ജോർജ്ജ് ബര്‍ണാഡ് ഷാ - നര്‍മ്മ കഥകള്‍

Fast Facts about George Bernard Shaw's Life and Plays

 പ്രശസ്ത ഇംഗ്ളീഷ് നാടകകൃത്തും, സാഹിത്യകാരനുമായിരുന്നു ജോർജ്ജ് ബർണാർഡ് ഷാ.  നോബൽ സമ്മാനവും(1925) ഓസ്കാർ പുരസ്കാരവും(1938) നേടിയ രണ്ട് വ്യക്തികളില്‍ ഒരാളാണ് ബെർണാർഡ് ഷാ. (അമേരിക്കന്‍ ഗായകനും ഗാനരചയിതാവും  ആയ  ബോബ് ഡിലൻ ആണ് രണ്ടാമന്‍). അറുപതിലധികം നാടകങ്ങളും, ലക്ഷക്കണക്കിന് ലഘു പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട് ഷാ.

ബെർണാർഡ് ഷായുടെതായി നിരവധി നര്‍മ്മകഥകള്‍ പ്രചാരത്തിലുണ്ട്. അവയില്‍ ചിലതാണ് ഇത്തവണ.

ഒരിക്കല്‍ ഷാ ഒരു പ്രസംഗം ചെയ്യുന്നതിനായി ലിങ്കണ്‍ ഹാളിലേയ്ക്ക് പോകുകയായിരുന്നു. പോകുന്ന വഴിയില്‍ കണ്ട് ഒരു വ്യക്തിയോട് അദ്ദേഹം ലിങ്കണ്‍ ഹാളിലേയ്ക്കുള്ള വഴി ചോദിച്ചു.

"താങ്കള്‍ എന്തിനാണ് അങ്ങോട്ട് പോകുന്നത്?" അയാള്‍ ഷായോട് തിരക്കി.

"അവിടെയിന്ന് ജോർജ്ജ് ബർണാർഡ് ഷാ പ്രസംഗിക്കുന്നുണ്ട്!" ഷാ മറുപടി നല്‍കി

"അയ്യോ! താങ്കളെന്തിനാണ് ആ അറുബോറന്‍ ഷായുടെ പ്രസംഗം നടക്കുന്ന സ്ഥലത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നത്?" ഷാ ആരെന്ന് തിരിച്ചറിയാതിരുന്ന അയാള്‍ വീണ്ടും ചോദിച്ചു.

"എന്ത് ചെയ്യാനാണ് സുഹൃത്തെ, എനിക്ക് പോകാതിരിക്കാനാകില്ല. ഞാന്‍ എത്തിയില്ലെങ്കില്‍ ആ പ്രസംഗം നടക്കില്ല!" ഷാ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

"അതെന്താണ്? താങ്കള്‍ ആരാണ്" അയാള്‍ ആകാംക്ഷയോടെ ചോദിച്ചു.

"കാരണം, ഞാന്‍ തന്നെയാണ് താങ്കള്‍ പറഞ്ഞ ആ അറുബോറന്‍ ഷാ!" ചിരിച്ച് കൊണ്ട് ഷാ മറുപടി നല്‍കി



ഒരിയ്ക്കല്‍ പൊങ്ങച്ചക്കാരിയായ ഒരു സ്ത്രീ തന്നെക്കണ്ടാല്‍ എത്ര പ്രായം തോന്നിക്കുമെന്ന് ഷായോട് ചോദിച്ചു.

കുറച്ച് നേരം അവരെ നോക്കിയ ശേഷം ഷാ പറഞ്ഞു.

"ഭവതിയുടെ പല്ലുകള്‍ കണ്ടാല്‍ ഒരു പതിനെട്ട് വയസ്സ് മാത്രമേ തോന്നൂ, മുടിയാണെങ്കില്‍ ഒരു പത്തൊമ്പത് വയസ്സില്‍ കൂടുതല്‍ തോന്നുകയേയില്ല. പിന്നെ നിങ്ങളുടെ പെരുമാറ്റവും നടത്തവും ഒരു പതിനാലു വയസ്സുകാരിയുടേതാണ്."
 
