ഹോജയുടെ ആവശ്യം!

 ഒരു ദിവസം രാജാവ് ഹോജയോട് ചോദിച്ചു.

"ഹോജാ, ദൈവം തമ്പുരാന്‍ തന്‍റെ ഒരു കയ്യില്‍ നിറയെ പണവും മറു കയ്യില്‍ നിറയെ നന്മയും വെച്ച് നീട്ടിയാല്‍ നിങ്ങള്‍ അതിലേതാണ് സ്വീകരിക്കുക"

"സംശയമെന്ത് തിരുമനസ്സെ, ഞാന്‍ തീര്‍ച്ചയായും പണമേ സ്വീകരിക്കുകയുള്ളൂ!" ഹോജ യാതൊരു മടിയും കൂടാതെ മറുപടി നല്‍കി.

"അത് കഷ്ടമായിപ്പോയി ഹോജാ. നിങ്ങള്‍ക്ക് പണത്തോട് ഇത്ര ആര്‍ത്തിയാണെന്ന് ഞാന്‍ കരുതിയില്ല. ഞാനാണെങ്കില്‍ നിശ്ചയമായും നന്മയേ എടുക്കുകയുള്ളൂ!" രാജാവ് പറഞ്ഞു.

അതിന് മറുപടിയായി ഹോജ ഇങ്ങിനെ പറഞ്ഞു.

"തിരുമേനീ, ഓരോരുത്തരും അവനവന് ഇല്ലാത്തതല്ലേ ആഗ്രഹിക്കൂ. എനിക്ക് പടച്ചവന്‍ നന്മ വാരിക്കോരി തന്നിട്ടുണ്ട്. പണമാണ് എനിക്കില്ലാത്തത്. അത് കൊണ്ട് ഞാന്‍ അതേ എടുക്കൂ!"

തനിക്ക് നന്മ തീരെയില്ലാത്തത് കൊണ്ടാണ് താന്‍ നന്മ എടുക്കുന്നത് എന്നാണ് ഹോജ പറയാതെ പറഞ്ഞത് എന്ന് മനസ്സിലായ രാജാവ് അതിന് മറുപടി പറയാതിരിക്കുന്നതാണ് എന്നറിഞ്ഞ് ഒന്നും പറഞ്ഞില്ല.

കൂടുതല്‍ ഹോജാ കഥകള്‍

Post a Comment

0 Comments