കനത്ത മഞ്ഞുപെയ്യുന്ന ഒരു തണുപ്പ് കാലത്ത് വടക്കന്‍ വെര്‍ജീനിയയിലെ ഒരു നദിക്കരയില്‍ അക്കരെ കടക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ലാതെ നില്‍ക്കുകയായിരുന്നു ആ വൃദ്ധന്‍. നദിയില്‍ വെള്ളം കുറവായിരുന്നെങ്കിലും പുഴയിലൂടെ നടന്ന് അക്കരെ കടക്കാന്‍ ആകാത്ത വണ്ണം തണുപ്പായിരുന്നു. സന്മനസ്സുള്ള ആരെങ്കിലും തന്നെ സഹായിക്കാന്‍ എത്തുമോ എന്ന കാത്തിരിപ്പിലായിരുന്നു അയാള്‍.
അപ്പോഴാണ് കുറെ കുതിരസവാരിക്കാര്‍ നദിയുടെ അടുത്തേയ്ക്ക് വരുന്നത് അയാള്‍ കണ്ടത്. തന്നെ കടന്ന് പോകുന്ന ഓരോ കുതിരസവാരിക്കാരനെയും അയാള്‍ പ്രതീക്ഷയോടെ നോക്കി. എന്നാല്‍ ആരോടും അയാള്‍ സഹായം അഭ്യര്‍ത്ഥിച്ചില്ല.
ഏറ്റവുമൊടുവിലത്തെ കുതിരസവാരിക്കാരന്‍ അടുത്തെത്തിയപ്പൊള്‍ അയാള്‍ വിനയപൂര്‍വ്വം ആ കുതിരക്കാരനോട് തന്നെ അക്കരെ എത്തിക്കാമോ എന്ന് ചോദിച്ചു.
ഉടനെ തന്നെ ആ കുതിരക്കാരന്‍ താഴെയിറങ്ങി ആ വൃദ്ധനെ തന്‍റെ കുതിരപ്പുറത്ത് കയറ്റി. എന്നിട്ട് ആ വൃദ്ധനെ നദിയുടെ അക്കരെയെത്തിക്കുക മാത്രമല്ല, മറിച്ച് അയാള്‍ക്ക് പോകേണ്ടിയിരുന്ന ഇടം വരെയെത്തിച്ച് കൊടുത്തു. അയാളെ കുതിരപ്പുറത്ത് നിന്നും ഇറങ്ങാന്‍ സഹായിക്കവേ ആ കുതിരക്കാരന്‍ ആ വൃദ്ധനോട് ചോദിച്ചു.
"എന്ത് കൊണ്ടാണ് താങ്കള്‍ എനിക്ക് മുന്‍പേ പോയ ആരോടും സഹായം ചോദിക്കാതിരുന്നത്?"
ഒരു ചെറുചിരിയോടെ ആ വൃദ്ധന്‍ പറഞ്ഞു.
"താങ്കള്‍ക്ക് മുന്‍പേ പോയ ആരുടെ കണ്ണിലും ഞാന്‍ അനുകമ്പയോ, സഹതാപമോ കണ്ടില്ല. അതു കൊണ്ട് അവരാരും എന്നെ സഹായിക്കാനുള്ള സന്മനസ്സ് കാണിക്കുമെന്ന് എനിക്ക് തോന്നിയില്ല. എന്നാല്‍ താങ്കളുടെ കണ്ണില്‍ ഞാന്‍ ആ അനുകമ്പയും സന്മനസ്സും കണ്ടു. എനിക്കുറപ്പുണ്ടായിരുന്നു താങ്കള്‍ എന്‍റെ അഭ്യര്‍ത്ഥന നിരസിക്കുകയില്ലെന്ന്!"
വൃദ്ധന്‍റെ മറുപടി കേട്ട ആ കുതിരക്കാരന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ട് തിരികെപ്പോയി.
ആ കുതിരക്കാരന്‍ ആരായിരുന്നുവെന്ന് കൂട്ടുകാര്‍ക്കറിയാമോ? അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന തോമസ് ജെഫേഴ്സണ്‍ ആയിരുന്നു ആ കുതിരക്കാരന്‍!
അമേരിക്കൻ ഐക്യനാടുകളുടെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു തോമസ് ജെഫേഴ്സൺ . അമേരിക്കയുടെ മുഖ്യസ്ഥാപകപിതാക്കളിൽ ഒരാളും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയുമായിരുന്നു അദ്ദേഹം.
0 Comments