ഷായുടെ മറുപടിയില്‍ സന്തുഷ്ടയായെങ്കിലും, അവര്‍ വിടാന്‍ തയ്യാറല്ലായിരുന്നു.

"എന്നാലും കൃത്യമായി ഒരു പ്രായം പറയൂ!" അവര്‍ ആവശ്യപ്പെട്ടു

"ഞാന്‍ പറഞ്ഞല്ലോ മാഡം! ആകെ നോക്കിയാല്‍ ഞാന്‍ മുന്പറഞ്ഞ എല്ലാം കൂടി കൂട്ടിയാല്‍ കിട്ടുന്നതാണ് ഭവതിയുടെ യഥാര്‍ത്ഥ പ്രായം!"
യാതൊരു ഭാവവ്യത്യാസവും കൂടാതെയായിരുന്ന് ഷായുടെ മറുപടി.


1925ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ജോർജ്ജ് ബർണാർഡ് ഷായ്ക്കായിരുന്നു. 

ഒരു പത്രലേഖകന്‍ അദ്ദേഹത്തോട് ചോദിച്ചു. 

"താങ്കള്‍ക്ക് ഈ പുരസ്കാരം ലഭിച്ചത് എന്ത് കൊണ്ടാണെന്നാണ് താങ്കളുടെ അഭിപ്രായം?"

"കഴിഞ്ഞ വര്‍ഷം ഞാനൊരു സാഹിത്യകൃതി പോലും എഴുതിയിട്ടില്ല. എന്നിട്ടും എനിക്ക് ഈ സമ്മാനം നല്‍കിയത് ഒരു പക്ഷേ ഞാന്‍ ഒന്നും എഴുതാതിരുന്നതിനുള്ള നന്ദി കാരണമായിരിക്കും!" ഷായുടെ രസകരമായ മറുപടി ഇങ്ങനെയായിരുന്നു.


ഒരു ചെയിന്‍ സ്മോക്കറായിരുന്ന ഷായോട് പുകവലി നിറുത്തുന്നതിനെക്കുറിച്ച് ഒരു സുഹൃത്ത് സംസാരിച്ചു. അതിനുള്ള ഷായുടെ മറുപടി:
"ഈ പുകവലി നിറുത്താന്‍ വളരെ എളുപ്പമാണ്. ഈ ഞാന്‍ തന്നെ ഒരു നൂറ് തവണയെങ്കിലും പുകവലി നിറുത്തിയിട്ടുണ്ട്!"

ഒരിയ്ക്കല്‍  സുന്ദരിയായ ഒരു നടി ഷായുടെ അടുത്തെത്തി തന്നെ വിവാഹം കഴിക്കണമെന്നഭ്യര്‍ത്ഥിച്ചു.

"എന്‍റെ സൌന്ദര്യവും താങ്കളുടെ ബുദ്ധിയും ചേര്‍ന്ന ഒരു കുട്ടിയുണ്ടായാല്‍ എത്ര നന്നായിരിക്കും എന്നൊന്നാലോചിച്ച് നോക്കൂ!" അവര്‍ പറഞ്ഞു.

"ഭവതിയുടെ ബുദ്ധിയും എന്‍റെ സൌന്ദര്യവും ചേര്‍ന്ന ഒരു കുട്ടിയാണ് ഉണ്ടകുന്നതെങ്കില്‍ എത്ര കഷ്ടമായിരിക്കും എന്നൊന്നാലോചിച്ച് നോക്കൂ!" വിവാഹാഭ്യര്‍ത്ഥന നിരസിച്ച് കൊണ്ടുള്ള ഷായുടെ മറുപടി ഇതായിരുന്നു.

Post a Comment

0 Comments