രാജ്യത്തെ ഏറ്റവും വലിയ വിഡ്ഢി! അക്ബര്‍ ബീര്‍ബല്‍ കഥ

Akbar Birbal@clipartmax.com
ഒരു ദിവസം അക്ബര്‍ ബീര്‍ബലിനെ വിളിച്ച് രാജ്യത്തെ മുഴുവന്‍ വിഡ്ഢികളുടെയും ഒരു പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. 

ചക്രവര്‍ത്തിയുടെ ഈ വിധ വിനോദങ്ങള്‍ നല്ല പരിചയമുള്ളത് കൊണ്ട് മറുത്തൊന്നും പറയാതെ ബീര്‍ബല്‍ ജോലി ഏറ്റെടുത്തു. പട്ടിക തയ്യാറാക്കാന്‍ ബീര്‍ബല്‍ രണ്ടു ദിവസത്തെ സമയം ആവശ്യപ്പെട്ടു.

അങ്ങിനെ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ബീര്‍ബല്‍ രാജ്യത്തെ വിഡ്ഢികളുടെ പട്ടികയുമായി രാജസന്നിധിയിലെത്തി. അക്ബര്‍ വളരെ ആകാംക്ഷയോടെ ആ പട്ടിക എടുത്ത് വായിക്കാന്‍ തുടങ്ങി.

അതില്‍ ആദ്യത്തെ പേര് തന്നെ തന്‍റേതാണെന്ന് കണ്ട ചക്രവര്‍ത്തി ക്ഷുഭിതനായി.
 
"എന്ത് വിഡ്ഢിത്തമാണിത് ബീര്‍ബല്‍? താങ്കളോട് രാജ്യത്തെ വിഡ്ഢികളുടെ പട്ടിക തയ്യാറാക്കാന്‍ പറഞ്ഞിട്ട് ഇതില്‍ ആദ്യത്തെ പേര് എന്‍റേതാണല്ലോ?" അക്ബര്‍ കോപാകുലനായി ചോദിച്ചു.

"ക്ഷമിക്കണം പ്രഭോ! പക്ഷേ അതിന് തക്കതായ കാരണമുണ്ട്!" ബീര്‍ബല്‍ കൂസലന്യെ മറുപടി നല്‍കി.

"എന്ത് കാരണം? ബീര്‍ബല്‍ നമ്മെ കളിയാക്കുകയാണൊ? അക്ബര്‍ ചോദിച്ചു.

"കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് നല്ല ഇനം കുതിരകളെ വാങ്ങാനായി അങ്ങ് ഒരു പരദേശിക്ക് മുന്‍കൂറായി പണം കൊടുത്തിരുന്നില്ലേ?" ബീര്‍ബല്‍ ചോദിച്ചു.

"ഉവ്വ്! അതിനെന്താണ്?" 

കുറേ ദിവസങ്ങള്‍ക്ക് മുന്പ് മുന്തിയ ഇനം കുതിരകളെ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് പരദേശിയായ ഒരു കച്ചവടക്കാരന്‍ കൊട്ടാരത്തിലെത്തിയിരുന്നു. നല്ല കുതിരകളെ സ്വന്തമാക്കാന്‍ താത്പര്യമുണ്ടായിരുന്ന് അക്ബര്‍ ചക്രവര്‍ത്തി അയാളുടെ വാക്കുകള്‍ കേട്ട് ഒരു സഞ്ചി സ്വര്‍ണ്ണനാണയം കുതിരയുടെ വിലയായി മുന്‍കൂര്‍ കൊടുക്കുകയും ചെയ്തിരുന്നു.

"അങ്ങ് ഒരു വിഡ്ഢിയല്ലായിരുന്നെങ്കില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു പരദേശിക്ക് കുതിരകള്‍ക്കുള്ള മുഴുവന്‍ തുകയും മുന്‍കൂറായി കൊടുക്കുമായിരുന്നോ? അയാളിപ്പോള്‍ പണവും വാങ്ങിപ്പോയിട്ട് എത്രയോ നാളുകളായി? ആ പണവും കൊണ്ട് അയാള്‍ മുങ്ങിയില്ലേ?" ബീര്‍ബല്‍ പറഞ്ഞു.

"അയാള്‍ മുങ്ങിയതാണെന്ന് ആര് പറഞ്ഞു. അയാള്‍ വേറെ എന്തെങ്കിലും കാരണം കൊണ്ട് വൈകിയതായിക്കൂടേ?" അക്ബര്‍ ചോദിച്ചു.

"അയാള്‍ അല്‍പ്പമെങ്കിലും ബുദ്ധിയുള്ളവനാണെങ്കില്‍ അയാള്‍ ആ വെറുതെ കിട്ടിയ പണം നഷ്ടപ്പെടുത്തുകയില്ല്.  അഥവാ ഇനി കുതിരകളെയും കൊണ്ട് അയാള്‍ വരികയാണെങ്കില്‍ അന്ന് അങ്ങയുടെ പേര് ഈ പട്ടികയില്‍ നിന്ന് വെട്ടി പകരം അയാളുടെ പേര് ചേര്‍ത്ത് കൊള്ളാം. അത് വരെ അങ്ങ് തന്നെയാണ് ഒന്നാം സ്ഥാനത്തിനര്‍ഹന്‍!' 

അക്ബര്‍ ചക്രവര്‍ത്തിക്ക് മറുപടിയില്ലായിരുന്നു. അപരിചിതനായ ഒരാളെ വിശ്വസിച്ച് പണം കൊടുത്തത് അബദ്ധമായിപ്പോയെന്ന് അദ്ദേഹത്തിനും ബൊധ്യപ്പെട്ടിരുന്നു.

Post a Comment

0 Comments