ കണ്ണില്‍ കൃത്യമായി അമ്പെയ്ത് അതിനെ താഴെ വീഴ്തി.
കണ്ണും മനസ്സും നേടേണ്ട ലക്ഷ്യത്തിലര്‍പ്പിച്ച് ശ്രമിക്കുന്നവനേ ലക്ഷ്യം നേടാനാകൂ എന്ന പാഠമായിരുന്ന് ദ്രോണര്‍ ഈ മത്സരത്തിലൂടെ ശിഷ്യരെ പഠിപ്പിച്ചത്.
0 Comments