ഒരു ദിവസം രാത്രി ഹോജ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു. അതിനിടയിലാണ് പുറക് വശത്ത് നിന്നും ഒരു ശബ്ദം കേട്ടത്. ആരോ വാതില്‍ ബലമായി തുറക്കുന്നത് പോലെ!
ഒരു കള്ളന്‍ വീടിനകത്ത് കയറിയിട്ടുണ്ടെന്ന് മനസ്സിലായിട്ടും യാതൊരു കൂസലും കൂടാതെ ഹോജ കിടപ്പ് തുടര്‍ന്നു. അധിക സമയം കഴിഞ്ഞില്ല, കള്ളന്‍ ഹോജയുടെ കിടപ്പ് മുറിയിലെത്തി. അയാള്‍ ഇരുട്ടത്ത് മുറിയിലെ അലമാരയിലും, മേശവലിപ്പിലുമൊക്കെ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കാളൊ ഉണ്ടൊയെന്ന് തിരയാന്‍ തുടങ്ങി. ഇതെല്ലാം കണ്ട് കൊണ്ട് ഹോജ കുറച്ച് നേരം മിണ്ടാതെ കിടന്നു.
കള്ളന്‍ തന്‍റെ തിരച്ചില്‍ തുടരവേ, പെട്ടെന്ന് എഴുന്നേറ്റ് ഹോജ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. ഹോജയുടെ പൊട്ടിച്ചിരി കേട്ട് പകച്ച് പോയ കള്ളന്‍ തിരിഞ്ഞ് ഹോജയോട് ചോദിച്ചു.
"ഇത്ര ചിരിക്കാനും മാത്രം ഇവിടെ എന്താണുള്ളത്?"
ചിരിയടക്കാന്‍ പാടുപെട്ട് കൊണ്ട് ഹോജ ഇങ്ങനെ മറുപടി പറഞ്ഞു.
"അല്ല സുഹൃത്തേ, ഇന്ന് പകല്‍ വെളിച്ചത്തില്‍ മുഴുവനും ഞാനീ വീട് മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും എനിക്ക് കിട്ടാതെ പോയ പണത്തിന് വേണ്ടിയാണല്ലോ താങ്കളീ പാതിരാ നേരത്ത് ഇരുട്ടത്ത് കിടന്ന് തപ്പുന്നത് എന്നോര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്ന് പോയി."
ഇത്ര ദരിദ്രവാസിയായ ഒരുത്തന്‍റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറാന്‍ തോന്നിയ നിമിഷത്തെ പഴിച്ച് കൊണ്ട് പാവം കള്ളന്‍ വേഗം സ്ഥലം വിട്ടു.
0 Comments